തമിഴ്‌നാട്ടിലെ ദേശീയ പാതകളിലുള്ള സൈന്‍ബോര്‍ഡുകളിലുള്ള ഇംഗ്ലീഷ് ഭാഷ മാറ്റി ഹിന്ദി ആക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പിന്‍വാതിലിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഡിഎംകെ ട്രഷററും ആക്ടിംഗ് പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി ഹിന്ദി വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ദേശീയപാതയില്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള നീക്കത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും തമിഴിന്റെ പ്രാധാന്യം കുറച്ചുകൊണ്ട് ഹിന്ദിക്ക് പ്രാമുഖ്യം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും സ്റ്റാലിന്‍ അറിയച്ചു.
കൃഷ്ണഗിരി, വെല്ലൂര്‍ ജില്ലകളില്‍ ദേശീയപാതയിലുള്ള സൂചനഫലകങ്ങളില്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ 1930 കളിലും 1960കളിലും വലിയ പ്രതിഷേധങ്ങള്‍ നടന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അന്നത്തെ മദ്രാസ് പ്രവിശ്യയില്‍, സി രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഹിന്ദി നിര്‍ബന്ധിത വിഷയമാക്കിയപ്പോഴാണ് 1937ല്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പെരിയോര്‍ ഇ വി രാമസ്വാമിയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസ് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു സമരം. ജസ്റ്റിസ് പാര്‍ട്ടിയാണ് പിന്നീട് ദ്രവിഡര്‍ കഴകമായി മാറിയത്. 1965ല്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ 1965ലും ഹിന്ദി വിരുദ്ധ സമരം നടന്നിരുന്നു.
Leave a Comment