X

സെന്‍കുമാറിന്റെ നിയമനം: സുപ്രീംകോടതി ഉത്തരവ് പിറ്റേ ദിവസം തന്നെ നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി

വിധി പരിശോധിച്ചശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ആശയക്കുഴപ്പവുമില്ല.

ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാജ്യത്ത് സുപ്രീംകോടതി വിധി അന്തിമമാണെന്ന് ഞാന്‍ ആദ്യമേ വ്യക്തമാക്കിയിട്ടുള്ളതാണ്. വിധി പരിശോധിച്ചശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ആശയക്കുഴപ്പവുമില്ല. കോടതി ഉത്തരവ് വന്ന് പിറ്റേ ദിവസം തന്നെ അത് നടപ്പാക്കാനാവില്ല. അങ്ങനെ പ്രതീക്ഷിച്ചവര്‍ക്ക് ഇക്കാര്യത്തില്‍ പ്രശ്‌നം തോന്നുന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

തനിക്ക് ഡിജിപി സ്ഥാനം തിരിച്ച് നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ടിപി സെന്‍കുമാര്‍ ശനിയാഴ്ച കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തങ്ങളുടെ ഉത്തരവ് നടപ്പാക്കാത്തതിന് സുപ്രീം കോടതി 1995ല്‍ കര്‍ണാടക നഗരവികസന സെക്രട്ടറി ജെ വാസുദേവനെ ഒരു മാസം വെറും തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസ് ചൂണ്ടിക്കാട്ടിയാണ് നളിനി നെറ്റോയ്ക്കെതിരെ സെന്‍കുമാര്‍ കടുത്ത നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

താന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാലും, നിയമവിരുദ്ധമായി തനിക്ക് നിഷേധിക്കപ്പെട്ട കാലാവധി കോടതി നീട്ടി നല്‍കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനേയും ചീഫ് സെക്രട്ടറിയിലൂടെ സംസ്ഥാന സര്‍ക്കാരിനേയും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയേയുമാണ് സെന്‍കുമാര്‍ എതിര്‍കക്ഷികളാക്കിയത്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ നളിനി നെറ്റോയാണ് എതിര്‍കക്ഷി.