X

അമേരിക്കയില്‍ ഉദ്ഘാടന യാത്രക്കിടെ ട്രെയിന്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു: മൂന്ന് മരണം

സിയാറ്റിലില്‍ നിന്ന് പോര്‍ട്ട്‌ലന്‍ഡിലേക്കുള്ള ഉദ്ഘാടനയാത്രയിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. 83 യാത്രക്കാരുണ്ടായിരുന്നു.

യുഎസില്‍ ആംട്രാക്ക് ട്രെയിന്‍ അപകടത്തില്‍ പെട്ട് മൂന്ന് മരണം. ഉദ്ഘാടന യാത്ര നടത്തിയ ട്രെയിന്‍ റെയില്‍വേ മേല്‍പാലത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 50 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ വാഷിങ്ടണിലെ പിയേഴ്‌സ് കൗണ്ടിയിലായിരുന്നു അപകടം. സിയാറ്റിലില്‍ നിന്ന് പോര്‍ട്ട്‌ലന്‍ഡിലേക്കുള്ള ഉദ്ഘാടനയാത്രയിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. 83 യാത്രക്കാരുണ്ടായിരുന്നു.

അപകടസമയത്ത് 80 കിലോമീറ്ററിലേറെ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിച്ചിരുന്നത്. ബോഗികള്‍ പാളം തെറ്റി. തിരക്കേറിയ ഹൈവേയിലേക്കാണ് ട്രെയിന്‍ പതിച്ചത്. രണ്ട് ട്രക്കുകള്‍ അടക്കം ഹൈവേയിലൂടെ പോവുകയായിരുന്ന ഏഴോളം വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. മരിച്ചവരെല്ലാം ട്രെയിന്‍ യാത്രക്കാരാണെന്നാണ് സൂചന. അപകടത്തെ തുടര്‍ന്ന് മേഖലയിലെ ആംട്രാക്ക് ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.