X

ദേശീയപാതാ അതോറിറ്റിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി: മദ്യശാലകള്‍ വീണ്ടും തുറക്കുന്നു

ഹൈക്കോടതി വിധി നടപ്പാക്കണമെന്ന നിയമോപദേശം അഡ്വക്കറ്റ് ജനറല്‍ നല്‍കിയിട്ടുണ്ട്.

സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം പാതകളുടെ ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ട് 2014-ല്‍ ദേശീയ പാതാ അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ബാര്‍ ഉടമകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ദേശീയപാതാ അതോറിറ്റിയുടെ വിജ്ഞാപനവും ഹൈക്കോടതി ഉത്തരവും ചൂണ്ടിക്കാട്ടിയുള്ള ബാര്‍ ഉടമകളുടെ അപേക്ഷയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഹൈക്കോടതി വിധി നടപ്പാക്കണമെന്ന നിയമോപദേശം അഡ്വക്കറ്റ് ജനറല്‍ നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിന് സ്റ്റേ ലഭിക്കുമോ എന്നറിയാനായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയെങ്കിലും വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല എന്ന നിയമോപദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതോടെ കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയോരത്തെ ബീര്‍-വൈന്‍ പാര്‍ലറുകളെല്ലാം തുറക്കുമെന്ന് ഉറപ്പായി. ഇത് പ്രകാരം കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള 40 ബാറുകള്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. കേന്ദ്രഭരണപ്രദേശമായ മാഹിയിലെ 32 ബാറുകളും ഇന്നും നാളെയുമായി തുറക്കും എന്ന് ബാറുടമകള്‍ അറിയിച്ചിട്ടുണ്ട്.

ഒറ്റയടിക്ക് 32 ബാറുകള്‍ പൂട്ടിപ്പോയത് മാഹിയിലെ മദ്യവ്യവസായത്തിന് വലിയ ക്ഷീണമായിരുന്നു. മാഹിയുടെ ഉള്‍പ്രദേശങ്ങളിലേക്ക് ബാറുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഉടമകള്‍ നീക്കം നടത്തിയെങ്കിലും ശക്തമായ ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് അത് പരാജയപ്പെട്ടിരുന്നു. ഇതിനിടയിലാണ് കേരള ഹൈക്കോടതിയില്‍ നിന്ന് ബാറുടമകള്‍ അനൂകൂലവിധി നേടിയത്. ഇത്ര പ്രധാനപ്പെട്ടൊരു വിജ്ഞാപനം ദേശീയപാതാ അതോറിറ്റിയില്‍ നിന്ന് വന്നിട്ടും ഇത്രകാലം അത് പുറത്തറിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ദേശീയപാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പ്പന ശാലകള്‍ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു സുപ്രീംകോടതി ഉത്തരവ്.

This post was last modified on May 31, 2017 1:27 pm