X

മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ്: ബില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം വരെ തടവാണ് കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ 'മുസ്ലിം വനിതാ സംരക്ഷണ - അവകാശ - വിവാഹ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

മുസ്ലീങ്ങള്‍ക്കിടയില്‍ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന സമ്പ്രദായം ശിക്ഷാര്‍ഹമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം വരെ തടവാണ് കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ ‘മുസ്ലിം വനിതാ സംരക്ഷണ – അവകാശ – വിവാഹ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ബില്ലിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇക്കാര്യത്തില്‍ ഡിസംബര്‍ പത്തിനകം അഭിപ്രായം അറിയിക്കാനായിരുന്നു നിര്‍ദേശം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന സമ്പ്രദായം നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് 22ന് വിധിച്ചിരുന്നു. കോടതിവിധികളുണ്ടെങ്കിലും അതിന് വിരുദ്ധമായ നടപടി തുടരുന്നുവെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ശ്രമിക്കുന്നത്. ഭരണഘടന ബെഞ്ചിന്റെ വിധിക്ക് ശേഷം ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടിയത് സംബന്ധിച്ച 66 കേസുകളുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ഉത്തര്‍പ്രദേശിലാണ്.

വാക്കാലോ രേഖാമൂലമോ, ഇ-മെയില്‍, എസ്എംഎസ്, വാട്സ് ആപ്പ് തുടങ്ങിയ സന്ദേശസംവിധാനങ്ങളിലൂടെയോ ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമാണെന്ന് ബില്‍ വ്യക്തമാക്കുന്നു. ബില്ലിലെ വ്യവസ്ഥയനുസരിച്ച്, ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവിതച്ചെലവ് ഉറപ്പാക്കുന്നതിനായി ഭര്‍ത്താവിനോട് നിര്‍ദേശിക്കാന്‍ മജിസ്ട്രേട്ടിന് അധികാരമുണ്ടാവും. വീടൊഴിയാന്‍ ഭാര്യയോട് ഭര്‍ത്താവ് ആവശ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്തുള്ളതാണ് ഈ വ്യവസ്ഥ. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്ന് ഭാര്യയ്ക്ക് കോടതിയോട് ആവശ്യപ്പെടുകയും ചെയ്യാം.

This post was last modified on December 15, 2017 4:43 pm