X

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ മോദിയുടെ പാകിസ്താന്‍ പരാമര്‍ശം: ആദ്യദിവസം തന്നെ സഭയില്‍ അടി

ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയെന്ന പരാമര്‍ശത്തിനെതിരെയാണ് പ്രതിപക്ഷം ബഹളം വച്ചത്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ പാകിസ്താന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തി ഗുജറാത്ത്‌ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തി എന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം നടത്തിയ ബഹളം രാജ്യസഭ നടപടികളെ ആദ്യദിനം തന്നെ തടസ്സപ്പെടുത്തി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ശരദ് യാദവ്, അലി അന്‍വര്‍ എന്നിവരെ രാജ്യസഭാ എംപി സ്ഥാനത്തുനിന്നും അയോഗ്യരാക്കിയതിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ശീതകാല സമ്മേളനം തുടങ്ങിയത്. ഗുജറാത്ത് പരാമര്‍ശങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്ക് സമ്മേളനം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ജെഡിയുവില്‍ നിന്നും പുറത്താക്കപ്പെട്ട ശരദ് യാദവ്, അലി അന്‍വര്‍ എന്നിവരെ അയോഗ്യരാക്കിയെന്ന് രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. നടപടി ഏകാധിപത്യപരമാണെന്ന് ആരോപിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് രണ്ട് തവണ സഭ നിര്‍ത്തിവച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എഐഎഡിഎംകെയും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് സിപിഎം എംപി കെ കെ രാഗേഷും ആവശ്യപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച അംഗങ്ങള്‍ക്ക് അനുശോചനം അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മുത്തലാഖിനെതിരായ നിയമ നിര്‍മ്മാണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ശീതകാല സമ്മേളനത്തില്‍ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും.

എക്‌സിറ്റ് പോള്‍ തള്ളി സഞ്ജീവ് ഭട്ട്: ഗുജറാത്തില്‍ കോണ്‍ഗ്രസ് 94 സീറ്റെങ്കിലും നേടി അധികാരത്തില്‍ വരും

This post was last modified on December 15, 2017 5:47 pm