X

കന്നുകാലി വില്‍പ്പന നിയന്ത്രണം: കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കില്ലെന്ന് ത്രിപുരയും

അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്റര്‍ പരിധിയില്‍ കാലിച്ചന്തകള്‍ പാടില്ലെന്നാണ് പറയുന്നത്. എന്നാല്‍ ത്രിപുരയില്‍ കന്നുകാലി മാര്‍ക്കറ്റുകളില്‍ പലതും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ താഴെ മാത്രം ദൂരെയാണ്.

കേരളത്തിന് പിന്നാലെ കന്നുകാലി വില്‍പ്പന നിയന്ത്രണ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് വ്യക്തമാക്കി ത്രിപുരയും. ജനങ്ങളുടെ താല്‍പര്യത്തിന് എതിരായ ഉത്തരവാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഞങ്ങള്‍ ഇത് നടപ്പാക്കില്ല – ത്രിപുര കൃഷി, മൃഗക്ഷേമ വകുപ്പ് മന്ത്രി അഘോരെ ദെബ്ബാര്‍മ വ്യക്തമാക്കി. ഞങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു ആശയവിനിമയം നടത്തിയിട്ടില്ല. ജനങ്ങളെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണിതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ദെബ്ബാര്‍മ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധറും രംഗത്തെത്തി. വലിയൊരു വിഭാഗം ജനങ്ങള്‍, കൂടുതലായും ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ കന്നുകാലികളുടെ തോലുമായി ബന്ധപ്പെട്ട വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. പ്രോട്ടീന്‍ ഭക്ഷണത്തിനായി കൂടുതല്‍ പേരും ആശ്രയിക്കുന്നതും ഇത്തരം മാംസങ്ങളാണ്. കര്‍ഷകര്‍ക്കും പുതിയ തീരുമാനം വലിയ ബുദ്ധിമുട്ടാകും. ഒരു ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥിതിയാണ് നമ്മുടേത്. സംസ്ഥാനങ്ങളോട് ആലോചിക്കാതെ ഇത്തരത്തില്‍ തീരുമാനങ്ങളെടുക്കാനാവില്ല.

ജനജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ, ബിജെപി സര്‍ക്കാര്‍ ഏകപക്ഷീയമായും വര്‍ഗീയ താല്‍പര്യങ്ങളോടെയുമാണ്‌ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത് – ബിജോയ് ധര്‍ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്റര്‍ പരിധിയില്‍ അറവുശാലകളോ കാലിച്ചന്തകളോ പാടില്ലെന്നാണ് പറയുന്നത്. എന്നാല്‍ ത്രിപുരയില്‍ കന്നുകാലി മാര്‍ക്കറ്റുകളില്‍ പലതും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ താഴെ മാത്രം ദൂരത്താണെന്നും ബിജോയ്‌ ധര്‍ ചൂണ്ടിക്കാട്ടി.

This post was last modified on May 31, 2017 11:57 am