ബോളിവുഡില്‍ താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറഞ്ഞതിനെ തുടര്‍ന്ന് വരുന്ന ഭീഷണികളില്‍ ഭയപ്പെടുന്നില്ലെന്ന് തനുശ്രീ ദത്ത. തന്നെ ഭീഷണിപ്പെടുത്താന്‍ കഴിയുന്നവരെക്കുറിച്ച് തനുശ്രീ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ചോക്കളേറ്റ് എന്ന ചിത്രത്തിന്റെ സെറ്റിലില്‍
വച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും തുണിയുരിഞ്ഞ് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടതായും തനുശ്രീ പറഞ്ഞിരുന്നു.
താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞപ്പോള്‍ ബോളിവുഡില്‍ ആരും തന്നെ പിന്തുണച്ചില്ലെന്നും ആരും പ്രതികരിച്ചില്ലെന്നും തനുശ്രീ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം വിവേക് അഗ്നിഹോത്രിയുടെ അതിക്രമത്തില്‍ നിന്ന് തന്നെ രക്ഷിച്ചതും പിന്തുണച്ചതും ഇര്‍ഫാന്‍ ഖാനും സുനില്‍ ഷെട്ടിയുമായിരുന്നെന്നും അവര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം തുടക്കത്തില്‍ തനുശ്രീയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാതിരുന്ന ബോളിവുഡ് താരങ്ങള്‍ പിന്തുണയുമായി എത്തിത്തുടങ്ങിയിട്ടുണ്ട്. ഫറാന്‍ അക്തര്‍, പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, സോനം കപൂര്‍, റിച്ച ഛദ്ദ, ട്വിങ്കിള്‍ ഖന്ന എന്നിവരെല്ലാം തനുശ്രീക്ക് പിന്തുണയുമായി എത്തിയിരുന്നു. തനുശ്രീയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതും ഇരകളുടെ ആരോപണങ്ങള്‍ തള്ളിക്കളയുന്നതും ശരിയല്ലെന്ന് ഫറാന്‍ അക്തര്‍ അഭിപ്രായപ്പെട്ടു.
അതേസമയം അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല എന്നാണ് അമിതാഭ് ബച്ചന്‍, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കിയിട്ട് പറയാമെന്നും സല്‍മാന്‍ ഖാന്‍ പ്രതികരിച്ചു. അതേസമയം തനുശ്രീയുടെ ആരോപണങ്ങളെ ശരിവയ്ക്കും വിധമാണ് മാധ്യമപ്രവര്‍ത്തക ജാനിസ് സെക്വീരയുടേയും തനുശ്രീ പീഡനം നേരിടേണ്ടി വന്നതായി പറയുന്ന സിനിമയുടെ അസി.ഡയറക്ടറായിരുന്ന ഷൈനി ഷെട്ടിയും പ്രതികരിച്ചിരിക്കുന്നത്. സംവിധായകന്‍ ഹന്‍സല്‍ മേത്ത, നടന്‍ വിനയ് പഥക് തുടങ്ങിയവരും ബോളിവുഡിലെ ലൈംഗികാതിക്രമങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
This post was last modified on September 29, 2018 3:32 pm
Leave a Comment