X

അഞ്ച് മുറികള്‍, കുക്ക്, നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍: ബംഗളൂരു ജയിലില്‍ ശശികല വിഐപി

നാല് ജയില്‍ മുറികളിലെ സ്ത്രീകളെ പുറത്തുവിട്ടാണ് ഇവ ശശികലയ്ക്ക് അധികമായി നല്‍കിയത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹായി ആയിരുന്ന വികെ ശശികലയ്ക്ക് ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട്. അഞ്ച് മുറികളും സ്വകാര്യ കുക്കും പ്രത്യേക അടുക്കളയും നിയന്ത്രണമില്ലാതെ സന്ദര്‍ശകരുമൊക്കെയാണ് ശശികലയ്ക്ക് ലഭിക്കുന്നതെന്ന് വിവരാവകാശപ്രകാരം പുറത്തുവന്ന വിവരം വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹമൂര്‍ത്തിയുടെ അപേക്ഷയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

ടിവി, വീട്ടിലുണ്ടാക്കിയ ഭക്ഷണം, നോണ്‍ വെജ് ഭക്ഷണം തുടങ്ങിയ ശശികലയുടെ ആവശ്യങ്ങള്‍ ആദ്യം ജയില്‍ അധികൃതര്‍ തള്ളിയിരുന്നു. നാല് ജയില്‍ മുറികളിലെ സ്ത്രീകളെ പുറത്തുവിട്ടാണ് ഇവ ശശികലയ്ക്ക് അധികമായി നല്‍കിയത്. ജയിലില്‍ ഭക്ഷണം സ്വകാര്യമായി പാകം ചെയ്യാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. ജയില്‍ ചുമതലയുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ ശശികലയ്ക്ക് ലഭിക്കുന്ന വിഐപി പരിഗണനയ്‌ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

രണ്ട് കോടി രൂപയോളം ശശികല ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി രൂപ ആരോപിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എച്ച്എന്‍ സത്യനാരായണ റാവു അടക്കം കൈക്കൂലി വാങ്ങിയതായി രൂപ ആരോപണമുന്നയിച്ചിരുന്നു. രൂപയെ ട്രാഫിക് സെക്ഷനിലേയ്ക്ക് മാറ്റുകയും റാവുവിനെ അവധിയില്‍ വിടുകയുമായിരുന്നു. ആരോപണങ്ങള്‍ അന്വേഷണിച്ച റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്‍ വിനയ് കുമാര്‍ രൂപയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ശരിവച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും ജയില്‍ രജിസ്റ്ററും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതേസമയം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞത് താന്‍ അങ്ങനെ കരുതുന്നില്ല എന്നാണ്.

This post was last modified on January 21, 2019 10:38 am