നുണക്കഥയുടെ പേരില്‍ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതില്‍നിന്നും ബോധപൂര്‍വ്വമായ കലാപശ്രമമുണ്ടെന്നത് വ്യക്തമാണെന്ന് വി എസ് അച്യുതാനന്ദൻ. “ശിവദാസന്‍ എന്നയാള്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോ, പോലീസ് അന്വേഷണമോ ഒന്നും വേണ്ട, കഥ തങ്ങള്‍ മെനഞ്ഞുകൊള്ളാമെന്ന മട്ടില്‍ സംഘപരിവാര്‍ നുണപ്രചരണം നടത്തുന്നത് നിഷ്‌കളങ്കതകൊണ്ടോ, ഭക്തികൊണ്ടോ അല്ല” വി എസ് പറഞ്ഞു. വി എസിന്റെ പ്രസ്താവന ന്യൂസ് 18 മലയാളം ആണ് റിപ്പോട്ട് ചെയ്തിരിക്കുന്നത്.
അതെ സമയം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാപകവും സംഘടിതവുമായി വ്യക്തിഹത്യ നടത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ കുപ്രചരണങ്ങള്‍ നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ തന്റേതല്ലാത്ത പ്രസ്താവനകള്‍ തന്റെ പേരും പടവും വച്ച് പ്രചരിപ്പിക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇത്തരം സാമൂഹ്യ ദ്രോഹികളെ നിലവിലുള്ള നിയമങ്ങളുടെ പിന്‍ബലത്തില്‍ത്തന്നെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്താന്‍ പോലീസ് തയാറാകണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
പത്തനംതിട്ടയിൽ കാണാതായ ശിവദാസൻ എന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ശബരിമലയിലെ നിലയ്ക്കലിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങൾക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബിജെപി മണിക്കൂറുകൾക്കകം പത്തനംതിട്ടയിൽ ഹർത്താൽ പ്രഖ്യാപിച്ചു. എന്നാൽ നിലയ്ക്കലിൽ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് ഇതിനോടകം പോലീസും മറ്റു സാഹചര്യ തെളിവുകളും പറയുന്നു. ബി ജെ പി നടത്തിയ ഹർത്താലിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
This post was last modified on November 5, 2018 8:02 am
Leave a Comment