X

ജയലളിതയെക്കുറിച്ച് ഞങ്ങള്‍ നുണ പറയുകയായിരുന്നു: തമിഴ്‌നാട് മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍

ജയലളിത ആശുപത്രിയില്‍ കഴിയവെ ഞങ്ങളാരും അവരെ കണ്ടിട്ടില്ല. ഞങ്ങള്‍ നുണ പറയാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു - ശ്രീനിവാസന്‍ പറഞ്ഞു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് തങ്ങള്‍ നുണ പറയുകയായിരുന്നു എന്ന് മന്ത്രി ഡിണ്ടിഗല്‍ സി ശ്രീനിവാസന്‍. ഇക്കാര്യത്തില്‍ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും ഡിണ്ടിഗല്‍ ശ്രീനിവാസന്‍ പറഞ്ഞു. ജയലളിത ആശുപത്രിയില്‍ കഴിയവെ ഞങ്ങളാരും അവരെ കണ്ടിട്ടില്ല. ഞങ്ങള്‍ നുണ പറയാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു – ശ്രീനിവാസന്‍ പറഞ്ഞു. ഒരു പാര്‍ട്ടി യോഗത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്. ശശികലയെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നാണ് അഭ്യൂഹം. വനം മന്ത്രിയാണ് ഡിണ്ടിഗല്‍ ശ്രീനിവാസന്‍.

ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അവര്‍ ആളുകളെ കണ്ടതിനെ പറ്റിയും ഇഡലിയും മറ്റും കഴിക്കുന്നുണ്ടെന്നുമെല്ലാം ഞങ്ങള്‍ പറഞ്ഞത് നുണയായിരുന്നു. ഞങ്ങളാരും ആശുപത്രിയില്‍ വത്ത് അവരെ കണ്ടിട്ടേ ഇല്ലെന്നതാണ് സത്യം. ജയലളിതയെ കാണാന്‍ തന്നെ അനുവദിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും നേരത്തെ പറഞ്ഞിരുന്നു. ജയലളിതയുടെ മരണത്തിലെ ദുരൂഹത സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്നാണ് പനീര്‍സെല്‍വം ആവശ്യപ്പെട്ടത്. ജയലളിതയ്ക്ക് വിഷം നല്‍കിയതാണെന്ന സംശയം പനീര്‍സെല്‍വം ഗ്രൂപ്പുകാര്‍ പങ്കുവച്ചിട്ടുണ്ട്. പനീര്‍സെല്‍വത്തിന് പിന്നാലെ മറ്റൊരു എഐഎഡിഎംകെ നേതാവ് പിഎച്ച് പാണ്ഡ്യനും ഇക്കാര്യം പറഞ്ഞിരുന്നു. ജയലളിതയുടേത് സ്വാഭാവിക മരണമെല്ലെന്നാണ് പാണ്ഡ്യന്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിക്കും അമിത് ഷായ്ക്കുമൊന്നും ജയലളിതയെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഹോസ്പിറ്റല്‍ മാനേജരെ മാത്രമാണ് ഇവര്‍ കണ്ടതെന്ന് ശ്രീനിവാസന്‍ പറയുന്നു. കഴിഞ്ഞ മാസം ജയലളിതയുടെ മരണം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി വ്യക്തമാക്കിയിരിക്കുന്നു.

This post was last modified on September 24, 2017 10:02 am

Related Post
Leave a Comment