X

വാട്‌സ് ആപ്പിനോട് പരാതി പറയാനുണ്ടോ? കോമള്‍ ലാഹിരിയോട് പറയൂ

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ, ‘കോമള്‍ ലാഹിരി’യുടെ ഇ-മെയിൽ വഴിയോ ഉപയോക്താക്കൾക്ക് പരാതിയും ആശങ്കകളും കമ്പനിയെ നേരിട്ട് അറിയിക്കാം.

വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നത് തടയണമെന്ന ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് വാട്സ്ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുവേണ്ടി ‘പരാതി പരിഹാര ഉദ്യോഗസ്ഥ’യെ (grievance officer) നിയമിച്ചു. കോമള്‍ ലാഹിരി എന്ന ഉദ്യോഗസ്ഥയെയാണ് നിയമിച്ചത്. വ്യാജവാര്‍ത്തകള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വരെ കാരണമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവശ്യം പരിഗണിച്ചുകൊണ്ട്, ഫേസ് ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയായ വാട്സ്ആപ്പ്, പുതിയ നീക്കം നടത്തിയിരിക്കുന്നത്.

ഈ നിയമനത്തിന്‍റെ ഭാഗമായി കമ്പനി അവരുടെ വെബ്സൈറ്റും പുതുക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ, ‘കോമള്‍ ലാഹിരി’യുടെ ഇ-മെയിൽ വഴിയോ ഉപയോക്താക്കൾക്ക് അവരുടെ പരാതിയും ആശങ്കകളും കമ്പനിയെ നേരിട്ട് അറിയിക്കാം. ലാഹിരിയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം അവർ നിലവില്‍ വാട്സ്ആപ്പിന്‍റെ ലോക്കൽ കസ്റ്റമർ ഓപ്പറേഷന്‍റെ ആഗോള ഡയറക്ടർ ആണ്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വാട്സ്ആപ്പ് ഔദ്യോഗിക വക്താക്കള്‍ ഇതുവരെ തയ്യാറായില്ല. ഓഗസ്റ്റ് അവസാനത്തോടെയാണ് വാട്സ്ആപ്പ് പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചത് എന്ന് ‘ഹിന്ദുസ്ഥാന്‍ ടൈംസ്‌’ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സ്ആപ്പ് വെബ്സൈറ്റിലുള്ള വിവരങ്ങള്‍പ്രകാരം ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ സഹായം ആവശ്യമുണ്ടെങ്കില്‍ അപ്ലിക്കേഷനിലുള്ള ‘സെറ്റിംഗ്സ്’ ടാബിൽ നിന്ന് നേരിട്ട് സപ്പോര്‍ട്ട് ടീമിനെ ബന്ധപ്പെടാവുന്നതാണ്. പരാതികള്‍ ‘പരാതി പരിഹാര ഉദ്യോഗസ്ഥ’യെ നേരിട്ട് അറിയിക്കുകയും ചെയ്യാം.

വാട്സ്ആപ്പിന്‍റെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയില്‍ കമ്പനിക്ക് 200 മില്ല്യണിലേറെ (20 കോടി) ഉപയോക്താക്കളാണുള്ളത്. ജൂലായില്‍ മെസേജ് ഫോര്‍വേഡിങ്ങിന് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ കമ്പനി കൊണ്ടുവന്നിരുന്നു. അടുത്തവർഷം ഇന്ത്യ പൊതു തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാന്‍ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുകയാണ്. വാട്സ്ആപ്പിലൂടെ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് ആവശ്യത്തിന് പരിശോധനകൾ നടത്തിയില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

This post was last modified on September 24, 2018 4:51 pm