X

ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ക്കെതിരെ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം

ബംഗളൂരുവിന് പുറമെ മൈസൂരു, മംഗളൂരു, കലബുറുഗി, ധാര്‍വാദ്, കോപ്പല്‍ തുടങ്ങിയ പ്രദേശങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തം. മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, വനിതാസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബംഗളൂരു ടൗണ്‍ഹാളിന് മുന്നില്‍ പ്ലക്കാഡുകള്‍ പിടിച്ച് മുദ്രാവാക്യങ്ങളില്ലാതെ മൗനമായിട്ടായിരുന്നു പ്രതിഷേധം. വ്യക്തികളെ കൊല്ലാം, പക്ഷെ ആശയങ്ങളെ ഇല്ലാതാക്കാനാവില്ല എന്ന് പ്ലക്കാഡുകളില്‍ എഴുതിവച്ചിരുന്നു. ഗൗരിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ നഗരത്തിലെ വിക്ടോറിയ ഹോസ്പിറ്റലിന്റെ പരിസരത്തും പ്ലക്കാഡുകളുമായി നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു.

ബംഗളൂരുവിന് പുറമെ മൈസൂരു, മംഗളൂരു, കലബുറുഗി, ധാര്‍വാദ്, കോപ്പല്‍ തുടങ്ങിയ പ്രദേശങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കൈകളില്‍ കറുത്ത റിബണുകള്‍ കെട്ടിയാണ് മൈസൂരുവിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എല്ലാം ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ച കേരള സന്ദര്‍ശനം അദ്ദേഹം മാറ്റിവച്ചു.

This post was last modified on September 6, 2017 3:54 pm