X

വനിതാ മതില്‍: യുവതീ പ്രവേശനം അജണ്ടയില്‍ ഇല്ലാത്ത കാര്യമെന്ന് വെള്ളാപ്പള്ളി

യുവതീ പ്രവേശന വിഷയത്തില്‍ തുടക്കം മുതലേ അനുകൂല നിലപാടെടുത്തിരുന്ന കെപിഎംഎസ് പുന്നല വിഭാഗമാണ് വനിതകളുടെ മതില്‍ തീര്‍ക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്നോട്ട് വച്ചതെന്നറിയുന്നു

ശബരിമലയിലെ യുവതീ പ്രവേശനം നവോത്ഥാന സംരക്ഷണ സമിതിയുടെ അജണ്ടയില്‍ ഇല്ലാത്ത കാര്യമാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ യുവതീ പ്രവേശനവുമായി നവോത്ഥാന വനിതാ മതിലിന് ബന്ധമില്ല. യുവതീ പ്രവേശനം സംബന്ധിച്ച എസ്എന്‍ഡിപിയുടെ നിലപാടുകള്‍ക്ക് മാറ്റമില്ലെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. നവോത്ഥാന സമരക്ഷണ സമിതി കണ്‍വീനറാണ് വെള്ളാപ്പള്ളി നടേശന്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന വനിതാ മതിലും ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധമുണ്ടോ എന്ന ആശയക്കുഴപ്പം തുടരുകയാണെന്ന സൂചനയാണ് സംഘടനാ നേതാക്കളില്‍ നിന്ന് ലഭിക്കുന്നത്.

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കരുതെന്ന പ്രഖ്യാപനവുമായാണ് ജനുവരി ഒന്നിന് നവോത്ഥാന വനിതാ മതില്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നവോത്ഥാന സംഘടനകളുടെ യോഗം തീരുമാനിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ഇതേച്ചൊല്ലിയുള്ള വിവാദങ്ങളും കൊഴുക്കുകയാണ്. ശബരിമല വിഷയത്തില്‍ ഉയര്‍ന്ന് വന്ന രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും സ്ത്രീകളുടെ നാമജപ പ്രതിഷേധങ്ങള്‍ക്കുമെതിരായി പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വനിതാ മതില്‍ പരിപാടി ആലോചിച്ചതെന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ശബരിമലയിലെ യുവതീ പ്രവേശനവുമായി വനിതാ മതിലിനെ കൂട്ടിക്കുഴക്കരുതെന്നാണ് സംഘാടക സമിതിയിലെ തന്നെ ഒരു പക്ഷം വാദിക്കുന്നത്.

ഇതിനിടെ ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി പി സുഗതന്‍ സംഘാടക സമിതിയില്‍ നിന്ന് ഒഴിയുകയാണെന്ന് അറിയിച്ചു. ഹിന്ദുപാര്‍ലമെന്റ് പരിപാടിയില്‍ പങ്കെടുക്കില്ല. ബ്രാഹ്മണ സഭയും എതിര്‍പ്പറിയിച്ച് പിന്‍മാറി. സമിതി ജോയന്റ് കൺവീനറായ സുഗതന്‍ യുവതീ പ്രവേശനത്തെ താന്‍ അനുകൂലിക്കുന്നില്ലെന്നും മതില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടല്ലെന്നുമാണ് പറഞ്ഞത്. തന്റെ പേര് നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് നീക്കണമെന്ന് ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും അറിയിച്ചു. വിഎസ്ഡിപിയും പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ 52 സംഘടനകള്‍ കൂടി പരിപാടിയില്‍ നിന്ന് പിന്‍മാറുമെന്ന കാര്യവും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.

എന്നാല്‍ സമിതി കണ്‍വീനറായ വെള്ളാപ്പള്ളി നടേശന്റെ നിലപാട് നിര്‍മായകമാവും. തെരുവില്‍ സമരത്തിനിറങ്ങുന്നില്ലെങ്കിലും ആചാരലംഘനത്തോട് തനിക്ക് യോജിപ്പില്ലെന്നും വിശ്വാസികള്‍ക്കൊപ്പമാണ് താനെന്നുമാണ് വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍ വനിതാ മതില്‍ ശബരിമലയിലെ സമരങ്ങള്‍ക്ക് ഒരു പ്രതിരോധമാണോ എന്ന ചര്‍ച്ചയുയര്‍ന്ന സാഹചര്യത്തില്‍ ഇതിനോട് എങ്ങനെ സമീപിക്കണമെന്ന സംശയവും വെള്ളാപ്പള്ളിക്കുണ്ട്. കൂടുതല്‍ പഠിച്ചതിന് ശേഷമേ അതിനോട് പ്രതികരിക്കാനാവൂ എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

യുവതീ പ്രവേശന വിഷയത്തില്‍ തുടക്കം മുതലേ അനുകൂല നിലപാടെടുത്തിരുന്ന കെപിഎംഎസ് പുന്നല വിഭാഗമാണ് വനിതകളുടെ മതില്‍ തീര്‍ക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്നോട്ട് വച്ചതെന്നറിയുന്നു. അന്ന് തന്നെ യോഗത്തില്‍ അതിനോട് പ്രതിഷേധമറിയിച്ചിരുന്ന സംഘടനാ പ്രതിനിധികളേയും സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

‘തന്ത്രികള്‍ പടിയിറങ്ങുക’; ശബരിമല ബ്രാഹ്മണ അധിനിവേശത്തിനെതിരെ വില്ലുവണ്ടിയാത്ര ഒരുങ്ങുന്നു

ശബരിമലയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍: ലോകസഭാ തിരഞ്ഞെടുപ്പ് വരെ എത്തിക്കേണ്ട ഈ ഓട്ടപ്പന്തയത്തില്‍ ആര് ജയിക്കും?

വനിതാ മതില്‍ പണിയാന്‍ വെമ്പുന്ന പുരുഷകേസരികള്‍ ഒന്നോര്‍ക്കണം, ആണുങ്ങള്‍ ഒറ്റയ്ക്ക് തെളിച്ചുകൊണ്ടുവന്നതല്ല കേരളത്തിന്റെ നവോത്ഥാനം