X

പൊടിക്കാറ്റിന്റെ ആക്രമണം വീണ്ടും; 41 മരണം; ഇന്നും ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം

അടുത്ത 48 മുതൽ 72 വരെയുള്ള മണിക്കൂറുകളിൽ ഉത്തരേന്ത്യയിൽ വീണ്ടും പൊടിക്കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഉത്തരേന്ത്യന്‍ നാടുകളിൽ കഴിഞ്ഞദിവസം മുതൽ വീണ്ടും ശക്തമായിത്തീർന്ന പൊടിക്കാറ്റിൽ 41 പേർ മരിച്ചു. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ആന്ധ്ര പ്രദേശ്, ദില്ലി എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് ആഞ്ഞടിച്ചത്. വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട്.

കടുത്ത മഴയുടെയും മിന്നലിന്റെയും അകമ്പടിയോടെയാണ് പൊടിക്കാറ്റ് എത്തിയത്. ഉത്തർപ്രദേശിലാണ് കൂടുതലാളുകൾ മരിച്ചത്. 18 പേർ. ആന്ധ്രയിൽ എട്ടുപേരും തെലങ്കാനയിൽ 3 പേരും പൊടിക്കാറ്റിൽ പെട്ട് മരിച്ചു. പശ്ചിമബംഗാളിൽ 9 പേരാണ് മരിച്ചത്. ദില്ലി തലസ്ഥാനമേഖലയിൽ 5 പേര്‍ മരിച്ചു. അടുത്ത 48 മുതൽ 72 വരെയുള്ള മണിക്കൂറുകളിൽ ഉത്തരേന്ത്യയിൽ വീണ്ടും പൊടിക്കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഉത്തരേന്ത്യയിലെ മലമ്പ്രദേശങ്ങളിൽ പാർക്കുന്നവർ ശ്രദ്ധ പാലിക്കണമെന്നാവശ്യപ്പെട്ട് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് കാറ്റഗറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മനുഷ്യജീവന് ആപത്ത് വരുത്താനിടയുള്ള കാലാവസ്ഥാ മാറ്റം ഉണ്ടാകുമെന്നതാണ് ഓറഞ്ച് കാറ്റഗറി മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാരമായി തടസ്സപ്പെട്ടിട്ടുണ്ട്. എഴുപതോളം ഫ്ലൈറ്റുകൾ വഴിതിരിച്ചുവിട്ടു. ദില്ലി മെട്രോ സർവ്വീസും ഏറെനേരത്തേക്ക് തടസ്സപ്പെടുകയുണ്ടായി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കാറ്റും മഴയും തുടങ്ങിയത്.