X

അടുത്ത 24 മണിക്കൂർ നിർണായകം; അതിശക്തമായ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കും

ലഭിക്കുന്ന മഴയിലുള്ള ഏറ്റക്കുറച്ചിലും പരിഗണിച്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച എല്ലാ മുന്നൊരുക്ക നിര്‍ദേശങ്ങളും തുടരാനും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

മിനിക്കോയി ദ്വീപിന് 730 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അതിശക്തമായ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽ‌കി. ഈ ന്യൂനമർദ്ദം 24 മണിക്കൂറിനകം ചുഴവിക്കാറ്റായി രൂപാന്തരപ്പെട്ടേക്കും. ഇത് ഒമാൻ തീരത്തേക്ക് നീങ്ങുമെന്നാണ് നിഗമനം.

സംസ്ഥാനത്ത് പ്രത്യേക കോർഡിനേഷൻ സെൽ പ്രവർത്തനമാരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ.

“ഐ.എം.ഡി ആദ്യത്തെ ചുഴലിക്കാറ്റ് ബുള്ളറ്റിൻ പുറപ്പെടുവിച്ചു. ഇതേതുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡി.എം.ഡി കെ.എസ്.ഡി.എം.എ., എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥർ എന്നിവരുമായി പ്രത്യേക കോർഡിനേഷൻ സെൽ ആരംഭിച്ചു. സെൽ രാത്രിയിലും സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കും.”

അതെസമയം ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് ആക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ ഒക്ടോബർ 6, 7 തീയതികളിൽ വയനാട്, മലപ്പുറം, പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒക്ടോബർ എട്ടിന് മലപ്പുറം, പാലക്കാട്‌, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയും പ്രവചിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിശക്തമായ മഴയുടെ പ്രവചനവും, ലഭിക്കുന്ന മഴയിലുള്ള ഏറ്റക്കുറച്ചിലും പരിഗണിച്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച എല്ലാ മുന്നൊരുക്ക നിര്‍ദേശങ്ങളും തുടരാനും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് ഇന്ന് പുറപ്പെടുവിച്ച ചുഴലിക്കാറ്റ് ബുള്ളറ്റിനിലും ശക്തമായ മഴ ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

ഇതിനിടെ തുടർച്ചയായി രണ്ടാം തവണയും ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മധ്യഭാഗത്തുള്ള മൂന്നാം ഷട്ടർ 70 സെന്റി മീറ്റർ ഉയർത്തി. സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാൻ സാധ്യതയുണ്ടെന്ന നിലയിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ ഈ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.

This post was last modified on November 11, 2018 12:58 pm

Related Post
Leave a Comment