X

പൊലീസിനെതിരെ രൂക്ഷ പരാമർശവുമായി ഹൈക്കോടതി ദേവസ്വം ബഞ്ച്; എജി ഹാജരാകണമെന്ന് കോടതി

ഇന്നുച്ച തിരിഞ്ഞ് അഡ്വക്കറ്റ് ജനറൽ കോടതിയിൽ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.

ശബരിമലയിൽ സുപ്രീംകോടതി വിധിയുടെ മറവിൽ പൊലീസിന്റെ അതിക്രമം നടക്കുന്നുവെന്ന് കേരള ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ പരാമര്‍ശം. ഭക്തർക്കുനേരെ ആക്രമണം നടത്തിയെന്നതിന് തെളിവുകളില്ലെന്ന പൊലീസിന്റെ വാദത്തെ തള്ളുന്ന വിധത്തിലാണ് കോടതിയുടെ പരാമർശം വന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അതിക്രമത്തിന് ഇരയാകുന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. . ഇതിനൊന്നും തെളിവില്ലെന്നാണ് പൊലീസ് കോടതിയെ ബോധിപ്പിച്ചത്.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ പ്രവേശിപ്പിക്കണമെന്ന രീതിയിലും പരാമർശമുണ്ടായി. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ സർക്കാരിന് എന്തധികാരമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.

ശബരിമലയില്‍ സർക്കാര്‍ ഏർപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങൾക്കെതിരെ ദേവസ്വം ബഞ്ച് നേരത്തെയും രംഗത്തു വന്നിരുന്നു. മാധ്യമങ്ങളെ ശബരിമലയിലേക്ക് കടത്തിവിടുന്നില്ലെന്ന പരാതിയിൽ നവംബർ 17നാണ് സമാനമായ പരാമർശങ്ങൾ ദേവസ്വം ബഞ്ച് നടത്തിയത്. മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണെന്നായിരുന്നു ദേവസ്വം ബഞ്ചിന്റെ ചോദ്യം. എന്നാൽ ഇത്തരമൊരു വിലക്കില്ലെന്ന് സർക്കാർ വിശദീകരിക്കുകയുണ്ടായി.

ഇന്നുച്ച തിരിഞ്ഞ് അഡ്വക്കറ്റ് ജനറൽ കോടതിയിൽ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. സംഭവങ്ങളിൽ ഏജിയുടെ വിശദീകരണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.

This post was last modified on November 19, 2018 4:08 pm