X

അപ്പോള്‍ പിന്നെ എന്തിനാണ് റിസര്‍വേഷന്‍? ഐഎഫ്എഫ്‌കെയിലേക്ക് ഇനിയില്ലെന്ന് ജെ. ദേവിക

ചലച്ചിത്രമേള തുടങ്ങി രണ്ടാം ദിവസവും പ്രശ്‌നങ്ങളും പരാതികളും തുടരുകയാണ്.

റിസര്‍വ് ചെയ്ത സിനിമ കാണാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ജെ.ദേവിക ഐഎഫ്എഫ്‌കെ ബഹിഷ്‌കരിച്ചു. വരും വര്‍ഷങ്ങളിലും ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കില്ലെന്നും ജെ.ദേവിക പറഞ്ഞു. 11.30-ന് ടാഗോര്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ‘ഡെബ്റ്റ്’ എന്ന ടര്‍ക്കിഷ് സിനിമയ്ക്ക് ജെ. ദേവിക റിസര്‍വ് ചെയ്തിരുന്നു. പ്രദര്‍ശനം തുടങ്ങുന്നതിന് രണ്ട് മിനിറ്റ് മുമ്പ് എത്തിയെങ്കിലും പതിനഞ്ച് മിനിറ്റ് മുമ്പ് എത്തണമെന്നുള്ള നിര്‍ദ്ദേശങ്ങളുണ്ടായിരുന്നതിനാല്‍ കടത്തിവിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇനി മുതലുള്ള ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാനില്ലെന്നും ഇത്തവണത്തെ ഐഎഫ്എഫ്‌കെ ബഹിഷ്‌കരിക്കുന്നുവെന്നുമുള്ള തീരുമാനമെടുത്തിരിക്കുന്നത്.

“കേരളത്തിലെ മൂന്നാംകിട കോളേജും ഐഎഫ്എഫ്‌കെയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് മനസിലാകുന്നില്ല. ക്ലാസില്‍ സമയത്തെത്താത്ത കുട്ടിയെ പുറത്താക്കുന്നത് പോലെയാണ് എനിക്ക് അത് തോന്നിയത്”, വെയില് കൊണ്ട് ക്യൂ നില്‍ക്കുന്നവരെ പരിഗണിക്കേണ്ടതുണ്ട് എന്നാണ് അവിടെ ഉണ്ടായിരുന്ന വോളണ്ടിയര്‍മാര്‍ പറഞ്ഞത്. അപ്പോള്‍ 2000 രൂപയുടെ പാസും റിസര്‍വേഷനും ചെയ്‌തെത്തുന്നവര്‍ വെയില്‍ കൊണ്ട് ക്യൂ നിന്നാല്‍ മാത്രമേ സിനിമ കാണാന്‍ യോഗ്യത നേടൂള്ളൂ എന്നാണോ? സിനിമ തുടങ്ങിയിട്ട് താമസിച്ച് വന്നാല്‍ അവരെ കയറ്റരുതെന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ സിനിമയ്ക്ക് മുമ്പ് വന്നവരെ പ്രവേശിപ്പിക്കാത്തത് മോശം നടപടിയാണ്”, ജെ ദേവിക പറഞ്ഞു.

സിനിമയെ ഇത്തരം ഒതുക്കിനിര്‍ത്തല്‍ ചിട്ടകളെ പ്രതിരോധിക്കുന്ന സാംസ്‌കാരിക ശക്തിയായി കണ്ടുപോയതുകൊണ്ട് ഈ വ്യവസ്ഥയ്ക്കുള്ളിലിരുന്നു സിനിമ കാണുന്നതു വിരോധാഭാസമായി തോന്നുന്നു. അടങ്ങിയൊതുങ്ങി സിനിമ കാണാന്‍ വരുന്നവരെ സൃഷ്ടിക്കാനുള്ള ശ്രമം മേളയുടെ അധികാരികള്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി എന്നറിയാം. അതിനാണ് റിസര്‍വേഷന്‍ രീതി സ്വീകരിച്ചതെന്നും. സിനിമകാണലിന്റെ ഗൗരവം കൂട്ടേണ്ടുന്നത് ആവശ്യം തന്നെയാണ്. പക്ഷേ ആ പേരില്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ അനാവശ്യമായ ഡിസിപ്‌ളിനിങ് സംവിധാനങ്ങളെയാണ് ഉണ്ടാക്കിയിരിക്കുന്നത്”, ദേവിക പറഞ്ഞു.

“കഴിഞ്ഞ വര്‍ഷം സീറ്റുണ്ടെങ്കിലും സിനിമ കാണാന്‍ പറ്റാത്തൊരു അവസ്ഥയാണുണ്ടായിരുന്നത്. അന്നും ഞാന്‍ പരാതി അറിയിച്ചിരുന്നു. ഓരോ തവണയും വന്ന് പരാതി പറയാന്‍ എനിക്ക് പറ്റില്ല. അതുകൊണ്ട് ഇനി മുതല്‍ ഐഎഫ്എഫ്‌കെയ്ക്ക് ഞാന്‍ ഉണ്ടാവില്ല. ചെറുപ്പക്കാരാണ് ശരിക്കും ഇതുപോലുള്ള ചലച്ചിത്ര മേളകള്‍ കാണേണ്ടത്. അവര്‍ കാണട്ടെ”, അവര്‍ പ്രതികരിച്ചു.

ചലച്ചിത്രമേള തുടങ്ങി രണ്ടാം ദിവസവും പ്രശ്‌നങ്ങളും പരാതികളും തുടരുകയാണ്. പുതിയതായി അവതരിപ്പിച്ചിരിക്കുന്ന കൂപ്പണ്‍ സിസ്റ്റത്തില്‍ കടുത്ത അമര്‍ഷം പ്രേക്ഷകര്‍ പ്രകടിപ്പിച്ചിരുന്നു. കൂടാതെ ഉദ്ഘാടനദിവസം ഓപ്പണിംഗ് ഫിലിമായി തിരഞ്ഞെടുത്ത അസ്ഗര്‍ ഫര്‍ഹാദിയുടെ എവരിബഡി നോസ് (everybody knows ) പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. രണ്ടാം ദിവസം പ്രദര്‍ശിപ്പിച്ച സിനിമകള്‍ നിലവാരം പുലര്‍ത്തിയെങ്കിലും മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘ദ് ബെഡ്’ പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ല. ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ കാരണം പ്രദര്‍ശനം മാറ്റിവെക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

This post was last modified on December 9, 2018 8:35 am