X

‘രാഷ്ട്രീയക്കാരാകുമ്പോൾ ഒരുപാട് ആരോപണങ്ങൾ നേരിടേണ്ടി വരും’; യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ഗണേഷ് കുമാറിന്റെ പ്രതികരണം

മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി ഇപ്പോഴും ഉണ്ടായിട്ടില്ല.

അഞ്ചലിൽ യുവാവിനെ മർദ്ദിക്കുകയും അമ്മയെ തെറി വിളിക്കുകയും ചെയ്ത സംഭവത്തെ രാഷ്ട്രീയക്കാരനായതു കൊണ്ട് നേരിടേണ്ടി ആരോപണമാണെന്ന് വ്യാഖ്യാനിച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. സംഭവത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

അതെസമയം മർദ്ദനത്തിനിരയായ യുവാവിനെ ജാമ്യം കിട്ടാത്ത കേസിൽ പ്രതിയാക്കി കേസ് ഒത്തു തീർപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ പരാതി നൽകിയപ്പോൾ പൊലീസ് അവഗണിച്ചെന്നാരോപിച്ച് യുവാവും അമ്മയും രംഗത്തു വന്നിരുന്നു.

ഗണേഷ് കുമാറിനെതിരെ നിസ്സാര കുറ്റങ്ങളാണ് പൊലീസ് ചാർത്തിയിരിക്കുന്നത്. പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം കിട്ടാത്ത വകുപ്പുകളാണ്. മാരകായുധങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചെന്നും മറ്റുമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ആദ്യം പരാതി നൽകിയത് അനന്തകൃഷ്ണനായിരുന്നു. എന്നാൽ കേസെടുത്തപ്പോൾ ആദ്യം പരാതി നൽകിയത് എംഎൽഎയായി മാറി.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വീതി കുറഞ്ഞ റോഡിൽ ഗണേഷ് കുമാർ എംഎൽഎയുടെ കാറിന് വഴി നൽകിയില്ലെന്നു പറഞ്ഞ് അനന്തക‍ൃഷ്ണനെയും അമ്മയെയും ഗണേഷ്കുമാറും ഡ്രൈവറും ചേർന്ന് മര്‍ദ്ദിച്ചത്.

ഗണേഷ് കുമാർ തന്നെ തെറിവിളിച്ചെന്നു കാണിച്ച് ഷീന നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസ്സെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.

മാടമ്പി തറവാടിന്റെ ഉമ്മറത്തെ ചാരുകസേരയിലോ ക്യാമറയ്ക്ക് മുന്നിലോ? ഗണേഷ് കുമാറിന് തന്നെ നിശ്ചയമില്ല

This post was last modified on June 16, 2018 3:56 pm