X

സിന്ധു സൂര്യകുമാറിനെതിരെ അപകീർത്തികരമായ പരാമർശം: കോഴിക്കോട് ഡിസിസിയുടെ പേരിലുള്ള വ്യാജ പ്രൊഫൈലിനെതിരെ സൈബർ സെല്ലിൽ പരാതി

മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിനെതിരെ അപകീർത്തികരമായ പരാമർശങ്ങളുമായി പോസ്റ്റിട്ട കോഴിക്കോട് ഡിസിസിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ ഡിസിസി പ്രസിഡണ്ട് ടി സിദ്ധീഖ് രംഗത്ത്. മാധ്യമ വിമർശനം തങ്ങൾ നടത്താറുണ്ടെങ്കിലും അത് വ്യക്തിഹത്യയുടെ തലത്തിലേക്ക് പോകുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സ് ജില്ലാകമ്മറ്റിയുടെ പേജെന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലാണ് പ്രൊഫൈൽ പ്രവർത്തിക്കുന്നത്. അത്തരത്തിലൊരു പ്രൊഫൈൽ ജില്ലാക്കമ്മറ്റിക്കില്ല. ഔദ്യോഗികമായ പേജിനു പുറമെ ഡിസിസി കോഴിക്കോട് എന്ന പേരിൽ വേറെ പേജ് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി കൈകാര്യം ചെയ്യുന്നില്ല. അഡ്വക്കറ്റ് ടി സിദ്ധീഖ് എന്ന ഡിസിസി പ്രസിഡണ്ടിന്റെ പേജും ഡിസിസി കോഴിക്കോട് എന്ന ഔദ്യോഗിക പേജും മാത്രമാണ് തങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ഫേസ്ബുക്കിലിട്ട ലൈവ് വീഡിയോയിലൂടെ സിദ്ധീഖ് അറിയിച്ചു.

തങ്ങളറിഞ്ഞ കാര്യമല്ലെങ്കിലും സിന്ധു സൂര്യകുമാറിന് ഇതുമൂലമുണ്ടായ പ്രയാസത്തെ കണക്കിലെടുക്കുന്നതായും ഇത്തരമൊരു പേജ് പ്രവർത്തിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡണ്ട് അറിയിച്ചു. സിന്ധുവിനെ അറിയുന്ന ആരുംതന്നെ ഇതൊന്നും വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എതിരാളികളോടു പോലും മാന്യതയോടെ പെരുമാറുന്ന കോൺഗ്രസ്സിന്റെ ധാർമിക മൂല്യം ഉയർത്തിപ്പിടിക്കാത്ത ഇത്തരം പ്രൊഫൈലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ടി സിദ്ധീഖ് വ്യക്തമാക്കി.

സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട പ്രൊഫൈൽ വ്യാജമാണെന്നും ആരാണ് അത് കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്താൻ തങ്ങൾക്കായിട്ടില്ലെന്നും കെപിസിസി ജനറൽ സെക്രട്ടറി പിസി വിഷ്ണുനാഥ് പറഞ്ഞു. ഈ പ്രശ്നത്തിൽ സൈബർ സെല്ലിന് തങ്ങൾ പരാതി നൽകിയിട്ടുള്ളതായും പിസി വിഷ്ണുനാഥ് പറഞ്ഞു.

This post was last modified on January 28, 2019 4:48 pm