X

കെഎസ്‌യു സംസ്ഥാന സെക്രട്ടറി ആർ റോഷനെ വെട്ടിക്കൊല്ലാൻ ശ്രമം; ആർഎസ്എസ്സെന്ന് ആരോപണം

കൈകളിലും പുറത്തുമാണ് വെട്ടേറ്റത്. ആക്രമണത്തിനു പിന്നിൽ ആർഎസ്എസ്സാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.

കെഎസ്‌യു സംസ്ഥാന സെക്രട്ടറിയും കാർത്തികപ്പള്ളി പഞ്ചായത്തംഗവുമായ ആർ റോഷന് വെട്ടേറ്റു. ഹരിപ്പാട് വെച്ച് ഇന്നലെ രാത്രി എട്ടോടെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘമാണ് ആക്രമിച്ചത്. പരിക്കേറ്റ റേഷനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് മനോരമയുടെ റിപ്പോർട്ട് പറയുന്നത്. അപകടനില തരണം ചെയ്തതായാണ് വിവരം.

കൈകളിലും പുറത്തുമാണ് വെട്ടേറ്റത്. ആക്രമണത്തിനു പിന്നിൽ ആർഎസ്എസ്സാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെട്ട് തടയാൻ ശ്രമിക്കവെ റോഷന്റെ കൈകളിൽ വെട്ടേൽക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവുണ്ട്.

വലിയ കുളങ്ങരയിൽ കുറച്ചുകാലമായി ആർഎസ്എസ്-കോൺഗ്രസ്സ് സംഘർ‌‍ഷം നിലനിൽക്കുന്നുണ്ട്. ഈ സംഭവങ്ങളുടെ തുടർച്ചയാണ് ആക്രമണമെന്നാണ് വിവരം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും നേരത്തേയും ചില കേസുകളില്‍ പ്രതികളായിരുന്നവരാണ് അക്രമികളെന്നും പൊലീസ് പറഞ്ഞു.

ഇന്ന് കെഎസ്‌യു സംസ്ഥാന വ്യാപകമായി പ്രതിഷേധമാചരിക്കും. ആലപ്പുഴ ജില്ലയിൽ പഠിപ്പ് മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ നാളെ കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗമായ റോഷന്‍ 2016 മുതല്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.