രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങളെ നിഷേധിച്ച് നടൻ മോഹൻലാൽ രംഗത്ത്. രാഷ്ട്രീയം തനിക്ക് പറ്റിയതല്ലെന്നും നടനായി നിലനിൽക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനയം എന്ന പ്രൊഫഷനിൽ ലഭിക്കുന്ന സ്വാതന്ത്ര്യം താൻ ആസ്വദിക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ എല്ലാവരും നേതാവിനെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയുണ്ട്. തന്റെ സ്വാതന്ത്ര്യത്തെ അത് ഹനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ലാൽ തന്റെ നിലപാട് വിശദീകരിച്ചത്.
ഇക്കഴിഞ്ഞ ദിവസം മോഹൻലാൽ രാഷ്ട്രീയത്തിലിറങ്ങുന്നതിനെതിരെ അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷൻ രംഗത്തു വന്നിരുന്നു. ഒ രാജഗോപാലും എംടി രമേശും ലാലിന്റെ പിന്നാലെ നടക്കുന്നത് എന്തിനാണെന്നും ലാൽ ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യം കാണിക്കുന്നത് ആരാധകർ അംഗീകരിക്കില്ലെന്നും ഫാന്‍സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങിയവരുടെ പേരുകളെല്ലാം വിവിധ രാഷ്ട്രീയ ക്യാമ്പുകളിൽ നിന്നും ഉയർന്നു വന്നിരുന്നു. ഇവരെല്ലാവരും ഈ റിപ്പോർട്ടുകൾ തള്ളുകയും ചെയ്തിരുന്നു. മോദിയുമായി മോഹൻലാൽ പുലർത്തുന്ന ഊഷ്മള ബന്ധമാണ് രാഷ്ട്രീയപ്രവേശന സാധ്യതയായി വ്യാഖ്യാനിക്കപ്പെട്ടത്. കൂടാതെ ലാൽ നടത്തുന്ന ഒരു സന്നദ്ധ സംഘടനയുടെ തലപ്പത്ത് ആർഎസ്എസ്സിലെയും ഇതര സംഘപരിവാർ സംഘടനകളിലെയും നേതാക്കൾ കയറിക്കൂടിയതും ഊഹങ്ങൾക്ക് വഴിയൊരുക്കി.
Leave a Comment