ശബരിമല വിഷയത്തിലെ നിലപാടിലൂടെ നായർ സർവ്വീസ് സൊസൈറ്റി ശൂദ്രവിഭാഗങ്ങളുടെ പാരമ്പര്യത്തെ തകർക്കുകയാണെന്ന് എഴുത്തുകാരൻ കാഞ്ച ഇളയ്യ. രാജ്യത്തെ ശൂദ്ര സമൂഹങ്ങൾ എൻഎസ്എസ്സിനെ തള്ളിപ്പറയണമെന്നും ഇളയ്യ പ്രസ്താവിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കാഞ്ച ഇളയ്യ ഈ പ്രസ്താവന നടത്തിയത്.
ശബരിമലയിലെ പ്രശ്നം സ്ത്രീകൾ പ്രവേശിക്കുന്നതിന് അനുകൂലമായ രീതിയിൽ അവസാനിക്കുകയാണെങ്കിൽ ലോകം കേരളത്തെ വിലമതിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരോഗമന നിലപാടുള്ള സമൂഹത്തിന് ആധിപത്യമുള്ള നാട് എന്ന നിലയിൽ കേരളത്തെ ലോകം ശ്രദ്ധിക്കും. എന്നാല്‍ കേരളം പരാജയപ്പെടുകയാണെങ്കിൽ അത് രാജ്യത്തിന്റെ തന്നെ വീഴ്ചയായിരിക്കും. രാജ്യത്തിന്റെ നിയമസംവിധാനം ശരിയായ നിലയിലല്ലെന്നതിന്റെ തെളിവായിരിക്കും അത്.
വിശ്വാസത്തിന്റെ പേരിൽ ശബരിമലയിൽ നടക്കുന്നത് സവർണ ജാതിമേൽക്കോയ്മയ്ക്കു വേണ്ടിയുള്ള ബഹളമാണെന്ന് കാഞ്ച ഇളയ്യ ചൂണ്ടിക്കാട്ടി. ബ്രാഹ്മണാധിപത്യത്തിനെതിരാണ് രാജ്യത്തെ ശൂദ്രജനതയുടെ പാരമ്പര്യം. ഈ പാരമ്പര്യത്തെ ഒറ്റുകൊടുക്കുകയാണ് സ്ത്രീകളെ തെരുവിലിറക്കിയും ബിജെപിക്ക് ഒപ്പം നിന്നും എൻഎസ്എസ് ചെയ്യുന്നത്. ശൂദ്രരുടെ ചരിത്രത്തിനും സംസ്കാരത്തിനും വലിയ പരിക്കുകളുണ്ടാക്കും എൻഎസ്എസ്സിന്റെ ഈ നീക്കം. ലിംഗായത്തുകൾ, വൊക്കലിഗകൾ, മുതലിയാർമാർ തുടങ്ങിയ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ള ശൂദ്രവിഭാഗങ്ങള്‍ എൻഎസ്എസ്സിന്റെ ചരിത്രനിഷേധത്തിനെതിരെ രംഗത്തു വരണം.
സ്വയം അശുദ്ധരെന്ന് വിളിച്ചു പറയാൻ സ്ത്രീകൾ തയ്യാറാകരുതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ സ്വന്തം ശരീരം അശുദ്ധമാണെന്നും മലിനമാണെന്നും പറയുന്നതു വഴി കുട്ടികൾ പുറത്തുന്നതിനെ ദൈവം വെറുക്കുന്നു എന്നും വരുന്നു. ഇത് ശരിയല്ലെന്നും കാഞ്ച ഇളയ്യ വിശദീകരിച്ചു.
This post was last modified on January 7, 2019 4:23 pm
Leave a Comment