X

പാർട്ടി കമ്മീഷൻ അന്വേഷണ റിപ്പോർട്ട് നാളെ പരിഗണിക്കും; ഷോർണൂരിൽ കാൽനടപ്രചാരണ ജാഥ നയിക്കുന്നത് പി കെ ശശി തന്നെ

പാർട്ടി കമ്മീഷൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നാളെയാണ് (23-11-2018) സിപിഎം പരിഗണിക്കുക.

സിപിഎമ്മിന്റെ ഷൊർണൂർ നിയോജകമണ്ഡലം കാൽനട പ്രചാരണ ജാഥയെ ലൈംഗികാരോപണത്തിൽ പാർട്ടി അന്വേഷണം നേരിടുന്ന നേതാവ് പികെ ശശി തന്നെ നയിക്കുന്നു. ശബരിമല വിഷയത്തിൽ വിശദീകരണം നൽകാനാണ് പാർട്ടി കാൽനട ജാഥ നടത്തുന്നത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതി നേരിടുന്നയാൾ തന്നെ ജാഥ നയിക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ടെങ്കിലും അതിനെയെല്ലാം അവഗണിച്ചാണ് ഈ നീക്കം.

പാർട്ടിക്ക് എംഎൽഎയുള്ള മണ്ഡലങ്ങളിൽ അവരും മറ്റിടങ്ങളിൽ പാർട്ടി തീരുമാനിക്കുന്നയാളുമാണ് ജാഥയെ നയിക്കുക. ജില്ലാ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയാണ് ശശിക്കുള്ളത്. കഴിഞ്ഞദിവസം തിരുവാഴിയോട് നടന്ന സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

ജാഥയിൽ 100 സ്ഥിരാംഗങ്ങളാണ് ഉള്ളത്. ഓരോ സ്വീകരണകേന്ദ്രത്തിൽ നിന്നും 150 അംഗങ്ങൾ അടുത്ത കേന്ദ്രം വരെ അണിനിരക്കും. നവംബർ 21ന് തുടങ്ങിയ ജാഥ 25ന് സമാപിക്കും.

ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം എന്നീ ഏരിയ കമ്മറ്റികളാണ് ശശിക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത്. ഷൊർണൂർ ഏരിയ സെക്രട്ടറി ക്യാപ്റ്റനെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സിപിഎം ജില്ലാ നേതൃത്വം ഇതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

ഡിവൈഎഫ്ഐ ജില്ലാ നേതാവ് നൽകിയ പരാതിയിൽ പാർട്ടി കമ്മീഷൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നാളെയാണ് (23-11-2018) സിപിഎം പരിഗണിക്കുക.

This post was last modified on November 22, 2018 11:03 am