തിരുവനന്തപുരം യുണിവേഴ്സിറ്റി കോളജിൽ ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടിയുടെ കുറിപ്പിൽ വിദ്യാർത്ഥി സംഘടനയ്ക്കെതിരെ പരാമർശം. സംഘടനാപരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥി സംഘടനയിലെ വനിതാ നേതാക്കൾ പഠിക്കാൻ സമ്മതിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പ്. തന്നെ ഒറ്റപ്പെടുത്തിയെന്ന് വിദ്യാർത്ഥി ആരോപിക്കുന്നുണ്ട്. നിലവിൽ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ആറ്റിങ്ങൽ സ്വദേശിയായ പെൺകുട്ടിയെ ഇന്ന് രാവിലെയാണ് കോളജിലെ റസ്റ്റ് റൂമിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. നിരന്തരം സംഘടനാപരിപാടികൾക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനാൽ പഠിക്കാൻ കഴിയുന്നില്ലെന്ന് കുറിപ്പിൽ ആരോപണമുണ്ട്. നന്നായി പഠിക്കണമെന്ന് കരുതിയാണ് കോളജിലെത്തിയതെന്നും അത് സാധിക്കില്ലെന്ന് ഉറപ്പായെന്നും കുറിപ്പ് പറയുന്നു. രണ്ട് വനിതാ നേതാക്കളുടെ പേരും ആത്മഹത്യാ കുറിപ്പിലുണ്ട്. ഇതിന്മേൽ പൊലീസ് നടപടികൾ ഇതുവരെ വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
This post was last modified on May 4, 2019 7:30 am
Leave a Comment