X

രവി പൂജാരി മുഖ്യപ്രതി; കൊച്ചി വെടിവെപ്പ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ഡിസംബർ 15നാണ് കൊച്ചിയിലെ ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ ആക്രമണം നടന്നത്.

നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടത്തിയ കേസിൽ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി മുഖ്യപ്രതി. അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം ഇന്ന് സമർപ്പിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെപ്പെന്നാണ് കുറ്റപത്രം ആരോപിക്കുന്നത്.

പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിൽ ഇക്കഴിഞ്ഞമാസം ആദ്യം രവി പൂജാരി പിടിയിലായിരുന്നു. ഇയാളെ കൈമാറിക്കിട്ടാൻ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. ഡാകാറിലെ ഒരു ബാർബർ ഷോപ്പിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ബോളിവുഡ് നടീനടന്മാരെയും ബിസിനസ്സുകാരെയും ഭീഷണിപ്പെടുത്തി പണം തട്ടലാണ് രവി പൂജാരിയുടെ പ്രധാന വരുമാനമാർഗം. ഇന്ത്യയിൽ തിരിച്ചടികൾ നേരിട്ടു തുടങ്ങിയതോടെ ആഫ്രിക്കൻ രാജ്യങ്ങളിൽ ആന്റണി എന്ന പേരിൽ ബിസിനസ്സുകൾ നടത്തി വരികയായിരുന്നു.

ഡിസംബർ 15നാണ് കൊച്ചിയിലെ ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ ആക്രമണം നടന്നത്. ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലർ എന്ന പേരിൽ നടി കടവന്ത്രയിലാണ് ബിസിനസ്സ് നടത്തി വന്നിരുന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സ്ഥാപനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നു.കേസിൽ മഹാരാഷ്ട്ര, ഗോവ, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തിയിരുന്നു.