X

ആരും ‘അന്യര’ല്ല; ഹം ആപ്കെ സാത്ത് ഹേ; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വീണ്ടുമൊരു കേരള മാതൃക

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്നു എന്ന പ്രചരണത്തിന് മറുപടിയാണ് ഈ ഹെല്‍ത്ത് കെയര്‍ കം ഇന്‍ഷൂറന്‍സ് പദ്ധതി

സാമൂഹ്യക്ഷേമ പദ്ധതികളുടെ മറ്റൊരു വേറിട്ട ദൃഷ്ടാന്തമായി കേരള സര്‍ക്കാര്‍ വീണ്ടും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഹെല്‍ത്ത് കെയര്‍ കം ഇന്‍ഷൂറന്‍സ് പദ്ധതിയുടെ അനൌപചാരികമായ ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്തു നടന്നു.

‘ആവാസ്’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ടാഗ് ലൈന്‍ ‘ഹം ആപ്കെ സാത്ത് ഹേ’. സര്‍ക്കാര്‍, സ്വദേശികളോടൊപ്പം മാത്രമല്ല 30 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുടെ കൂടി ഒപ്പമുണ്ട്.

“ആവാസ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ജോലി ചെയ്യുന്ന 18നും 60നും ഇടയിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 15,000 രൂപ വരെയുള്ള സൌജന്യ ചികിത്സയും അപകട മരണത്തിനുള്ള 2 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് കവറേജുമാണ് വാഗ്ദാനം ചെയ്യുന്നത്” എന്നു ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവണ്‍മെന്‍റ് ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളിലും സൌജന്യ ചികിത്സ ലഭ്യമാകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

പദ്ധതിയുടെ ഭാഗമായി സബിത പ്രധാന്‍ എന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ഇന്‍ഷൂറന്‍സ് കാര്‍ഡ് നല്‍കിക്കൊണ്ട് സംസ്ഥാന ഗവണ്‍മെന്റിന്റെ ഇത്തരം പദ്ധതികളുടെ വിവരങ്ങള്‍ സഹ തൊഴിലാളികളെ അറിയിക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അഭ്യര്‍ത്ഥിച്ചു. ചിലപ്പോള്‍ ഈ ഒരു പദ്ധതിയിയുടെ നിര്‍വ്വഹണത്തില്‍ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതുതന്നെ ആയിരിക്കും. കേരളത്തില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച ഒരു ഡാറ്റാ ബെയ്സ് സര്‍ക്കാരിന്റെ കയ്യില്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ഗുണഭോക്താക്കളെ കണ്ടെത്തുക എന്നത് ഏറെ വിഷമകരമായിരിക്കും.

അതേസമയം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ദേശീയ ആരോഗ്യ മിഷന്റെയും ഒക്കെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സാധിക്കും. ഒപ്പം തന്നെ തൊഴില്‍നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ ഇടനിലക്കാരുടെ ചൂഷണം നടക്കുന്നുണ്ടോ തൊഴിലാളികളെ മറ്റ് നിയമവിരുദ്ധ പരവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാന്‍ തൊഴില്‍ വകുപ്പും പോലീസുമൊക്കെ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണം. അതോടൊപ്പം തൊഴിലാളികളോടുള്ള പൊതു സമൂഹത്തിന്റെ സമീപനത്തിലും മാറ്റം ഉണ്ടാകേണ്ടതുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് വേണ്ടി അവരുടെ താമസ സ്ഥലത്തിന്റെ അടുത്ത് തന്നെ ക്രെഷുകള്‍ ആരംഭിക്കും എന്ന ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം കൂടി സാമൂഹ്യനീതി വകുപ്പ് മന്ത്രി നടത്തുകയുണ്ടായി. ഇതിന്റെ പൈലറ്റ് പ്രൊജക്റ്റ് എറണാകുളത്ത് നടപ്പിലാക്കും. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി പറഞ്ഞു.

ഈ അടുത്തകാലത്താണ് പെരുമ്പാവൂരിലെ ഒരു സ്കൂളില്‍ പഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍, തങ്ങള്‍ക്ക് സൌജന്യ പുസ്തകവും യൂണിഫോമും തന്നതില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചുകൊണ്ട് കൌതുകവാര്‍ത്തയായത്.

കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മൃഗീയമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുകയാണ് എന്ന വാര്‍ത്ത പ്രചരിച്ചതും ഈ അടുത്തകാലത്താണ്. ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഈ പ്രചരണത്തിന് പിന്നില്‍ ഉണ്ട് എന്ന വാദം ചില കോണുകള്‍ ഉയര്‍ത്തിയിരുന്നു. സംഘപരിവാര്‍ നടത്തുന്ന കേരള വിരുദ്ധ പ്രചരണത്തിന്റെ ഭാഗമാണ് ഇത് എന്ന് ഇടതുപക്ഷം ആരോപിച്ചിരുന്നു. വാര്‍ത്തകള്‍ പരക്കുകയും കോഴിക്കോട് നിന്നും മറ്റും ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിപ്പോവാന്‍ തുടങ്ങുകയും ചെയ്തതോടെ സര്‍ക്കാര്‍ ഇടപെടുകയും പോലീസ് അന്വേഷണം ആരഭിക്കുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുന്നു എന്ന വ്യാജ പ്രചരണത്തിനെതിരെ സംസ്ഥാന ഡിജിപി തന്നെ പ്രസ്താവന ഇറക്കി രംഗത്ത് വന്നു.

ഹിന്ദി, ബംഗാളി ഭാഷകളിലുള്ള ശബ്ദ മെസേജുകളായിട്ടായിരുന്നു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. ‘കേരളത്തില്‍ ഹിന്ദിക്കാര്‍ക്കെതിരെ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മാളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ കൊല്ലപ്പെട്ടു. കേരളത്തില്‍ ഹിന്ദിക്കാരാണ് മലയാളികളെക്കാള്‍ കുറഞ്ഞ കൂലിക്ക് ജോലിയെടുക്കുന്നത്. അതുകൊണ്ട് മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നു. ഹിന്ദിക്കാരായ തൊഴിലാളികളെ ഇല്ലാതാക്കാന്‍ കേരള സര്‍ക്കാരിന്റെ പിന്തുണയുണ്ട്’ എന്നൊക്കെയായിരുന്നു പ്രചരണം.

ഇതര സംസ്ഥാന തൊഴിലാളികളെ ‘കൊന്ന്’ കേരളത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുമ്പോള്‍

അതേസമയം, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഇവിടെ നടക്കുന്ന അതിക്രമങ്ങളും കാണാതിരിക്കാന്‍ സാധിക്കില്ല. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വമ്പിച്ച രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നവമാധ്യമങ്ങളിലൂടെ നടന്നിരുന്നു. കോട്ടയത്ത് മോഷ്ടാവാണ് എന്നു ആരോപിച്ച് ഒരു അസാം സ്വദേശിയായ തൊഴിലാളിയെ നാട്ടുകാര്‍ മാര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവവും ഉണ്ടായി. ഈ അടുത്ത ദിവസമാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ടാങ്കര്‍ ലോറി അപകടത്തില്‍ എറണാകുളത്ത് മരണപ്പെട്ടത്. തൊഴിലിടങ്ങളിലെ ഇത്തരം അപകടങ്ങള്‍ വ്യാപകമാവുന്നു എന്നാണ് പല വാര്‍ത്തകളും തെളിയിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തരുത്

റോഡ് അപകടത്തില്‍ പരുക്കേറ്റ തിരുനെല്‍വേലി സ്വദേശിയായ മുരുഗന് ചികിത്സ നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ട സംഭവം ഏറെ വിവാദമായതും മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് അപേക്ഷിച്ചതും ഒക്കെ ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായതും സമീപ മാസങ്ങളിലാണ്.

‘പാണ്ടി’കളോട് കേരള മുതല്‍വര്‍ തന്‍ മന്നിപ്പ്

പ്രവാസത്തിന്റെ സുദീര്‍ഘമായ ചരിത്രവും അനുഭവവും ഉള്ളവരാണ് മലയാളികള്‍. കൊളംബും ബര്‍മ്മയും മലേഷ്യയിലേക്കുമൊക്കെയുള്ള ആദ്യകാല കുടിയേറ്റത്തിന് ശേഷം ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമൊക്കെ മലയാളികള്‍ തൊഴില്‍ അന്വേഷിച്ച് കുടിയേറി. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും അതിജീവിച്ചാണ് ഈ രാജ്യങ്ങളില്‍ ഓരോ മലയാളിയും തങ്ങളുടെ കുടുംബത്തിന് വേണ്ടി അത്യധ്വാനം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ തങ്ങളുടെ കുടുംബത്തിലേക്ക് അയക്കുന്ന പണമാണ് കേരളത്തിന്റെ എക്കണോമിയുടെ നട്ടെല്ല് തന്നെ. പ്രവാസി തൊഴിലാളികളായ മലയാളികളും അവര്‍ പോകുന്ന നാടുകളിലും പല തരത്തിലുമുള്ള തൊഴില്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. നേരത്തെ അത് വളരെ കൂടുതല്‍ ആയിരുന്നെങ്കില്‍ നിരന്തരമുള്ള ഇടപെടലിലൂടെ അത് ഏറെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം കേരളം സന്ദര്‍ശിച്ച ഷാര്‍ജ ഭരണാധികാരി സിവില്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാമെന്ന വാഗ്ദാനവുമൊക്കെ ഇത്തരം ഇടപെടലുകളുടെ ഫലമാണ്.

ഡോ. ഷെയ്ഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി ‘അറബി കച്ചവടക്കാരന്‍’ എന്ന സ്റ്റീരിയോടൈപ്പിനെ തകര്‍ക്കുമ്പോള്‍

കേരളത്തില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവരുടെ മാതൃ സംസ്ഥാനങ്ങള്‍ എത്തിയില്ലെങ്കില്‍ പോലും ഒരു ആധുനിക ജനാധിപത്യ സമൂഹം എന്ന നിലയില്‍ പൌരനോടുള്ള കടമ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഗവണ്‍മെന്റിനുണ്ട്. ഇത്തരം നടപടികളിലൂടെ കേരള സര്‍ക്കാര്‍ തെളിയിക്കുന്നതും അതാണ്.

പ്രവാസികളുടെ ‘ദുര്‍മരണം’; 2005നും 2015നും ഇടയില്‍ ഗള്‍ഫില്‍ മരിച്ചത് 30,000 ഇന്ത്യക്കാര്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on November 2, 2017 11:59 am