X

സിഖ് കൂട്ടക്കൊല, ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍, ‘ഭാരത യക്ഷി’; ചരിത്രം വീണ്ടും വായിക്കേണ്ട കാലമായിരിക്കുന്നു

അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാ ഗാന്ധിയെ 'ഭാരത യക്ഷി' എന്നു വിളിച്ച കെ സുധാകരന്‍ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനെ രാഷ്ട്രീയ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നത് മനസിലാക്കാം. എന്നാല്‍ ഇന്ദിരാ ഭക്തനായ കരുണാകരന്‍ വളര്‍ത്തിക്കൊണ്ടുവന്ന ചെന്നിത്തലയോ?

‘വന്‍ മരങ്ങള്‍ വീഴുമ്പോള്‍…’ എന്നത് എന്‍ എസ് മാധവന്റെ ചെറുകഥയുടെ പേര്‍ മാത്രമല്ല. അത് ഔദ്യോഗികമായി 2733 പേരും സ്വതന്ത്ര ഏജന്‍സികളുടെ കണക്ക് പ്രകാരം 8000ത്തോളം പേരും കൊല്ലപ്പെട്ട ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നിനെ കുറിച്ച് ഒരു ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും പിന്നീട് രാജ്യത്തിന്റെ ഭണാധികാരിയുമായ ഒരാള്‍ പറഞ്ഞ വാചകമാണ്. മറ്റാരുമല്ല അത് ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി തന്നെ. തന്റെ മാതാവും പ്രധാന മന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധി സിഖ് വംശജരായ സുരക്ഷാ സൈനികരാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ഡല്‍ഹിയിലെ തെരുവുകളില്‍ നടന്ന സിഖ് കൂട്ടക്കൊലയെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും, ചെറു പുല്ലുകള്‍ ചതഞ്ഞരഞ്ഞു പോകും…

നീണ്ട 34 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നമ്മുടെ ഓര്‍മ്മകളെ അസ്വസ്ഥമാക്കി സിഖ് കൂട്ടക്കൊല മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. 1984 നവംബര്‍ ഒന്നിന് ദക്ഷിണ ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ നടന്ന ഒരു കൊലപാതകത്തില്‍ ഇന്നലെ ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചതോടെയാണ് ആ കറുത്ത ദിനങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. നീണ്ട 34 വര്‍ഷങ്ങള്‍ വേണ്ടി വന്നു ഈ കൊടും കുറ്റകൃത്യത്തിലുള്‍പ്പെട്ട ചില കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കാന്‍. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ ആദ്യത്തെ വധശിക്ഷയാണ് ഇത്. ഡല്‍ഹി കോടതിയാണ് 55കാരനായ യശ്പാല്‍ സിംഗിന് വധ ശിക്ഷ വിധിച്ചത്. 68കാരനായ നരേഷ് ഷെരാവത്തിന് ജീവപര്യന്തം തടവ് ശിക്ഷയും കോടതി വിധിച്ചു. ഇരുവര്‍ക്കും 35 ലക്ഷം രൂപ വീതം പിഴയും ഇട്ടിട്ടുണ്ട്.

1984 നവംബര്‍ ഒന്നിന് മഹിപാല്‍പൂരിലെ പലചരക്ക് കടയിലിരിക്കെയാണ് ഹര്‍ദേവ് സിംഗിനേയും മറ്റ് രണ്ട് പേരേയും ഇരുമ്പ് വടികളും ഹോക്കി സ്റ്റിക്കുകളും കല്ലുകളും മണ്ണെണ്ണയുമായി എത്തിയ സംഘം ആക്രമിച്ചത്. അക്രമി സംഘത്തില്‍ 800നും ആയിരത്തിനുമിടയ്ക്ക് ആളുകളുണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇവര്‍ കടകള്‍ക്ക് തീ വച്ചു. രക്ഷപ്പെടാനായി സുഹൃത്ത് സുര്‍ജീത് സിംഗിന്റെ വീട്ടിലേയ്ക്ക് പോയ ഇവര്‍ അകത്ത് കയറി വാതിലടച്ചു. അവതാര്‍ സിംഗ് എന്നയാളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരെ പിന്തുടര്‍ന്ന അക്രമി സംഘം വീടിനകത്തേയ്ക്ക് ഇടിച്ചുകയറി. ഹര്‍ദേവിനെ കുത്തുകയും എല്ലാവരേയും ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിയുകയും ചെയ്തു. ഹര്‍ദേവും അവതാര്‍ സിംഗും മരിച്ചു. കൊലപാതകം, വധശ്രമം, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്തായാലും ഡല്‍ഹി കോടതി വിധിയെ സിക്ക് കൂട്ടക്കൊല കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സ്വാഗതം ചെയ്തിട്ടുണ്ട്. മനുഷ്യത്വരഹിതമായ പൈശാചികതയ്ക്ക് ഉത്തരവാദികളായ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിന്റെ (നവംബര്‍ 19) പിറ്റേന്ന് ഈ വിധി വന്നു എന്നത് ചരിത്രത്തിന്റെ യാദൃശ്ചികതയാവാം. ആ അമ്മയുടെ പേരക്കുട്ടി ഇന്നലെ ഓര്‍മ്മദിനത്തില്‍ ട്വിറ്ററില്‍ കുറിച്ചത്, “ധൈര്യശാലിയുടെ ഏറ്റവും വലിയ ഗുണം ക്ഷമയാണ്” എന്ന ഇന്ദിരാ ഗാന്ധിയുടെ വാചകമായിരുന്നു. എന്നാല്‍ വധ ശിക്ഷ വിധിക്ക് ശേഷം അദ്ദേഹമോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ എന്തെങ്കിലും എവിടെയെങ്കിലും പറഞ്ഞതായി കണ്ടില്ല.

ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ ബിജെപിയെ ആക്രമിക്കാന്‍ എല്ലാ കാലത്തും കോണ്‍ഗ്രസ്സിന് വിഘാതം സൃഷ്ടിക്കുന്ന, കോണ്‍ഗ്രസ്സ് ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഈ ചരിത്രത്തെ കേരളത്തിലെ അവരുടെ രണ്ടു നേതാക്കള്‍ ഇന്ദിരയുടെ ജന്മദിനത്തില്‍ ഓര്‍മിച്ചു എന്നതാണ് മറ്റൊരു വൈരുദ്ധ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരനും.

ശബരിമലയിലെ പൊലീസ് നടപടി 1984ല്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ സൈന്യം നടത്തിയ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ പോലെയെന്നാണ് രമേശ് ചെന്നിത്തലയും സുധാകരനും പറഞ്ഞത്. കെ സുധാകരന്‍ കുറച്ചുകൂടി കടത്തി രണ്ടാം ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ എന്നാണ് വിളിച്ചത്. “വിഘടനവാദികളെ തുരത്തുകയെന്ന ലക്ഷ്യത്തോടെ 1984ല്‍ ഇന്ദിരാ ഗാന്ധി സുവര്‍ണ്ണ ക്ഷേത്രത്തില്‍ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ നടത്തിയതെങ്കില്‍ ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കെതിരെയാണ് പിണറായി സര്‍ക്കാരിന്റെ ഓപ്പറേഷന്‍.” കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞതായി ഇന്നലത്തെ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാ ഗാന്ധിയെ ‘ഭാരത യക്ഷി’ എന്നു വിളിച്ച കെ സുധാകരന്‍ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനെ രാഷ്ട്രീയ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നത് മനസിലാക്കാം. എന്നാല്‍ ഇന്ദിരാ ഭക്തനായ കരുണാകരന്‍ വളര്‍ത്തിക്കൊണ്ടുവന്ന ചെന്നിത്തല എന്തു ഭാവിച്ചാണ്?

ഖലിസ്ഥാന്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ ഇന്ദിരാ ഗാന്ധി നടത്തിയ സുവര്‍ണ്ണ ക്ഷേത്രത്തിലെ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനാണ് ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. അതിനെ തുടര്‍ന്നുണ്ടായ കലാപത്തിലാണ് ആയിരങ്ങള്‍ കൊല്ലപ്പെട്ടത്. ഈ ചരിത്ര സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിപ്പിച്ച് ചെന്നിത്തല-സുധാകരാദികള്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്താണ്?

ഇത് മാത്രമല്ല കഴിഞ്ഞ രണ്ടു ദിവസങ്ങളായി ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആഗോള-ദേശീയ-കേരള ചരിത്ര സന്ദര്‍ഭങ്ങള്‍ ഓര്‍മിച്ചെടുത്ത് ഉദാഹരിക്കുന്നതിലായിരുന്നു ഭരണ-പ്രതിപക്ഷ നേതാക്കളുടെ ശ്രദ്ധ.

ചെന്നിത്തലയുടെയും സുധാകരന്റെയും ബ്ലൂ സ്റ്റാറിന് ബദലായി സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചത് ഖാലിസ്ഥാന്‍ മോഡലിനെ കുറിച്ചായിരുന്നു. പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെ പോലെ ഖാലിസ്ഥാന്‍ മോഡല്‍ നടപ്പിലാക്കി ശബരിമല പിടിച്ചടക്കാനാണ് സംഘപരിവാര്‍ ശക്തികളുടെ ശ്രമമെന്നാണ് കോടിയേരി പറഞ്ഞത്.

എന്നാല്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അയോദ്ധ്യയിലെ കര്‍സേവകരോടാണ് സര്‍ക്കുലര്‍ ഇറക്കി ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും ശബരിമലയില്‍ എത്തിക്കാനുള്ള നീക്കത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ താരതമ്യം ചെയ്തത്.

“സംഘടിതമായി ആളുകളെ എത്തിച്ച് ശബരിമല പിടിച്ചടക്കാനാണ് സംഘപരിവാര്‍ നീക്കം. ഇതിനുള്ള തെളിവാണ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന ബിജെപിയുടെ സര്‍ക്കുലര്‍. എണ്ണം വച്ച് ആളുകളെ എത്തിക്കാനാണ് സര്‍ക്കുലര്‍ പറയുന്നത്. ഇത്തരത്തില്‍ എത്തുന്നവര്‍ വ്രതമെടുത്ത് എത്തുന്ന ഭക്തരല്ല.” ക്ഷേത്രം പിടിച്ചടക്കാനുള്ള കര്‍സേവകരാണെന്നും മുഖ്യമന്തി ആരോപിച്ചു.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശബരിമലയിലെ സാഹചര്യത്തെ താരതമ്യം ചെയ്തത് കമ്യൂണിസ്റ്റ് റഷ്യയിലെ അവസ്ഥയോടാണ്. “പുറത്തു വരുന്ന വാർത്തകളനുസരിച്ച് അയ്യപ്പ ഭക്തർ സന്നിധാനത് വിശ്രമിക്കുന്നത് പന്നികളുടെ കൂട്ടത്തിലും, ചവറ്റു കൂനയുടെ പരിസരത്തുമാണ്. ഇത് സത്യം ആണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചറിയണം സോവിയറ്റ് തടവുകാരെ പോലെ അയ്യപ്പഭക്തരോട് പെരുമാറാൻ കഴിയില്ല.” അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്.

ശബരിമലയിലെ കക്കൂസ് സൌകര്യങ്ങള്‍ പരിശോധിക്കാനെത്തിയ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സ്റ്റാലിനിസ കാലഘട്ടത്തെയാണ് ഓര്‍മ്മിച്ചത്.

ബിജെപിയുടെ അന്തി ചര്‍ച്ച വക്താവ് അഡ്വ. ജി ഗോപാലകൃഷ്ണന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ശബരിമലയില്‍ 69 പേരെ അറസ്റ്റ് ചെയ്തതിനെ താരതമ്യം ചെയ്തത് ചൈനയിലെ ടിയാനമെന്‍ സ്ക്വയര്‍ പ്രക്ഷോഭത്തോടാണ്. യുവാക്കളുടെ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ടാങ്ക് കയറ്റി തകര്‍ത്തതിന് സമാനമാണ് ശബരിമലയിലെ പോലീസ് നടപടിയെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇന്നലെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഴിമുഖത്തിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചത് ശബരിമലയ്ക്കെതിരെയുള്ള ഗൂഡാലോചന 1949ല്‍ തുടങ്ങി എന്നാണ്. 1950 ലെ ശബരിമല തീവെപ്പും അദ്ദേഹം ഓര്‍മ്മിച്ചു.

എന്റെ ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചത് പോലെ ചരിത്രം വീണ്ടും വായിക്കേണ്ട കാലമായിരിക്കുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പാരഡി എക്കൌണ്ടില്‍ വന്ന ചരിത്രം വിജൃംഭിക്കുന്ന ഒരു റിട്വീറ്റ് കൂടി കാണുക

EDITORIAL: ഈ ജനാധിപത്യത്തിന് കൂടുതൽ മെച്ചപ്പെട്ട സൂക്ഷിപ്പുകാരെ വേണം

ഞാനായിരുന്നു പ്രസിഡന്റെങ്കില്‍ ഇതൊന്നും ശബരിമലയില്‍ നടക്കില്ലായിരുന്നു- പ്രയാര്‍ ഗോപാലകൃഷ്ണന്‍/അഭിമുഖം

1984ലെ സിഖ് കൂട്ടക്കൊല കേസുകളില്‍ ആദ്യത്തെ വധശിക്ഷ; ഒരാള്‍ക്ക് ജീവപര്യന്തം

മനുഷ്യാവകാശം ശബരിമലയിലും വിമാനത്താവളത്തിലും പിന്നെ എറണാകുളം പ്രസ്സ് ക്ലബ് മുറ്റത്തും

കുംഭക്കുടി സുധാകരന്‍ അഥവ വിവാദം ഭക്ഷിച്ചു ജീവിക്കുന്ന കോണ്‍ഗ്രസുകാരന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on November 21, 2018 5:15 pm