X
    Categories: കേരളം

സുധാകരന്റെ ‘ധര്‍മ്മ പത്നി’ ജൂബിലി നവപ്രഭയും മെട്രോ മാന്‍ ഇ ശ്രീധരനും; രണ്ടു രാജികള്‍ നല്‍കുന്ന സൂചനകള്‍

60 വയസില്‍ വിരമിക്കുന്ന വൈദഗ്ദ്ധ്യമുള്ള ആളുകളെ എന്തുകൊണ്ട് അവരവരുടെ മേഖലകളില്‍ വീണ്ടും ഉപയോഗിച്ച് കൂടാ എന്നൊരു ചോദ്യത്തിന് പ്രസക്തിയില്ലേ?

തന്നെ സൌത്ത് ഇന്ത്യന്‍ ബാങ്കിലെ മുന്‍ ജോലിയിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മന്ത്രി കെ ടി ജലീലിന്റെ പിതൃസഹോദരന്റെ മകന്റെ മകന്‍ കെടി അദീബ് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജി വെച്ചു.

കേരള സര്‍വ്വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്‍റ് ടെക്നോളജി ആന്‍ഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മന്ത്രി ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ രാജിവെച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ ഭര്‍ത്താവ് സുധാകരനെ ബാധിക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് രാജി.

രണ്ടു പേരുടെ കാര്യത്തില്‍ നടന്നത് ബന്ധു നിയമനം ആണെന്നും ക്രമവിരുദ്ധവും സത്യപ്രതിജ്ഞ ലംഘനമാണെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും ചില തെളിവുകള്‍ പുറത്തുവിടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രാജി.

കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി കെ ടി അദീബിനെ നിയമിച്ചതിലെ നിയമ ലംഘനം ചൂണ്ടിക്കാണിച്ചാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് കഴിഞ്ഞയാഴ്ച രംഗത്തെത്തിയത്. 2013-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യത ബിരുദത്തിനൊപ്പം എംബിഎ അല്ലെങ്കില്‍ സിഎ, സിഎസ്, ഐസിഡബ്ല്യുഎ എന്നിവയില്‍ ഏതെങ്കിലുമൊന്നും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണമെന്നാണ്. എന്നാല്‍ 2016 ഓഗസ്തില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബിടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പിജി ഡിപ്ലോമ യോഗ്യത കൂട്ടിച്ചേര്‍ത്തു. ഇതുവഴി എഞ്ചിനീയറിങ് ബിരുദധാരിയായ അദീബിനെ നിയമിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. കൂടാതെ അഭിമുഖത്തില്‍ പങ്കെടുത്ത മൂന്നു പേര്‍ക്കെങ്കിലും അദീബിനെക്കാള്‍ യോഗ്യതയുണ്ട് എന്ന വിവരവും ഫിറോസ് പുറത്തുവിട്ടതോടെയാണ് ജലീല്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആയത്.

എന്നാല്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ ശമ്പളം സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ വാങ്ങിക്കുന്ന അദീബിന് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ നല്കിയത് 80,000 രൂപ മാത്രമാണെന്നും കിട്ടാക്കടങ്ങള്‍ പിരിച്ചെടുത്ത് കോര്‍പ്പറേഷനെ രക്ഷിക്കുക എന്ന പൊതുജന താത്പര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ജലീല്‍ വാദിച്ചതില്‍ യുക്തി ഉണ്ടായിരുന്നെങ്കിലും നിയമനത്തില്‍ വഴിവിട്ട നടപടികള്‍ ഉണ്ടായി എന്ന കാര്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷത്തിന് ആയി എന്നത് തന്നെയാണ് അദീബിന്റെ രാജി തെളിയിക്കുന്നത്.

എന്നാല്‍ മോഷണ മുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ മോഷണം ഇല്ലാതാകില്ല എന്നും മന്ത്രിക്കെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കും എന്നും സ്ഥാനമൊഴിയുന്നതുവരെ പ്രതിഷേധം തുടരുമെന്നും പി കെ ഫിറോസ് പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയുടെ നിയമനം അല്ല ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. അവരുടെ ഡയറക്ടര്‍ സ്ഥാനം സ്ഥിരപ്പെടുത്താനും ശമ്പളം കൂടാനും ശ്രമിക്കുന്നു എന്നാണ് ആരോപണം. എന്നാല്‍ ‘തന്റെ അറിവോ സമ്മതമോ ഇല്ലാതെ അങ്ങനെ തീരുമാനിച്ചത് ആരാണെന്ന്’ വെളിപ്പെടുത്തണമെന്ന് സര്‍വകലാശാലയ്ക്ക് അയച്ച രാജിക്കത്തില്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

“തന്നെ നിയമിച്ചത് ചട്ടങ്ങള്‍ അട്ടിമറിച്ചെന്നായിരുന്നു ആദ്യ ആരോപണം. തന്‍റേത് കരാര്‍ നിയമനമായിരുന്നു.” നവപ്രഭ പറഞ്ഞു. “ആലപ്പുഴ എസ് ഡി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നു വിരമിക്കുമ്പോള്‍ 1.65 ലക്ഷം രൂപ ശമ്പളം ഉണ്ടായിരുന്നു. വിരമിച്ച ശേഷം കേരളത്തിലെയും വിദേശത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ഷണിച്ചിരുന്നു. സമൂഹത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹം കൊണ്ടാണ് സര്‍വകലാശാലയില്‍ 35,000 രൂപ ശമ്പളത്തില്‍ ചേര്‍ന്നത്.”

ജലീല്‍ പറഞ്ഞ യുക്തിയാണ് ജൂബിലി നവപ്രഭയും ഇവിടെ ഉയര്‍ത്തുന്നത്. ‘അനധികൃത’ നിയമനം നേടിയത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടല്ല എന്നു വ്യക്തമാക്കുക. മറിച്ച് പൊതു താല്‍പ്പര്യാര്‍ത്ഥമാണ് എന്നു വാദിക്കുക.

സേവനമാണ് ലക്ഷ്യമെങ്കില്‍ ഒരു രൂപ പോലും പ്രതിഫലം പറ്റാതെ സെവിച്ചു കൂടെ എന്ന ചോദ്യത്തില്‍ മുനയൊടിയാവുന്നതേയുള്ളൂ പെന്‍ഷനായി നല്ലൊരു തുക മാസം കൈപ്പറ്റുന്ന ജൂബിലി നവപ്രഭയുടെ വാദം. “ഭര്‍ത്താവാണ് തനിക്ക് വലുതെന്നും അദ്ദേഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന ധര്‍മ്മപത്നിയാണ് താനെന്നും” പറഞ്ഞുകൊണ്ടുള്ള ജൂബിലി നവപ്രഭയുടെ രക്തസാക്ഷിത്വത്തിന് വലിയ പ്രഭയൊന്നും കിട്ടാന്‍ പോകുന്നില്ല.

എന്നാല്‍ 60 വയസില്‍ വിരമിക്കുന്ന വൈദഗ്ദ്ധ്യമുള്ള ആളുകളെ എന്തുകൊണ്ട് അവരവരുടെ മേഖലകളില്‍ വീണ്ടും ഉപയോഗിച്ച് കൂടാ എന്നൊരു ചോദ്യത്തിന് പ്രസക്തിയില്ലേ?

80 വയസ്സു കഴിഞ്ഞ ഇ ശ്രീധരന്റെ വൈദഗ്ദ്യം വീണ്ടും വീണ്ടും നമ്മുടെ സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നില്ലേ? വിരമിച്ച എത്ര ആളുകള്‍ ഗവണ്‍മെന്‍റുകളുടെ വിവിധ പദവികളില്‍ കമ്മിറ്റികളില്‍ കമ്മീഷനുകളില്‍ ഇരിക്കുന്നുണ്ട്. ആ ന്യായം മന്ത്രിയുടെ ‘ധര്‍മ്മ പത്നി’ ആയതുകൊണ്ട് ജൂബിലിക്ക് നിഷേധിക്കുന്നത് ശരിയോ? അവര്‍ യോഗ്യ ആണെങ്കില്‍ (യോഗ്യത സര്‍ട്ടിഫിക്കറ്റ് മാത്രമല്ലലോ) മാനേജ്മെന്‍റ് ടെക്നോളജി ആന്‍ഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് അവരെ നിയമിച്ചതില്‍ വൈദഗ്ദ്യം (ഉണ്ടെങ്കില്‍) എന്ന യുക്തിക്ക് സ്ഥാനമില്ലേ? അദീബിന്റെ കാര്യത്തില്‍ ജലീല്‍ പറയുന്ന യുക്തിയും അത് തന്നെയല്ലേ?

ചായക്കടയില്‍ കേട്ടത്: ഇ ശ്രീധരനേ ചീത്ത വിളിച്ചതിന് കിട്ടുന്നതാ..?

സുപ്രീം കോടതിയില്‍ നിന്നും വക്കീലന്മാരെ കൊണ്ടുവരുന്നത് കോടികള്‍ ചിലഴിച്ച്; അട്ടപ്പാടി മധു കേസില്‍ വക്കീലിന് നല്‍കാന്‍ പണമില്ല

ജലീലിന് മേല്‍ ചാരിയ കോണിയിലൂടെ ഷാജി ഇറങ്ങുമോ?

മന്ത്രിമാരുടെയും നേതാക്കളുടെയും ചികിത്സയുടെ കാര്യം വരുമ്പോള്‍ ഈ കാശിന്റെ പ്രശ്‌നമില്ലല്ലോ?

മന്ത്രി ബന്ധുവിന് വേണ്ടി തഴഞ്ഞത് അഞ്ച് എംബിഎക്കാരെ; കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു

കെഎസ്ഐഡിസിയില്‍ ‘ചിറ്റപ്പന്‍ നിയമന’ നീക്കം; കയ്യോടെ പിടിച്ചപ്പോള്‍ പിഴവെന്ന് വിശദീകരണം

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on November 12, 2018 4:56 pm