X

നിറപറ നിരോധനം; അപ്പീല്‍ പോകാന്‍ ഭക്ഷ്യവകുപ്പിനു നിയമോപദേശം

അഴിമുഖം പ്രതിനിധി
 

നിറപറ കറി പൗഡറുകളുടെ നിരോധനത്തിനെതിരെയുള്ള കോടതി ഉത്തരവിന് അപ്പീല്‍ പോകാന്‍ നിയമവകുപ്പിന്റെ പച്ചക്കൊടി. അപ്പീല്‍ പോകാന്‍ ആദ്യഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് അനുമതി നല്‍കാതിരുന്ന നിയമവകുപ്പ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തിലെ 26(2)(ii),30(2)(ഡി) എന്നീ വകുപ്പുകള്‍ പ്രകാരം കമ്മീഷണര്‍ക്ക്  അപ്പീല്‍ പോകാനുള്ള അനുമതിയുണ്ടെന്നും നിറപറ ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതാണ് ഹാനികരമല്ല എന്ന കോടതി വിധികാരണമാണ് തുടക്കത്തില്‍ അപ്പീല്‍ പോകേണ്ടെന്നുള്ള  നിയമോപദേശം നല്‍കാന്‍ കാരണം എന്ന് നിയമവകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് അറിയിച്ചു. എന്നാല്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കമ്മീഷണറില്‍ നിന്നും വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് അറിഞ്ഞപ്പോഴാണ് അനുകൂലമായ മറുപടി നല്‍കിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പീല്‍ സംബന്ധിച്ചുള്ള നിയമോപദേശം നിയമവകുപ്പില്‍ നിന്നും ആരോഗ്യവകുപ്പ്‌ സെക്രട്ടറിയ്ക്ക് കൈമാറിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ അഴിമുഖത്തോട് പറഞ്ഞു. അതനുസരിച്ചുള്ള ഉത്തരവ് ഇനി ആരോഗ്യവകുപ്പ്‌ സെക്രട്ടറിയാണ് നല്‍കേണ്ടതെന്നും ഇന്ന് തന്നെ ഉത്തരവ് ഇറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെകെആര്‍ ഫുഡ്‌ പ്രൊഡക്ട്സ് വിപണിയിലെത്തിക്കുന്ന നിറപറ  മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി ഉല്‍പ്പന്നങ്ങളില്‍ 15 മുതല്‍ 70 ശതമാനം സ്റ്റാര്‍ച്ചിന്റെ അളവ് പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ മൂന്ന് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വിപണനം എന്നിവ നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. എന്നാല്‍ കമ്മീഷണര്‍ക്ക് ഇവ നിരോധിക്കാന്‍ അധികാരമില്ല എന്നും നിറപറയ്ക്ക് പിഴവുകള്‍ തിരുത്താന്‍ അവസരം നല്‍കിയില്ല എന്നും ചൂണ്ടിക്കാട്ടി കോടതി നിരോധനം റദ്ദാക്കുകയായിരുന്നു. ഈ ഉത്തരവും അപ്പീല്‍ പോകേണ്ടെന്ന തീരുമാനവും പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു.

This post was last modified on December 27, 2016 3:24 pm