X

നിതീഷ് ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

അഴിമുഖം പ്രതിനിധി

ബീഹാര്‍ മുഖ്യമന്ത്രിയായി ജനതാദള്‍ നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ചാം തവണയാണ് നിതീഷ് ബീഹാര്‍ മുഖ്യമന്ത്രിയാകുന്നത്. മഹാസഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് പട്‌നയിലെ ഗാന്ധി മൈതാനത്തില്‍ ഒരുക്കിയ ചടങ്ങിലാണ് അധികാരമേറ്റത്. നിതീഷിനൊപ്പം രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വിയും തേജ് പ്രതാപും പുതിയ ബീഹാര്‍ മന്ത്രി സഭയില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. നിതീഷിനെ കൂടാതെ 12 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.

രാജ്യത്തെ പ്രതിപക്ഷ നിരയുടെ ഒത്തുചേരലിന് കൂടെ ചടങ്ങ് വേദിയായി. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, സിപിഐഎം നേതാവ് സിതാറാം യെച്യൂരി, സിപിഐയുടെ ഡി രാജ എന്നിവരും ചടങ്ങിലെത്തിയപ്പോള്‍ വിമാനം വൈകിയത് കാരണം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങ് തുടങ്ങി ഒരു മണിക്കൂറോളം കഴിഞ്ഞാണ് എത്തിയത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എം വെങ്കയ്യ നായിഡു ചടങ്ങില്‍ പങ്കെടുത്തു.

മഹുവ നിയമസഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട തേജ് പ്രതാപിന് അപേക്ഷിത് (പ്രതീക്ഷ) എന്ന വാക്ക് നേരാംവിധം ഉച്ചരിക്കാനായില്ല. പകരം ഉപേക്ഷിത് (അവഗണിക്കപ്പെട്ടത്‌) എന്നാണ് പറഞ്ഞത്. ഇതേതുടര്‍ന്ന് പ്രതിജ്ഞ വീണ്ടും ചൊല്ലാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടുവെങ്കിലും വീണ്ടും തെറ്റിക്കുകയുണ്ടായി.

This post was last modified on December 27, 2016 3:26 pm