X

തലശേരിയിലും തെലങ്കാനയിലും ആത്മഹത്യ; ഹരിപ്പാട് നോട്ട് മാറാന്‍ ക്യൂവില്‍ നിന്നയാള്‍ മരിച്ചു

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ തലശേരിയില്‍ നോട്ട് മാറാന്‍ ക്യൂവില്‍ നിന്നയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഇയാള്‍ വീണതല്ല, മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തലശേരി എസ്ബിടി ബാങ്കില്‍ ക്യൂ നില്‍ക്കുകയായിരുന്ന പെരളശേരി പിലാഞ്ഞി സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. കെഎസ്ഇബി ഓവര്‍സീയറാണ് ഉണ്ണികൃഷ്ണന്‍. ആലപ്പുഴ ഹരിപ്പാട് എസ്ബിടിയില്‍ ക്യൂ നിന്നയാള്‍ മരിച്ചു. കുമാരപുരം സ്വദേശി കാര്‍ത്തികേയനാണ് മരിച്ചത് (72).

തെലങ്കാനയില്‍ അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാനാവില്ലെന്ന തെറ്റിദ്ധാരണയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ മെഹ്ബൂബ് നഗര്‍ സ്വദേശിയായ കാന്‍ഡുകുറി വിനോദ (55) യാണ് ജീവനൊടുക്കിയത്. വസ്തുക്കള്‍ വിറ്റ വകയില്‍ വിനോദയുടെ കയ്യില്‍ 25 ലക്ഷം രൂപ ഉണ്ടായിരുന്നു. ബാങ്കില്‍ നിക്ഷേപിക്കാതെ ഇത് കയ്യില്‍ സൂക്ഷിക്കുകയായിരുന്നു. പഴയ നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ നടപടി വിനോദയെ ഞെട്ടിച്ചു. തന്റെ കയ്യിലുള്ള പണത്തിന് ഇനി ഒരു മൂല്യവുമില്ലെന്ന് തെറ്റിദ്ധരിച്ച ഇവര്‍ ഇതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ലെന്ന് പൊലീസ്് പറഞ്ഞു. പല തെറ്റായ വിവരങ്ങളും ജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ ആരെങ്കിലും വിനോദയ്ക്ക് തെറ്റായ വിവരം നല്‍കിയിട്ടുണ്ടാമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 2:18 pm