X

നിങ്ങള്‍ കൊന്നു കളഞ്ഞത്, വയറു നിറച്ച് ആഹാരം കഴിക്കുന്നൊരു ദിവസം കൂടി സ്വപ്‌നം കണ്ടു നടന്നവനെയായിരുന്നു…

മഹാരാജാസില്‍ പഠിക്കുക എന്നത് എന്റെ ജീവിതലക്ഷ്യമായിരുന്നു എന്നു പറഞ്ഞിരുന്ന ഒരു വിദ്യാര്‍ത്ഥിയാണ് പാതിയില്‍ അവിടെ നിന്നും പിരിഞ്ഞു പോകുന്നത്. അവനായിട്ടല്ല, അവര്‍ അവനെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചതാണ്, ഈ കാമ്പസില്‍ നിന്നു മാത്രമല്ല, അവനെ സ്‌നേഹിച്ചവര്‍ക്കെല്ലാം ഇടയില്‍ നിന്നും

വയറ് നിറഞ്ഞ് ആഹാരം കഴിക്കുന്നൊരു ജീവിതം നേടിയെടുക്കും മുന്നേയാണ് അവനെയവര്‍ കൊന്നു കളഞ്ഞത്! എത്രയോ രക്തസാക്ഷികളുടെ വീടുകളില്‍ പോയിരിക്കുന്നു, പക്ഷേ അന്നൊന്നും തോന്നാത്തയത്ര വേദനയാണ് ഈ ക്യാമ്പസില്‍ ഇപ്പോള്‍ നില്‍ക്കുമ്പോള്‍ എനിക്കുള്ളത്. അവനത്രയ്ക്ക് പാവമായിരുന്നു. ജീവിതത്തെ ഒരുപാട് സ്‌നേഹിച്ചവന്‍. ഒട്ടും കൊതി തീരാതെയാണവന്‍ പോയത്;….കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായി സീന ഭാസ്‌കര്‍ അഭിമന്യുവിനെ കുറിച്ച് പറയുമ്പോള്‍ എത്ര ശ്രമിച്ചിട്ടും കണ്ണീരടക്കാന്‍ കഴിയുന്നില്ല. ബ്രിട്ടോയുടെ വീട്ടിലെ ഒരംഗം തന്നെയായിരുന്നു അഭിമന്യു.

ബ്രിട്ടോയുടെ യാത്ര വിവരണം കേട്ടെഴുതിയെടുക്കുന്നതിനു വേണ്ടായായിരുന്നു അഭി വീട്ടില്‍ വരുന്നത്. പിന്നെയവന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളായി മാറി. ബ്രിട്ടോയെപോലൊരാളുടെ കൂടെ നില്‍ക്കണമെങ്കില്‍ അപാരമായ ക്ഷമാശക്തിയും സഹനവും വേണം. പക്ഷേ, അഭി ബ്രിട്ടോയെ കീഴടക്കുകയായിരുന്നു. അവന്റെ പെരുമാറ്റവും ആളുകളോടുള്ള ഇടപെടലും കൊണ്ട് ആരെയും അവന്‍ കീഴടക്കും. പിന്നെയവന്റെ എഴുത്ത്. അതൊരു അത്ഭുതമായിരുന്നു. തമിഴ് പശ്ചാത്തലത്തില്‍ നിന്നും വരൊന്നാരാളാണ്, പഠിച്ചതും തമിഴ മീഡിയത്തില്‍. മലയാളം അവന്‍ പിന്നീട് പഠിച്ചെടുക്കുകയായിരുന്നു. നല്ല വൃത്തിയായി വലുതാക്കി അവന്‍ എഴുതും. ആ കൈയക്ഷരം കണ്ടാല്‍ അവന്റെ പശ്ചാത്തലം അറിയുന്നവര്‍ ആണെങ്കില്‍ തീര്‍ച്ചായും അത്ഭുതപ്പെടും. ബ്രിട്ടോയുടെ സംസാരം വേഗത്തിലാണ്. അതു പിന്‍തുടര്‍ന്ന് എഴുതിയെടുക്കുക എന്നതു സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. അഭി പക്ഷേ, അതേ വേഗത്തില്‍ എഴുതും. അതും മനോഹരമായി. ബ്രിട്ടോ തന്നെ പലവട്ടം അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

ആഴ്ച്ചയില്‍ മൂന്നു ദിവസത്തോളം അഭി ഞങ്ങളുടെ വീട്ടില്‍ എത്തും. വ്യാഴം മുതല്‍ ശനി വരെ കാണും. ഞായര്‍ വീട്ടില്‍ പോകും. ഈ ദിവസങ്ങളില്‍ അവന് സന്തോഷമാണെന്നു പറയും. കാരണം, മൂന്നു ദിവസത്തോളം ഞങ്ങളുടെ വീട്ടില്‍ നിന്നും കഴിക്കാം, പിന്നെയവന്‍ അവന്റെ വീട്ടില്‍ പോകും. തിങ്കളാഴ്ച വരുമ്പോള്‍ വീട്ടില്‍ നിന്നും ചോറു പൊതിഞ്ഞു കൊണ്ടുവരും. വയറ് നിറച്ച് ആഹാരം കഴിക്കാന്‍ കഴിവില്ലാത്തൊരു കുഞ്ഞായിരുന്നു അഭി. അതവന്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഞനെന്റെ വയറ് നിറഞ്ഞ് ഭക്ഷണം കഴിച്ചിട്ടില്ല ചേച്ചീയെന്ന്… അഭിയെ പോലുള്ള കുട്ടികള്‍ വീട്ടില്‍ വരുമ്പോള്‍ ബ്രിട്ടോ പറയും അവര്‍ക്ക് എന്തെങ്കിലും ഇറച്ചിയോ മറ്റോ വാങ്ങി വച്ചു കൊടുക്കാന്‍. അഭി അപ്പോഴും ചോദിച്ചിരുന്നത് എന്തിനാ ചേച്ചി ചിക്കനൊക്കെ വാങ്ങി കാശ് കളയുന്നതെന്നാണ്. കറി വേണ്ടേടാ എന്നു തിരിച്ചു ചോദിച്ചാല്‍, ഞങ്ങള്‍ പലപ്പോഴും പച്ചച്ചോറാണ് ചേച്ചീ കഴിക്കണതെന്നായിരുന്നു അവന്റെ ചിരിയോടെയുള്ള മറുപടി…അങ്ങനെ വളര്‍ന്നു വന്നൊരു കുഞ്ഞിനെയാണ്…

ഒറ്റ കുത്തിനാണവര്‍ അഭിയെ കൊന്നത്. ഇതിലും കൂടുതല്‍ പരിക്ക് ബ്രോട്ടോയ്ക്ക് ഉണ്ടായിരുന്നു. ബ്രിട്ടോയുടെനെഞ്ചിലും കുത്തിയിരുന്നു. പക്ഷേ, ബ്രിട്ടോയ്ക്ക് ശരീരം ഉണ്ടായിരുന്നു. അഭി അങ്ങനെയല്ല, മെലിഞ്ഞ് നീണ്ടൊരു കുഞ്ഞ്. അതുകൊണ്ടു തന്നെ ആ കൊലയാളികള്‍ക്ക് അവരുടെ കത്തി അവന്റെ ഹൃദയത്തിലേത്ത് വളരെ വേഗത്തില്‍ ഇറക്കാന്‍ പറ്റി. അവന്റെ ശരീരത്തില്‍ അത്രയ്ക്ക് മാംസമേ ഉണ്ടായിരുന്നുള്ളൂ. അതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് അറിയുമോ, കൊലയാളികളേ…അവന് നിങ്ങളെയൊന്നും പോലും ഇഷ്ടമുള്ളതൊക്കെയും, വേണ്ടപ്പോള്‍ വാങ്ങി കഴിക്കാനൊന്നും ഗതിയില്ലായിരുന്നു. വയറെരിഞ്ഞ് നടന്നാണവന്‍ ചിരിച്ചതും മുദ്രാവാക്യം വിളിച്ചതും എല്ലാവര്‍ക്കുമിടയില്‍ ഒടിനടന്നതും. അവന് മനസ് കൊണ്ട് ശക്തനായിരുന്നുവെങ്കിലും ശരീരം കൊണ്ട് ദുര്‍ബലനായിരുന്നു. അതുകൊണ്ട് നിങ്ങള്‍ക്കവനെ വേഗം കീഴ്‌പ്പെടുത്താന്‍ പറ്റി.

കൈവെട്ടു സംഘങ്ങള്‍ കഠാരയുമായി കലാലയങ്ങളിലേക്കിറങ്ങുമ്പോള്‍

ജീവിതത്തെ കുറിച്ച് അവന് വലിയ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. മഹാരാജാസില്‍ പഠിക്കുക എന്നത് അഭിയുടെ ലക്ഷ്യമായിരുന്നു.  കെമസിട്രിയാണവന്‍ എടുത്തത്. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെങ്കിലും പഠിത്തത്തിന്റെ കാര്യത്തില്‍ ഉഴപ്പ് കാണിച്ചില്ല. ആദ്യവര്‍ഷം മോശമില്ലാത്ത മാര്‍ക്ക് നേടിയിരുന്നു. എനിക്കൊരു കെമിസ്റ്റ് ആകണമെന്നായിരുന്നു അഭി അവന്റെ ലക്ഷ്യമായി പറഞ്ഞിരുന്നത്. ഞാന്‍ വട്ടവടക്കാരുടെ ശാസ്ത്രജഞനാകുമെന്നു എപ്പോഴും പറയുമായിരുന്നു. ഒരുപാട് പ്രതിസന്ധികളൊക്കെ കടന്ന് ഇത്രവരെ എത്തിയപ്പോള്‍ തനിക്ക് തന്റെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു തന്നെയായിരുന്നു അഭിയുടെ വിശ്വാസം. നീ വലിയ ശാസ്ത്രജ്ഞനൊക്കെയായി കഴിയുമ്പോള്‍ ഞങ്ങളെയൊക്കെ മറക്കുമോ എന്ന് കളിയായി ചോദിക്കും, നിങ്ങളെയൊക്കെ എനിക്ക് മറക്കാന്‍ കഴയുമോ! ഞാന്‍ വലിയ ആളായി കഴിയുമ്പോള്‍ നിങ്ങളെയൊക്കെ കൂട്ടിക്കൊണ്ടു പോയി കുറച്ച് നാള്‍ എന്റെ കൂടെ നിര്‍ത്തും എന്നായിരുന്നു അവന്‍ പറഞ്ഞിരുന്നത്.

കൗതുകം നിറഞ്ഞ മനസായിരുന്നു അവന്റേത്. ഇവിടെ കാണുന്നതെന്തും അവന് അത്ഭുതമായിരുന്നു. ബോള്‍ഗാട്ടിയില്‍ പോയപ്പോള്‍ അവിടം കണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുന്ന അഭിയെ ഓര്‍മയുണ്ട്. എന്ത് രസാണിവിടം എന്നായിരുന്നു അവന്‍ പറഞ്ഞത്. ഇതിലും നല്ല ഭംഗിയുള്ള സ്ഥലത്തു നിന്നല്ലേ നീ വരുന്നതെന്നു ചോദിച്ചാല്‍ അവന്‍ പറയുന്നത് ഈ നഗരമാണ് ഭംഗിയെന്നാണ്. ഒടുവില്‍ ആ നഗരം തന്നെ അവന്…

സീന അഭിമന്യുവിനെ കുറിച്ച് ഓര്‍ത്തു പറയുമ്പോള്‍, മഹാരാജാസിന്റെ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ആ ഇരുപതുകാരന്റെ മൃതദേഹം കൊണ്ടു പോയിട്ട് അധികം നേരമായിട്ടില്ല. എന്നന്നേക്കുമായി അവന്‍ ആ കാമ്പസില്‍ നിന്നും യാത്രയാകുകയായിരുന്നു. മഹാരാജാസില്‍ പഠിക്കുക എന്നത് എന്റെ ജീവിതലക്ഷ്യമായിരുന്നു എന്നു പറഞ്ഞിരുന്ന ഒരു വിദ്യാര്‍ത്ഥിയാണ് പാതിയില്‍ അവിടെ നിന്നും പിരിഞ്ഞു പോകുന്നത്. അവനായിട്ടല്ല, അവര്‍ അവനെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചതാണ്, ഈ കാമ്പസില്‍ നിന്നു മാത്രമല്ല, അവനെ സ്‌നേഹിച്ചവര്‍ക്കെല്ലാം ഇടയില്‍ നിന്നും.

അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം

‘നിരായുധനായ ഒരു കൗമാരക്കാരനെ പച്ചക്ക് തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് എന്തു തരം വിഷമാണ്?’

മറ്റൊരു രക്തസാക്ഷിക്കായി അഭിമന്യൂ എഴുതിയ പോരാട്ടവീറുള്ള വാക്കുകൾ

യെന്‍ മകനേ.. നാന്‍ പെറ്റ മകനേ: അഭിമന്യുവിന് മഹാരാജസിന്റെ വിട

ചിറകു വിരിച്ചു പറക്കുന്നു ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി; കൊളംബിയക്ക് വിജയം നേര്‍ന്ന് അഭിമന്യുവിന്റെ അവസാന പോസ്റ്റ്

രണ്ട് മലയാളി പെണ്‍കുട്ടികള്‍ ബുള്ളറ്റില്‍ ഹിമാലയം താണ്ടി വന്ന കഥ

 

 

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

This post was last modified on July 2, 2018 6:19 pm