X

ഈ ചെങ്ങന്നൂര്‍ സ്വദേശിയാണ് പാകിസ്താനില്‍ വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയത്

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതിന് പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ വിഭാഗം ഇതിനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു.

പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ ബോംബിട്ടു തകര്‍ത്ത വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയത് ഒരു മലയാളി ഉദ്യോഗസ്ഥനാണ്. ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി സ്വദേശിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാര്‍ നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡ് ആണ് അതിര്‍ത്തി കടന്നുള്ള ആക്രമണ പദ്ധതി ആസൂത്രണം ചെയ്തത്. പാകിസ്താനുമായുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല ഡല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണ്.

എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് സി ഹരികുമാര്‍, വ്യോമസേനയുടെ പല പ്രധാനപ്പെട്ട ഓപ്പറേഷനുകളിലും പങ്കാളിയായിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതിന് പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ വിഭാഗം ഇതിനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം സൂക്ഷ്മ വ്യോമ മിസൈലാക്രമണം നടത്താന്‍ കെല്‍പുള്ള സ്‌ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്.

എയര്‍ മാര്‍ഷല്‍ ഷിരീഷ് ബബന്‍ ഡിയോ വൈസ് ചീഫായി സ്ഥാനമേറ്റപ്പോള്‍ 2017 ജനുവരി ഒന്നിനാണ് വെസ്‌റ്റേണ്‍ എയര്‍ കമാര്‍ഡ് ചുമതലയിലേക്ക് ഹരികുമാര്‍ എത്തുന്നത്. ഹരികുമാര്‍ 1979 ഡിസംബര്‍ 14നാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമില്‍ പങ്കാളിയായത്. 3300 മണിക്കൂറുകള്‍ പറന്നാണ് ഹരികുമാര്‍ ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടറായി യോഗ്യത നേടിയത്. ന്യൂ ഡല്‍ഹിയിലെ നാഷണന്‍ ഡിഫന്‍സ് കോളേജിലും, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലും, രാഷ്ട്രീയ ഇന്ത്യന്‍ മിലറ്ററി കോളേജിലുമായിരുന്നു ഹരികുമാറിന്റെ വിദ്യാഭ്യാസം.

ഇതുവരെയുള്ള സേവനകാലത്ത് ഇദ്ദേഹം നിരവധി ഓപ്പറേഷനുകളില്‍ പങ്കാളികളാവുകയും മിഗ്-21 യുദ്ധവിമാനത്തിന്റെ നേതൃത്വവും, ആദ്യ നിര യുദ്ധവിമാനങ്ങളുടെ നേതൃത്വവും, യുദ്ധവിമാന പരിശീലന വിഭാഗത്തിന്റെ സൗത്ത് -വെസ്റ്റ് എയര്‍ കമാന്‍ഡാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫുമായിരുന്നു ഹരികുമാര്‍.

ഹരികുമാറിന്റെ സേവനങ്ങള്‍ക്ക് രാജ്യം ആദരിച്ചത് സമാധാന കാലത്തെ മികച്ച സേവനത്തിനുള്ള പരം വിശിഷ്ട സേവാ മെഡലും (2018 ജനുവരി), അതി വിശിഷ്ട സേവാ മെഡല്‍ (2016 ജനുവരി), വിശിഷ്ട സേവാ മെഡല്‍ (2015 ജനുവരി), വായു സേന മെഡല്‍ (2011 ജനുവരി) തുടങ്ങിയവ നല്‍കി കൊണ്ടാണ്. പുസ്തകങ്ങളും യാത്രകളും ഇഷ്ടപ്പെടുന്ന ഹരികുമാറിന്റെ ഭാര്യ ശ്രീമതി ദേവികയാണ്. രണ്ട് കുട്ടികള്‍.

This post was last modified on February 28, 2019 5:26 am