X

വ്യക്തത എന്നായിരുന്നു വി.സി ഹാരിസിനെ നിര്‍വചിക്കേണ്ടത്; ദീപന്‍ ശിവരാമന്റെ ഓര്‍മ

ഞാന്‍ അവസാനം മാഷെ കാണുന്നത് കൊടുങ്ങല്ലൂര് വച്ചാണ്. ഖസാക്കിന്‍റെ ഇതിഹാസം അവതരിപ്പിച്ച സമയത്ത്

എം.ജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും എഴുത്തുകാരനും അഭിനേതാവും ഒക്കെയായിരുന്ന ഡോ. വി.സി ഹാരിസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നുണ്ട്. ഡോ. ഹാരിസിന്റെ വിദ്യാര്‍ഥി കൂടിയായിരുന്ന നാടകപ്രവര്‍ത്തകന്‍ ദീപന്‍ ശിവരാമന്റെ ഓര്‍മകളിലൂടെ.

എം.ജി യൂണിവേഴ്സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ പഠനകാലം ജീവിതത്തിലെ ഏറ്റവും നല്ല കാലങ്ങളില്‍ ഒന്നായിരുന്നു. 2000-2002 കാലമാണ് ലെറ്റേഴ്‌സില്‍ ഉണ്ടായിരുന്നത്. അന്ന് അവിടെ  പി ബാലചന്ദ്രനുണ്ട്, ഡി വിനയചന്ദ്രന്‍ സാര്‍, വിസി ഹാരിസ് – ഇവരൊക്കെയുണ്ട്. ഞങ്ങള്‍ അവിടെയുണ്ടായിരുന്ന സമയത്ത് നരേന്ദ്ര പ്രസാദ് ലീവിലായിരുന്നു. ഹാരിസ് മാഷ് സിനിമയെക്കുറിച്ചും നാടകങ്ങളെ കുറിച്ചും നല്ല ധാരണയുള്ളയാളാണ്. ഞങ്ങളൊരുമിച്ച് നാടകങ്ങള്‍ ചെയ്തിരുന്നു. പി ബാലചന്ദ്രന്‍ സാറാണ് രണ്ടെണ്ണം സംവിധാനം ചെയ്തത്. അതിലൊന്ന് ഹാരിസ് മാഷ് പരിഭാഷപ്പെടുത്തിയ ഇയാഗോ ആയിരുന്നു. ഷേക്‌സ്പിയറിന്റെ ഒഥല്ലോ ആഫ്രിക്കന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ പുനരാഖ്യാനം ചെയ്തതായിരുന്നു ഇയാഗോ. അതില്‍ ഹാരിസ് മാഷാണ് ഒഥല്ലോ ആയത്. ഞാന്‍ ഇയാഗോ ആയി. 

പിന്നീട് ബ്രെഹ്തിന്‍റെ The Good Women of Setzuan എന്ന നാടകം ചെയ്തു. സാധാരണഗതിയിലുള്ള ഒരു അധ്യാപക – വിദ്യാര്‍ഥി ബന്ധമല്ല ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. കുറേകൂടി പക്വമായ ഒന്നായിരുന്നു അത്. തുടര്‍ച്ചയായുള്ള സംഭാഷണങ്ങള്‍, സംവാദങ്ങള്‍, ക്ലാസുകള്‍ പല സെഷനുകള്‍ ആയിരുന്നു. അതിന്‍റെ തുടര്‍ച്ച ചിലപ്പോ ചായക്കടയിലാകാം, അധ്യാപകരുടെ വീടുകളില്‍ ആവാം. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളില്‍ സിനിമയോടും തീയറ്ററിനോടുമുള്ള സമീപനങ്ങളില്‍ ഒക്കെ ഹാരിസിന് വ്യക്തതയുണ്ടായിരുന്നു. ഒരു തരത്തിലുള്ള Hierarchy-യേയും അദ്ദേഹം പിന്തുടര്‍ന്നില്ല. പല സ്ഥലത്തും പഠിച്ചു വന്ന നമുക്ക് ഇത്തരമൊരു തുല്യതയുള്ള ബന്ധം പുതിയ അനുഭവമായിരുന്നു. ഏറ്റുമാനൂരെ ഹാരിസ് മാഷിന്‍റെ വീട്ടില്‍ ഞങ്ങള്‍ രാത്രികളില്‍ ഒത്തുകൂടി. രാത്രി മുഴുവന്‍ പാട്ടുകള്‍ പാടി. 

ഞാന്‍ അവസാനം മാഷെ കാണുന്നത് കൊടുങ്ങല്ലൂര് വച്ചാണ്. ഖസാക്കിന്‍റെ ഇതിഹാസം അവതരിപ്പിച്ച സമയത്ത്. നാടകം കാണാന്‍ മാഷ്‌ വന്നിരുന്നു. നാടകത്തിന്‍റെ ഇടയ്ക്ക് വച്ച് അദ്ദേഹം ഇറങ്ങിപ്പോയി. ഏതാണ്ട് മധ്യഭാഗത്ത് വച്ച്. എനിക്ക് അദ്ദേഹത്തോട് ചോദിക്കണം എന്നുണ്ടായിരുന്നു, എന്തിനാണ് പകുതിക്ക് വച്ച് ഇറങ്ങിപ്പോയത് എന്ന്. നാടകം ഇഷ്ടപ്പെടാത്തത് കൊണ്ടാണോ അതോ ശാരീരികമായ എന്തെങ്കിലും ബുദ്ധിമുട്ട് കൊണ്ടാണോ എന്ന് അറിയണം എന്നുണ്ടായിരുന്നു. പിന്നീട് ഫോണില്‍ സംസാരിച്ചെങ്കിലും ഇതേക്കുറിച്ച് സംസാരിക്കാനായില്ല. പിന്നീട് ഒരിക്കലും നേരിട്ട് കാണാനും കഴിഞ്ഞില്ല. 

This post was last modified on October 11, 2017 2:48 pm