X

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്ത ബിജെപിക്ക് ചെങ്കോട്ട വില്‍ക്കാന്‍ എന്തു ബുദ്ധിമുട്ട്? ബേക്കല്‍ സംരക്ഷണ സംഗമത്തില്‍ ചരിത്രകാരന്‍ ഡോ.കെകെഎന്‍ കുറുപ്പ്

ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ബേക്കല്‍ കോട്ട സംരക്ഷണ സംഗമം

ബേക്കല്‍ കാസറഗോഡിന്റെ വികാരമാണ്. അതിനെ തകര്‍ക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ ജില്ല ഒറ്റക്കെട്ടായി നില്‍ക്കുകതന്നെ ചെയ്യും എന്ന മുന്നറിയിപ്പാണ് ഇന്നലെ ബേക്കല്‍ കോട്ടയ്ക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധക്കോട്ടയിലെ പങ്കാളിത്തം വ്യക്തമാക്കുന്നത്. വില്‍പന ചരക്കായി നില്‍ക്കുന്ന നാടിന്റെ പൈതൃകത്തെ സംരക്ഷിക്കാന്‍ ഒത്തു ചേര്‍ന്നവര്‍ കൈയ്യോട് കൈചേര്‍ത്ത് കോട്ടയ്ക്ക് സംരക്ഷണ മതില്‍ തീര്‍ത്തു. ഡോ.കെകെഎന്‍ കുറുപ്പ്, പ്രൊഫ.സി.ബാലന്‍ തുടങ്ങിയ പ്രമുഖ ചരിത്രകാരന്‍മാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രമുഖ ചരിത്രകാരനും, മുന്‍ കലിക്കറ്റ് യൂണിവഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ.കെകെഎന്‍ കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തുന്ന ചെങ്കോട്ട വില്‍ക്കാന്‍ സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലത്ത പ്രസ്ഥാനമായതുകൊണ്ട് തന്നെ അവര്‍ക്ക് വലിയ പ്രയാസമൊന്നും ഉണ്ടാകാന്‍ സധ്യതയില്ലെന്ന് കെകെഎന്‍ കുറുപ്പ് പറഞ്ഞു.

ചരിത്ര സ്മാരകങ്ങളൊക്കെ മതനിരപേക്ഷതയുടെ തുരുത്തുകളായി അറിയപ്പെടുന്ന ഇടങ്ങളാണ്. ജാതിയും, മതവും നോക്കിയിട്ടല്ല ഇത്തരം സ്മാരകങ്ങളില്‍ ജനങ്ങള്‍ എത്തുന്നത്. അവയുടെ തകര്‍ച്ച മതനിരപേക്ഷതയ്ക്ക് ഏല്‍ക്കുന്ന മങ്ങല്‍ കൂടിയാണ് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ജനങ്ങളെ ബോധവല്‍ക്കരിക്കാനായിട്ടുള്ള ക്യാമ്പയിനുകള്‍ക്കും മറ്റും രാജ്യ വ്യാപകമായി നേതൃത്വം നല്‍കുന്നതിനായി ഡിവൈഎഫ്‌ഐ സെന്‍ട്രല്‍ കമ്മറ്റി തീരുമാനമെടുത്തിട്ടുണ്ട്. ബേക്കല്‍ കാസറഗോഡിന്റെ വികാരമായതിനാല്‍ ജില്ലയില്‍ പ്രതിഷേധ പ്രകടനം കുറച്ച് കൂടി നേരത്തേ നടത്തിയെന്നേ ഉള്ളൂ, ഡി.വൈ.എഫ്.ഐ കാസറഗോഡ് ജില്ല പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് പറഞ്ഞു.

ചരിത്രസൂക്ഷിപ്പുകള്‍ ഭാവിചരിത്രത്തിന് കൈമാറാനുളളതാണെന്നും അത് അര്‍ഹമായ രീതിയില്‍ പരിരക്ഷിച്ച് കൈമാറേണ്ടത് നമ്മുടെ കടമയാണെന്നും സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ശാസ്ത്രീയസംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പൊവ്വല്‍ കോട്ടയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബേക്കലും മട്ടാഞ്ചേരി കൊട്ടാരവും ‘വിറ്റു’; ചരിത്രസ്മാരകങ്ങള്‍ക്ക് വേണ്ടി കേരളത്തിലെങ്കിലും പ്രതിഷേധങ്ങള്‍ നടക്കേണ്ടിയിരിക്കുന്നുവെന്ന് എംജിഎസ്

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

This post was last modified on May 6, 2018 4:29 pm