X

കത്തിക്കുത്തുകേസിലോ അതിർത്തിതർക്കത്തിലോ അല്ല ഞാൻ കോടതിയിലെത്തുന്നത്; സംഘപരിവാറിനെതിരെ സംസാരിച്ചിട്ടാണ്-ദീപാ നിശാന്ത്

ദീപാ നിശാന്തിന്റെ രക്തം വേണമെന്ന ഫേസ്ബുക്ക് പോസ്റ്റ്; രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഫേസ്ബുക്കിൽ കൊലവിളി നടത്തിയ ബി.ജെ.പി. പ്രവർത്തകർക്കെതിരെ കേസെടുത്തു. ബിജു നായർ, രമേശ് കുമാർ നായർ എന്നിവർക്കെതിരെയാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തത്.

ഏറെക്കാലമായി സംഘപരിവാര്‍ വിരുദ്ധ നിലപാടുകളുടെ പേരിൽ ദീപാ നിശാന്ത് വേട്ടയാടപ്പെടുന്നുണ്ട്. കത്വവ സംഭവത്തെ തുടർന്ന് ദീപക് ശങ്കരനാരായണൻ എഴുതിയ പോസ്റ്റിനെ പിന്തുണച്ചതാണ് ഏറ്റവും പുതിയ പ്രകോപനം. ഇതിന്‍റെ പേരിൽ ദീപാ നിശാന്ത് ഹിന്ദുക്കളെ കൊല്ലാൻ ആഹ്വാനം നടത്തി എന്ന തരത്തിൽ ഫേസ്ബുക്കിലെ സംഘപരിവാര്‍ അനുകൂലികൾ പ്രചരണം നടത്തുന്നുണ്ടായി. ദീപാ നിശാന്തിൻറെ വിലാസവും ഫോൺ നമ്പറും ആർ.എസ്.എസ് നേതാവ് ടി.ജി.മോഹൻദാസ് പരസ്യപ്പെടുത്തുകയും ചെയ്തതോടെ നിരന്തരമായ ഭീഷണികളൂം അപകീർത്തിപ്പെടുത്തലുമാണ് അവർക്കെതിരെ നടന്നുവന്നിരുന്നത്.

ദീപക്കിനെതിരെ പരാതി നൽകിയതിനെ കുറിച്ച് ബിജുനായർ ഇട്ട പോസ്റ്റിലാണ് ദീപയെ അപായപ്പെടുത്തും എന്ന രീതിയിലുള്ള കമൻറ് വന്നത്. രമേശ് കുമാർ എന്നയാൾ ‘അവളുടെ രക്തം കൂടി വേണം. അവൾ ക്ഷമയുടെ എല്ലാ പരിധികളും ലംഘിക്കുകയാണെ’ന്ന് എന്ന് കമൻറിൽ എഴുതി. ‘ഞങ്ങൾ ശ്രമം തുടരുമെന്ന’ മറുപടിയാണ് ബിജുനായർ ഇതിന് നൽകിയത്. ബി.ജെ.പി അനുകൂല പ്രചരണങ്ങൾ നടത്തുന്നവരാണ് ഈ രണ്ട് പ്രൊഫൈലുകളും. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന വാദവുമായി ബിജുനായർ പിന്നീട് രംഗത്ത് വരികയുമുണ്ടായി.

ഈ സംഭവങ്ങളെ തുടർന്ന് ദീപാ നിശാന്ത് നൽകിയ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വ്യക്തിപരമായി അധിക്ഷേപിച്ചതിനും വധഭീഷണി അടക്കമുള്ള ക്രിമിനല്‍ ഗൂഡാലോചന നടത്തിയതിനുമാണ് പരാതി നൽകിയിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 506 ആം വകുപ്പ്, KP ആക്ട് വകുപ്പ് 120 എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനും അപകീർത്തിപ്പെടുത്തിയതിനും അധിക്ഷേപിച്ചു സംസാരിച്ചതിനുമൊക്കെയായി നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇത് വരെ ഒന്നിലും നടപടി ഉണ്ടായിട്ടില്ലെന്ന് ദീപാ നിശാന്ത് കഴിഞ്ഞ ദിവസം അഴിമുഖത്തോട് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ കേസെടുത്ത വിവരം ദീപാ നിശാന്ത് തന്നെയാണ് ഫേസ്ബുക്കിൽ പങ്കു വെച്ചത്. വിയോജിപ്പുകളെ നിയമപരമായി തന്നെ നേരിടുമെന്നും വ്യക്തിപരമായി ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് കേസുമായി മുന്നോട്ട് പോകുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. സംഘപരിവാര്‍ ഫാസിസത്തിനെതിരെ ഉയരുന്ന ലക്ഷക്കണക്കിന് ചെറുവിരലുകളിലൊന്ന് തന്‍റേതാണെന്ന അഭിമാനം നിലനിർത്തുമെന്നെഴുതിയിരിക്കുന്ന പോസ്റ്റിന് താഴെ നൂറ്കണക്കിന് ആളുകളാണ് അവർക്ക് പിന്തുണയർപ്പിച്ച് കമൻറ് ചെയ്യുന്നത്.

സംഘപരിവാറുകാര്‍ അത്ര ‘മണ്ടൻമാര’ല്ല; നമ്മളെ ആസൂത്രിതമായി കുടുക്കുന്നു-ദീപ നിശാന്ത്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ വിയോജിപ്പുകളെ നേരിടേണ്ടത് ബോഡി ഷെയിമിംഗിലൂടെയോ വ്യക്തിഹത്യയിലൂടെയോ വധഭീഷണിയിലൂടെയോ അല്ല എന്നാണ് വിശ്വാസം. നിയമപരമായിത്തന്നെയാണ് അതിനെതിരെ പ്രതികരിക്കേണ്ടതെന്നും കരുതുന്നു.

വ്യക്തിപരമായി അധിക്ഷേപിച്ചതിനും വധഭീഷണി അടക്കമുള്ള ക്രിമിനൽ ഗൂഢാലോചന എനിക്കെതിരെ നടത്തിയതിനും രണ്ട് വ്യക്തികൾക്കെതിരെ തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഞാൻ പരാതിപ്പെട്ടിരുന്നു. അതിൽ കേസെടുത്തിട്ടുണ്ട്. കേസെടുത്തു എന്നു പറയുന്നത് മഹാസംഭവമൊന്നുമല്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഈ കേസ് ഒരഭിമാനം തന്നെയാണ്. വ്യക്തിപരമായി എനിക്കുണ്ടാകാൻ പോകുന്ന എല്ലാ ബുദ്ധിമുട്ടുകളേയും അതിജീവിച്ച് ഞാനീകേസുമായി മുന്നോട്ടു പോകുക തന്നെ ചെയ്യും.

ഞാൻ ശ്രീ കേരളവർമ്മ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്.

മൂന്നാലു പുസ്തകങ്ങൾ എഴുതിയതു കൊണ്ട് എഴുത്തുകാരി എന്ന സ്ഥാനപ്പേരും ലഭിച്ചിട്ടുണ്ട്.

അതിലൊന്നും വലിയ കാര്യമില്ല.

എന്നാൽ എനിക്ക് എന്നെക്കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്ന ഒരു കാര്യമുണ്ട്.

സംഘപരിവാർ ഫാസിസത്തിനെതിരെ ഉയരുന്ന ലക്ഷക്കണക്കിന് ചെറുവിരലുകളിലൊന്ന് എൻ്റേതാണ്.

ആ അഭിമാനം തുടർന്നും ഞാൻ നിലനിർത്തും.

എന്തിനാണ് ടീച്ചർ ഈ കേസും കൂട്ടവുമൊക്കെ? സ്വസ്ഥത പോവില്ലേ? കോടതീലൊക്കെ പോവണ്ടേ? എന്ന് സ്നേഹപൂർവ്വം ആശങ്കപ്പെട്ടു കൊണ്ടേയിരിക്കുന്ന എൻ്റെ പ്രിയപ്പെട്ടവരേ, കത്തിക്കുത്തുകേസിലോ അതിർത്തിതർക്കത്തിലോ ഉൾപ്പെട്ട ആളായിട്ടല്ല ഞാൻ കോടതിമുറിയിലെത്തുന്നത്. സംഘപരിവാറിനെതിരെ സംസാരിച്ച ആളായിട്ടാണ്.

ഒന്നും പറയാതെ സ്വസ്ഥമായിരിക്കുന്നതിലും ഞാൻ മൂല്യവത്തായി കരുതുന്നത് ഈ അസ്വസ്ഥതകൾ തന്നെയാണ്. നിശ്ശബ്ദതയുടെ സ്വാസ്ഥ്യത്തേക്കാൾ ഒച്ച വെക്കലിൻ്റെ അസ്വസ്ഥതകളെ ഞാൻ വിലമതിക്കുന്നുണ്ട്.

ഒപ്പം നിന്നവർക്കൊക്കെ നന്ദി.

ബിജെപി മന്ത്രിയുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങില്ലെന്നത് എന്റെ നിലപാട്, നിങ്ങളുടെ തെറിവിളികളെ ഞാന്‍ ഭയപ്പെടില്ല; അനീസ് കെ മാപ്പിള

This post was last modified on May 6, 2018 9:31 am