X

അമീറുളിനെ കൊന്നാല്‍ അരുംകൊല ചെയ്യപ്പെട്ട ജിഷയ്ക്ക് നീതി കിട്ടുമോ? കൊല്ലാതിരിക്കാന്‍ പറ്റുമോ? അതും പറ്റില്ല, അല്ലേ?

ഒരു പരിഷ്കൃത സമൂഹത്തിലെ ശിക്ഷകളുടെ നൈതിക യുക്തി ചുരുങ്ങിയത് ഗോത്രീയ പ്രതികാര ബോധത്തില്‍ നിന്നെങ്കിലും മുമ്പോട്ട്‌ പോകണം . 

അമിറുള്‍ ഇസ്ലാമിന്‌ തുക്കുകയര്‍ വിധിക്കപ്പെട്ടതോടെ സൈബര്‍ ഇടത്തിലെങ്കിലും  ചര്‍ച്ചകള്‍ വിണ്ടും ഒരു വട്ടം കൂടി വധശിക്ഷയിലെ നൈതിക യുക്തി എന്ന പഴയ ചര്‍ച്ചയിലേക്ക് മടങ്ങിപ്പോയെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. ദീപക് ശങ്കരനാരായണന്‍ എഴുതിയ ഒരു പോസ്റ്റ്‌ മാത്രമേ അത്തരം ഒന്ന് ഇനിഷ്യേറ്റ് ചെയ്യുന്നതായി ഞാന്‍ കണ്ടുള്ളൂ എങ്കിലും.

ജിഷാ വധം നടന്ന നാള്‍ മുCapital തല്‍ അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മുന്ന് പരിപ്രേക്ഷ്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഒന്ന് അതിലെ ദളിത്‌ പക്ഷ വീക്ഷണകോണ്‍, രണ്ട് സ്ത്രീപക്ഷത്തിന്റെത്, മൂന്ന് സാമൂഹ്യ നിരാകരണത്തിന്റെതായ ഒന്ന്. ഇവ മുന്നും വെള്ളം കടക്കാത്ത വണ്ണം വ്യത്യസ്തമായ ‘മൂന്ന്’ അല്ല എന്നത് സാമാന്യയുക്തിയില്‍  വ്യക്തമാണ്. എന്നിരുന്നാലും അന്ന് അത് അങ്ങനെ ആയിരുന്നില്ല. പരസ്പരം റദ്ദ് ചെയ്യുന്ന മൂന്നു തലങ്ങള്‍ എന്ന നിലയില്‍ അന്ന് കടുത്ത വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ വസ്തുതകള്‍ പുറത്ത് വന്ന സ്ഥിതിക്ക് ആ വാദപ്രതിവാദങ്ങളുടെ സത്തയും ഒരു സ്വാഭാവിക പുനര്‍വിചിന്തനത്തിന് വിധേയമാകുന്നില്ലേ?

വസ്തുതകള്‍ വിശകലനങ്ങളെയും മാറ്റും. പക്ഷെ അവയിലെ തെളിച്ചക്കുറവായിരുന്നുവോ അന്നത്തെ സംഘര്‍ഷത്തിന് കാരണം?

സ്വത്വവാദത്തിന് സ്വതേ ഉള്ള പരിമിതികള്‍

സ്ത്രീ സ്വത്വവാദവും ദളിത്‌ സ്വത്വവാദവും നേര്‍ക്കുനേര്‍ നിന്ന് പൊരുതിയ ആ സൈദ്ധാന്തിക സ്ഥലം സ്വത്വവാദത്തിന് സ്വതേ ഉള്ള പരിമിതികള്‍ തുറന്നു കാട്ടുന്ന ഒന്നായിരുന്നു. അതിദാരുണമായി കൊലചെയ്യപ്പെട്ട ഒരു സ്ത്രീയുടെ എന്നെന്നേക്കുമായി റദ്ദ് ചെയ്യപ്പെട്ട വ്യക്തിഗത നീതിയുടെ ചിലവില്‍ ആയിരുന്നു ഇതൊക്കെയും എന്ന് ഓര്‍ക്കണം.

ഒരു നിലയ്ക്കും ഭൌതിക സുരക്ഷിതത്വമില്ലാത്ത, അതായത് ‘അടച്ചുറപ്പില്ലാത്ത’ ഒരു വീട്ടില്‍ ആണ് ഈ അതിക്രമം നടന്നത് എന്നത് മുതല്‍ നീതിന്യായ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കുറ്റകരമായ കാലതാമസം വരുത്തി എന്നത് വരെയുള്ള കാര്യങ്ങളില്‍ ഇരയുടെ ജാതീയമായ സ്വത്വം ഒരു കാരണമായി എന്ന് അനുമാനിക്കാം. പക്ഷെ ഇതേ പരിമിതിയുള്ള ഒരു പുരുഷന്‍ ഇതേ സാഹചര്യങ്ങളില്‍ ഇതുപോലൊരു നീതി നിഷേധത്തിന് ഇരയാകുമായിരുന്നില്ല. അപ്പോള്‍ ജിഷ അനുഭവിച്ച നീതി നിഷേധത്തില്‍ നിന്ന് സ്ത്രീ എന്ന സ്വത്വത്തെ എടുത്ത് മാറ്റാനാവില്ല.

ഇനി വര്‍ഗ്ഗപരമായി ഒരു മുന്നേറ്റം സാധ്യമായ ദളിത സ്ത്രീയുടെ കാര്യം. അങ്ങനെ എത്രപേര്‍ ഉണ്ട് എന്നത് മറ്റൊരു ചോദ്യമാണ്. അതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നതും. എന്നാല്‍ വര്‍ഗ്ഗപരമായ മുന്നേറ്റം സാധ്യമായി നഗരവത്കൃത ജീവിതത്തിലേക്ക് കയറ്റം കിട്ടിയ ഒരാളായിരുന്നു ജിഷ എങ്കിലും അവളെ ഇത്ര എളുപ്പത്തില്‍ ചവിട്ടി മെതിക്കാന്‍ ഒരു പുരുഷനാകുമായിരുന്നില്ല. അപ്പോള്‍ ജിഷയെ ഒരു ഈസി ടാര്‍ഗെറ്റ് ആക്കിയ  പാര്‍ശ്വവല്കരണമെന്ന പ്രമേയത്തില്‍ അവരുടെ ജാതിയും വര്‍ഗ്ഗവും ലിംഗവും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തം.

അടുത്തത് അവര്‍ അനുഭവിച്ച് പോന്ന സാമൂഹ്യ നിരാകരണത്തിന്റെത്. അതില്‍ ദളിത്‌, സ്ത്രീ, വര്‍ഗ്ഗ സ്വത്വങ്ങളെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത് ഇവയൊക്കെ ചേരുന്ന അവരുടെ സവിശേഷ വ്യക്തിപരിസരമാണ്. വര്‍ഷങ്ങളായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കേണ്ടിവന്ന ഒരു സ്ത്രീ എന്ന നിലയില്‍, മൂത്ത മകളുടെ വിവാഹ ജീവിതവും തകര്‍ന്ന സവിശേഷ പശ്ചാത്തലത്തില്‍ അവര്‍ അനുഭവിക്കുന്ന അരക്ഷിതത്വത്തെയും അത് ഉണ്ടാക്കുന്ന ഒരുപക്ഷെ അപക്വം തന്നെയും ആകാവുന്ന പ്രതികരണങ്ങളെയും, അത്തരം പരാധീനതകള്‍ ഇല്ലാത്തവര്‍ പോലും വേണ്ടത്ര സഹജാനുഭാവത്തോടെ കാണുന്നതിനുപകരം ശത്രുതാ മനോഭാവത്തോടെ കണ്ടതിന്റെ ഭാഗമാണ് അവര്‍ അനുഭവിച്ചത് എന്ന് അവരും അവരുടെ ‘കയ്യിലിരിപ്പുകൊണ്ട്’ എന്ന് അപരരും പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്ന ഒറ്റപ്പെടല്‍. ഇതൊക്കെയും ചേര്‍ന്ന ഒരു ക്യുമുലേറ്റീവ് പശ്ചാത്തലം അസാധ്യമൊന്നുമല്ല. പക്ഷെ പ്രശ്നം അത് അംഗീകരിച്ചാല്‍ സംഭവം തങ്ങള്‍ക്ക് അനുകൂലമായി തിരിക്കാന്‍ ആവുന്ന അതിന്‍റെ ഉപകരണക്ഷമത കുറയും എന്നതാണ്. അത് തന്നെയാണ് ജിഷയുടെ സ്വത്വങ്ങള്‍ അല്ല, സ്വത്വം തന്നെയാവണം പ്രശ്നവത്ക്കരണ അജണ്ടയില്‍ ആദ്യ ഇനം എന്ന നിര്‍ബന്ധത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ കാരണവും.

 അമീറുള്‍ ഇസ്ലാം എന്ന എല്ലാ സിദ്ധാന്തങ്ങളുമായി ഒത്തുപോകാത്ത പ്രതി 

നിരവധി കോണ്‍സ്പിറസി തിയറികള്‍ ഉണ്ടായിരുന്ന ഒരു കേസായിരുന്നല്ലോ ജിഷ വധക്കേസ്. അതില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ വന്നുപോകുകയും ഒപ്പം കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവിന്റെ വിട്ടില്‍ ജിഷയുടെ മാതാവ് ജോലി ചെയ്തിട്ടുണ്ട് എന്ന കണക്കിന് ഒരു അവിഹിത ബന്ധം, അവകാശ തര്‍ക്കം, ആളെ വച്ച് കൊല ആരോപണം വരെ ഉണ്ടായിരുന്നു. മറുവശത്ത്‌ നാളിതുവരെ തിരിഞ്ഞു നോക്കാത്ത അപ്പന്‍ മകളുടെ മരണശേഷം  അവിഹിത കഥയുമായി മുമ്പോട്ട്‌ വന്നത് തൊട്ട് ജിഷാ വധം ഉണ്ടാക്കിയ ദീനാനുകമ്പാ നിധി അവളുടെ അമ്മയുടെ സ്വഭാവം ഉള്‍പ്പെടെ മാറ്റി എന്ന ആരോപണം വരെ വന്നു.

ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് അമീറുളിന്റെ അറസ്റ്റ് നടക്കുന്നത്. കേസ് കോടതിയില്‍ എത്തിയതോടെ മാധ്യമങ്ങള്‍ ആഘോഷിച്ച അയാളുടെ കുളിസീന്‍ കാണല്‍ ശീലവും അതുമായി ബന്ധപ്പെട്ട അപമാനിക്കല്‍ എന്ന കൊലയുടെ ‘മോട്ടീവു’മൊക്കെ ആര് അതാണെന്ന് പറഞ്ഞു, ആര് അതല്ല എന്ന് തെളിയിച്ചു എന്നൊന്നും വ്യക്തമല്ലാത്ത വണ്ണം ഇല്ലാതായി; അതിനെ വച്ച് നടന്ന അന്തിച്ചര്‍ച്ചകളും. അതായത് അമീറുള്‍ എന്ന അറസ്റ്റ് ചെയ്യപ്പെട്ട പ്രതി, അയാളുടെ മതപരവും വര്‍ഗപരവുമായ സ്വത്വങ്ങള്‍ വച്ച് നോക്കിയാല്‍ നമ്മള്‍ സൈദ്ധാന്തികമായി ആഗ്രഹിച്ച ഒരാള്‍ ആയിരുന്നില്ല.

പക്ഷെ സിദ്ധാന്തങ്ങളും അവ ഉണ്ടാക്കിയ സംശയങ്ങളും ഇല്ലാതായില്ല. അമീറുള്‍ ധനികനല്ല, അയാള്‍ ജാതീയമായും മതപരമായും ഒരു ‘പ്രിവിലെജ്ഡ്’ സമൂഹത്തില്‍ നിന്നുള്ള ആള്‍ അല്ല. ആ നിലയ്ക്ക് നമ്മള്‍ ഉണ്ടാക്കി കൊണ്ടുവന്ന സിദ്ധാന്തങ്ങളുമായി ഒരു നിലയ്ക്കും ഒത്ത് പോകാത്ത പ്രതി. എങ്കിലും ഏറെ നാള്‍ കഴിയും മുമ്പേ എല്ലാറ്റിന്റെയും വിശ്വസ്തത പ്രതിക്ക് വധശിക്ഷ കിട്ടുന്നതില്‍ കേന്ദ്രീകരിച്ചു. അന്ന് സജീവമായി നിലനിന്ന വിമര്‍ശകരുടെ വാദങ്ങളുടെ അടിസ്ഥാനം ഇന്നിപ്പോള്‍ അഡ്വ. ആളൂര്‍ ഉന്നയിക്കുന്ന ശാസ്ത്രീയ തെളിവുകളുടെ മാനിപ്യുലേഷന്‍ സാധ്യത പോലും ആയിരുന്നില്ല എന്നത് മറ്റൊരു കാര്യം.

ഇനിയിപ്പോള്‍ ഒരു പിടിവള്ളി കീഴ്ക്കോടതി അവന്റെ കഴുത്തിലിട്ട കൊലക്കയര്‍ ആണ്. അത് മുറുകി അവന്റെ പ്രാണന്‍ പോകുമോ അതോ ഗോവിന്ദ ചാമിയുടെ പോലെ അവസാന ഘട്ടത്തില്‍  റദ്ദ് ആകുമോ? വാദങ്ങള്‍, മാനിപ്യുലേഷനുകള്‍ ഇനി അതിനെ ആശ്രയിച്ച് ഇരിക്കുന്നു.

കൊല്ലണ്ടേ ഇവനെയൊക്കെ 

വധശിക്ഷയിലെ നൈതിക യുക്തി എന്നതിലേക്ക് കടക്കും മുമ്പ് ആ നടപടിയില്‍ എന്തെങ്കിലും നീതിയോ, യുക്തിയോ അടങ്ങിയിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കണമല്ലോ. ഒരാളില്‍ നിന്ന് അപഹരിക്കപ്പെട്ട പണമോ മറ്റ് സ്ഥാവരജംഗമങ്ങളോ അപഹരിച്ച ആളില്‍നിന്നും കണ്ടെടുത്ത് അയാള്‍ക്ക് തിരികെ നല്‍കുന്നത് മനസിലാക്കാം. പക്ഷെ അപഹരിക്കപ്പെടുന്നത് ജീവനാകുമ്പോള്‍ അത് സാധ്യമല്ലല്ലോ. മരിച്ച ആളിന് ജീവിക്കാനുള്ള സ്വാഭാവികമായ അയാളുടെ അവകാശം, അവസരം നഷ്ടമായി. അത് അയാള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക വ്യവസ്ഥകള്‍ പരാജയപ്പെട്ടു. ഭരണകൂടവും സിവില്‍ സമൂഹവും ഒരുപോലെ പരാജയപ്പെട്ടു.

ഒരു പരിഷ്കൃത സമൂഹത്തില്‍ നടക്കുന്ന ഓരോ കുറ്റകൃത്യത്തിനും പിന്നില്‍ ആ അപ്രിയ സത്യം പതിയിരിപ്പുണ്ട്. അതിന്റെ വെളിച്ചപ്പെടലില്‍ നിന്ന് മുഖം രക്ഷിക്കുവാനുള്ള ഭരണകൂട തന്ത്രമാണ് വധശിക്ഷ. അവനെ ഞങ്ങള്‍ക്ക് വിട്ടുതരൂ എന്ന ആള്‍ക്കൂട്ട ആക്രോശങ്ങളും മറ്റൊന്നല്ല. അത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട സാമൂഹ്യവും സാംസ്കാരികവുമായ  ജാഗ്രത ഇല്ലാതെ പോയ ഒരു സിവില്‍ സമൂഹത്തിന്റെ കൈകഴുകല്‍ തന്ത്രമാണ്. ഈ വ്യക്തിയെ കൊന്നാല്‍ അയാള്‍ കൊന്ന ആളിന് നീതി കിട്ടും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോന്ന ഒരു താക്കീതായി ഇത് മാറും എന്നൊക്കെയാണ് വാദങ്ങള്‍. ജിഷയ്ക്ക്, സൌമ്യയ്ക്ക്, നിര്‍ഭയയ്ക്ക് നീതി കിട്ടാന്‍ വേണ്ടത് അവരെ നിഷ്ടുരമായി കൊലപ്പെടുത്തിയവരെ നിയമപരാമായി തന്നെ കൊന്ന് പകരം വിട്ടുകയല്ല. അവര്‍ക്ക് ഒരിക്കലും നീതി കിട്ടാതെ പോയി എന്നത്, അതിലെ ഗൌരവം  മനസിലാക്കുകയാണ്.

ഒരു ഡിറ്ററന്‍റ് എന്ന നിലയിലാണ് വധശിക്ഷയുടെ നൈതിക പ്രസക്തിയെങ്കില്‍ അത് മറ്റൊരു തമാശ മാത്രമാണ്. ലോക നീതിവ്യവസ്ഥകളുടെ സര്‍വ്വകാല ചരിത്രം എടുത്ത് പരിശോധിച്ചാലും വധശിക്ഷ ഒരു പതിവും അതിന്‍റെ അഭാവം ഒരു അപവാദവും ആണെന്ന് കാണാം. എന്നിട്ടും കുറ്റകൃത്യങ്ങളോ കൊലപാതകങ്ങളോ കുറഞ്ഞിട്ടില്ല, കൂടുകയാണ് ചെയ്തിട്ടുള്ളത്. അപ്പോള്‍ ശിക്ഷയുടെ കാഠിന്യം കൊണ്ട് കുറ്റകൃത്യങ്ങളെ ഇല്ലാതാക്കാന്‍ പറ്റില്ല എന്ന് വ്യക്തമല്ലേ.

മാനസികമായ തകരാറുകള്‍ കൊണ്ട്  കൊലപാതക താത്പര്യം ഒരു സ്വഭാവം എന്ന നിലയില്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍ ഉണ്ടാവാം. അതിനെ കുറിച്ച് വിദഗ്ധര്‍ പറയട്ടെ. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതിയാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും അങ്ങനെയല്ല. ഹബിച്ച്വല്‍ ഒഫന്‍ഡര്‍ മേല്പറഞ്ഞ വിഭാഗത്തില്‍ പെടുന്ന ഒന്നല്ല. ശീലങ്ങള്‍ ജിവശാസ്ത്രപരത്തില്‍ ഉപരി സാമൂഹ്യമാണ്. പെറ്റി കേസിന് അകത്തായവരെ പക്കാ ക്രിമിനലുകളായി പുറത്ത് എത്തിക്കുന്ന നമ്മുടെ ജയില്‍ സമ്പ്രദായം മുതല്‍ ജാതീയവും വര്‍ഗീയവുമായ ഘെട്ടോവത്ക്കരണം വരെയുള്ള നിരവധി സാമൂഹ്യ, രാഷ്ട്രീയ കാരണങ്ങള്‍ ഈ പറഞ്ഞ ഹബിച്ച്വലും അല്ലാത്തതുമായ ഒഫന്റെഴ്സിന്റെ ഉണ്ടാക്കലിനു പിന്നില്‍ ഉണ്ട്. എന്നാല്‍ ഇവയൊന്നും ചര്‍ച്ച പോലും ആക്കാതെ ഇരയുടെ നീതിയെ വേട്ടക്കാരന്റെ ജീവനുമായി നേരിട്ട് തുലനം ചെയ്തുള്ള ഒരു വിശകലന സമ്പ്രദായമാണ് നമുക്ക് എന്നും പ്രിയം.

ഒരു കൊലപാതകം നടന്നുകഴിഞ്ഞാല്‍ ആദ്യം നമ്മള്‍ അത് ചെയ്ത ആളിനെ പിടിക്കുകയാണ് കൊല്ലപ്പെട്ട ആളിന് നല്‍കാവുന്ന നീതി എന്ന് പറയും. പിന്നെ അയാള്‍ക്ക് തൂക്കുകയര്‍ വാങ്ങി കൊടുക്കുന്നതാണ് നീതി എന്ന് പറയും. ഗോവിന്ദ ചാമിയുടെ കാര്യത്തില്‍ സംഭവിച്ചപോലെ എങ്ങാനും ഉണ്ടായാല്‍ അതോടെ സൌമ്യയ്ക്ക് നീതി നിഷേധിക്കപ്പെട്ടു എന്നും പറയും. അതായത് അയാള്‍ തൂക്കില്‍ ഏറ്റപ്പെട്ടു എങ്കില്‍ സൌമ്യയ്ക്ക്  നീതി ലഭിച്ചേനെ എന്ന്. അല്ല, പോട്ടെ, സൗമ്യ മരിച്ച സ്ഥിതിക്ക് ഇനി ഇതല്ലാതെ നമുക്ക് മറ്റൊന്നും ചെയ്യാനില്ല എന്ന്. വധശിക്ഷയിലൂടെ സ്ഥാപനവത്ക്കരിക്കപ്പെടുന്ന പ്രതികാരങ്ങളുടെ നൈതിക യുക്തിയില്‍ നമുക്ക് സംശയമേ ഇല്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ അത്, എന്നുവച്ചാല്‍ പ്രതികാരവും പരമ്പര കൊലപാതകങ്ങളും ഒക്കെ വെറുക്കപ്പെടുന്നത് അത് വ്യവസ്ഥയ്ക്ക് പുറത്ത് നടക്കുന്നതുകൊണ്ട് മാത്രമാണെന്ന്!

ഈ വിഷയത്തില്‍ പ്രധാനമായ ഒരു വാദമാണ് പ്രശസ്ത വക്കീല്‍, മാധ്യമ പ്രവര്‍ത്തകന്‍, വിചാരകന്‍ ഒക്കെയായ സെബാസ്റ്റ്യന്‍ പോള്‍ സൗത്ത് ലൈവില്‍ എഴുതിയ ലേഖനത്തില്‍  പറയുന്നത്. “രാജീവ് ഗാന്ധി വധക്കേസ് പുന:പരിശോധിക്കാന്‍ സുപ്രീം കോടതി തയാറായ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളനെ തൂക്കിക്കൊന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ എക്‌സര്‍സൈസ് വേണ്ടിവരില്ലായിരുന്നു. പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനും അപ്പീല്‍ കേട്ട ന്യായാധിപനും തങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന് സമ്മതിച്ചു.” വധശിക്ഷ ഇത്തരം  എല്ലാ തിരുത്തല്‍ സാധ്യതകളും ഒരുമിച്ച് അടച്ചുകളയുകയാണ്. വ്യവസ്ഥയുടെ അപ്രമാദിത്തത്തെ ഒരു മനുഷ്യ ജീവന്റെ ചിലവില്‍ വെറുതെ സീലുവച്ച് തള്ളുന്നു. അത് തെളിയിക്കപ്പെട്ടാല്‍ തന്നെയും ബാക്കിയാവുന്നത് ശിക്ഷ വിധിച്ച ജഡ്ജിക്ക് മേല്‍, അല്ലെങ്കില്‍ വിധി നടപ്പിലാക്കിയ ആരാച്ചാര്‍ക്ക് മേല്‍ ബാക്കിയാവുന്ന പ്രതികാരത്തിന്റെ തുടര്‍ച്ചയുടെ ലക്ഷ്യസ്ഥാനം മാത്രം. അടൂരിന്റെ ആരാച്ചാര്‍ സിനിമ മുതല്‍ കെ.ആര്‍ മീരയുടെ ആരാച്ചാര്‍ നോവല്‍ വരെയുള്ളവ ഇതില്‍ നിന്നും വ്യവസ്ഥ കൈകഴുകുന്നത് എങ്ങനെ എന്ന് മനസിലാക്കാന്‍ പര്യാപ്തമാണ്.

കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ പാടില്ല, അവ പുരസ്കാരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയാണ് എന്ന നിലയില്‍ ഒരു സര്‍ക്കാസ്റ്റിക് വായന ഇത്രയും എഴുതിയതില്‍ നിന്ന് എനിക്ക് മുന്നില്‍ കാണാം. അത് നിങ്ങളുടെ ഇഷ്ടം. ഞാന്‍ പറഞ്ഞത് ഇത്രമാത്രം. ഒരു പരിഷ്കൃത സമൂഹത്തിലെ ശിക്ഷകളുടെ നൈതിക യുക്തി ചുരുങ്ങിയത് ഗോത്രീയ പ്രതികാര ബോധത്തില്‍ നിന്നെങ്കിലും മുമ്പോട്ട്‌ പോകണം .

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:

This post was last modified on December 15, 2017 3:52 pm