X

പരിയാരത്ത് അബ്ദുല്‍ ഖാദറിനെ തല്ലിക്കൊന്നവര്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്; മധുവിന്റെ കാര്യത്തില്‍ അത് സംഭവിക്കരുത്

മധുവും മധുവിനെ തല്ലിക്കൊന്ന ആൾക്കൂട്ടവും പ്രതീകങ്ങളാണ്. കൊടിയ വിശപ്പിന്റെയും ആക്രമണോത്സുകതയുടെയും പ്രതീകങ്ങൾ

അരി മോഷണം ആരോപിച്ചു ജനക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന് ഒരു മുൻഗാമിയെ തേടി ജീൻ വാൽജിൻ വരെ പോകേണ്ടതില്ല. ചെയ്യാത്ത കുറ്റത്തിന് കള്ളിയെന്നു മുദ്രകുത്തി സമൂഹം ഒറ്റപ്പെടുത്തിയപ്പോൾ ദാഹമകറ്റാൻ സ്വന്തം ‘അമ്മ നട്ട തെങ്ങിൽ നിന്നും ഒരു കരിക്കിട്ടതിന്റെ പേരിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റു മരിച്ചുവീണ കള്ളിച്ചെല്ലമ്മ അക്ഷരങ്ങളെ സ്നേഹിക്കുന്ന മലയാളിയുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. ജി വിവേകാന്ദന്റെ തൂലികയിൽ പിറന്ന ചെല്ലമ്മയെ പ്രസ്തുത നോവൽ സിനിമയായപ്പോൾ അനശ്വരമാക്കിയത് ഷീലയായിരുന്നു. ചെല്ലമ്മയായുള്ള ഷീലയുടെ വേഷപ്പകർച്ചക്കു ആ വർഷത്തെ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ചെല്ലമ്മ ഒരു സാഹിത്യ കഥാപാത്രം ആണെന്ന് കരുതിയാൽ തെറ്റി. സ്വാതന്ത്ര്യലബ്‌ധിക്ക് മുൻപ് മധ്യകേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് തന്റെ കഥക്ക് ആധാരം എന്ന് വിവേകാനന്ദൻ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

ഒരു താരതമ്യത്തിനുവേണ്ടി മാത്രമല്ല ചെല്ലമ്മയുടെ കഥ ഇവിടെ സൂചിപ്പിച്ചത്. രണ്ടു സംഭവത്തിലും വില്ലനാകുന്ന ആൾക്കൂട്ട മനഃശാസ്ത്രത്തെക്കുറിച്ചു ഓർത്തിട്ടാണ്. കാലം മാറിയിട്ടും കേരളം ഏറെ പുരോഗമിച്ചുവെന്നു നമ്മൾ അഭിമാനം കൊള്ളുകയും അത് കൊട്ടിഘോഷിക്കുകയുമൊക്കെ ചെയ്യുമ്പോഴും ഇനിയും മാറാത്ത മനുഷ്യ മനസ്സുകളെ കുറിച്ചോർത്തിട്ടാണ്. മധുവും മധുവിനെ തല്ലിക്കൊന്ന ആൾക്കൂട്ടവും പ്രതീകങ്ങളാണ്. കൊടിയ വിശപ്പിന്റെയും ആക്രമണോത്സുകതയുടെയും പ്രതീകങ്ങൾ. സാക്ഷരമെന്നു നാം ഊറ്റം കൊള്ളുന്ന കേരളത്തോടൊപ്പം ഇവ രണ്ടും വളരുക തന്നെയാണെന്ന് മധുവിന്റെ അതിദാരുണമായ മരണവും അതിലേക്കു നയിച്ച മൃഗീയ സംഭവവും അടിവരയിട്ടുറപ്പിക്കുന്നു.

മാറിമാറി വന്ന സർക്കാരുകൾ കോടികൾ ചെലവിട്ട (സത്യത്തിൽ ധൂർത്തടിച്ചതെന്നോ രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും അവരുടെ ബിനാമികളും ചേർന്ന് കൊള്ളയടിച്ച എന്ന് പറയേണ്ടതുണ്ട്) അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ മാത്രാമല്ല പട്ടിണിയും മാറാ വ്യാധികളും ഇന്നും ഒരു യാഥാർഥ്യമായി നിലനിൽക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ഇത് തന്നെയാണ് അവസ്ഥ. ആദിവാസികൾ മാത്രമല്ല ദളിതരും ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന സാധാരണക്കാരും ഇതേ ദുരിതം തന്നെയാണ് ജീവിച്ചു തീർക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോൾ തേനും പാലും വാഗ്‌ദാനം ചെയ്യുന്ന പതിവ് മിമിക്രികൾ തുടരുന്നുണ്ട്. മാധ്യമങ്ങളിലൂടെ കോടിക്കണക്കിനു രൂപയുടെ വികസന -ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കപെടുന്നുണ്ട്. എന്നാൽ അവയൊന്നും അർഹതപ്പെട്ടവരിലേക്കു എത്തുന്നില്ലെന്നതാണ് വാസ്തവം.

‘ഞങ്ങള്‍ക്കുള്ളതെല്ലാം പിടിച്ചുപറിക്കുന്ന ഇതേ നാട്ടുകാരാണ് അവനെ തല്ലിക്കൊന്നത്, ഇതാണ് ഞങ്ങള്‍ കാടു വിട്ടു വരാത്തതും’

അട്ടപ്പാടിയിലെ മധു മനോരോഗമുള്ളയാൾ ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്ത. മധു നിരുപദ്രവകാരിയായിരുന്നവെന്നും വാർത്തകൾ പറയുന്നു. തന്നെക്കൊണ്ട് വീട്ടുകാർക്കുപോലും ഒരു ശല്യവും ഉണ്ടാകാൻ പാടില്ലെന്ന് കരുതിയാവണം ആ യുവാവ് കാടിനുള്ളിലെ പാറമടയിൽ ഒറ്റയ്ക്ക് ജീവിച്ചുവന്നത്. മധുവിനെതിരെ ചുമത്തപ്പെട്ട കുറ്റം അയാൾ ഒരു കടയിൽ നിന്നും അല്പം അരി മോഷ്ടിച്ചുവെന്നതാണ്. കടയുടമ പറഞ്ഞിട്ടല്ല ആൾക്കൂട്ടം മധുവിനെ പിടിച്ചുകെട്ടിയിട്ടു മര്‍ദ്ദിച്ചുകൊന്നതെന്നും പറയപ്പെടുന്നു. അപ്പോൾ പിന്നെ മധുവിനെ ആൾക്കൂട്ടം എന്തിനു ഇത്ര മൃഗീയമായി തല്ലിക്കൊന്നുവെന്നു മനസ്സിലാകുന്നില്ല. എങ്കിലും ഈ സംഭവത്തിൽ നിന്നും വ്യക്തമാകുന്ന ഒന്നുണ്ട്. അതായത് മനോവൈകല്യം മധുവിനായിരുന്നില്ല മറിച്ചു അയാളെ തല്ലിക്കൊന്നവർക്കായിരുന്നവെന്ന്. മധുവിനെ മർദിച്ചു കൊല്ലുന്നതിന്റെ തത്സമയ ദൃശ്യം പകർത്തി പ്രചരിപ്പിച്ച ഉബൈദെന്ന ചെറുപ്പക്കാരന്റെ ചെയ്തി വ്യക്തമാക്കുന്നതും ഇത് തന്നെയാണ്.

ആരാണീ നാട്ടുകാര്‍? അവര്‍ക്ക് ആദിവാസി ഒരു അനാവശ്യവസ്തുവാണ്; എം ഗീതാനന്ദന്‍ പ്രതികരിക്കുന്നു

പണ്ട് പാലക്കാട് ജോലി ചെയ്തിരുന്ന കാലത്തു അഗളിയിൽ സർക്കാർ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ അന്ന് മന്ത്രിയായിരുന്ന ശിവദാസ മേനോൻ തന്റെ പ്രസംഗത്തിൽ പറഞ്ഞ വാക്കുകൾ ഓർമ വരുന്നു. വനവാസികൾ എന്ന് അട്ടപ്പാടിയിലെ ആദിവാസികളെ വിശേഷിപ്പിച്ച മേനോൻ അവിടുത്തെ കുടിയേറ്റക്കാരെ ‘വന്തവാസികൾ’ എന്നാണ് വിശേഷിപ്പിച്ചത്. അതായത് ആദിവാസികൾ അട്ടപ്പാടിയിലെ യഥാർത്ഥ മണ്ണിന്റെ മക്കളും കുടിയേറ്റക്കാർ അവരുടെ മണ്ണ് കൈവശപ്പെടുത്താൻ എത്തിയവരുമാണെന്നു സാരം. എന്നാൽ അട്ടപ്പാടിയിലെ ഏതാണ്ട് മുഴുവൻ ഭൂമിയും ഇന്ന് കുടിയേറ്റക്കാരുടെ കൈയിലാണ്. അവരാണ് അവിടം ഭരിക്കുന്നതും നീതി നടപ്പാക്കുന്നതും.

വിശപ്പ് മാറിയ പൊതുജനം വിശപ്പ് മാത്രമുള്ള ആദിവാസിയെ തല്ലിക്കൊല്ലുന്നു; ഇതാണ് കേരള വികസനം

മധുവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും അവർക്കു പരമാവധി ശിക്ഷ വാങ്ങികൊടുക്കുമെന്നുമൊക്കെ സർക്കാരും ബാലൻ മന്ത്രിയുമൊക്കെ പറയുന്നുണ്ട്. അങ്ങിനെ തന്നെ സംഭവിക്കട്ടെ എന്ന് ആശിക്കുമ്പോഴും ഇക്കഴിഞ്ഞ വര്‍ഷം കണ്ണൂരിലെ പരിയാരത്തു നടന്ന ഒരു ആൾക്കൂട്ട കൊലപാതക കേസ് എങ്ങുമെത്താതെ കിടക്കുന്നുണ്ടെന്നു ഓർക്കേണ്ടതുണ്ട്. മനോരോഗിയായ അബ്ദുൽ ഖാദർ എന്ന യുവാവിനെയാണ് അന്നും ജനക്കൂട്ടം എന്ന് നമ്മൾ ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കികൊണ്ടുപോയി കൈകാലുകൾ കെട്ടിയിട്ടു മർദിച്ചു കൊന്നത്. ഇയാൾ ആരുടെയൊക്കെയോ വാഹനങ്ങൾ കേടുവരുത്തിയെന്നും ചിലരെ ഫോണിൽ വിളിച്ചു കബളിപ്പിച്ചുവെന്നുമൊക്കെ ആരോപിച്ചായിരുന്നു കൊല. ഈ കേസിൽ കുറ്റപത്രം പോലും ഇനിയും ഫയൽ ചെയ്തിട്ടില്ല. പ്രതികളിൽ രണ്ടുപേർ ഇപ്പോൾ ഗൾഫിലുമാണ്. സാക്ഷികൾ ഉണ്ടാവാറില്ലെന്നതും ഉണ്ടെങ്കിൽ തന്നെ കേസ് കോടതിയിലെത്തുമ്പോൾ അവർ കൂറുമാറുമെന്നതുമാണ് ആൾക്കൂട്ട കൊലപാതകങ്ങളിൽ പലപ്പോഴും സംഭവിക്കുന്നതെന്ന് പോലീസ് തന്നെ പറയുന്നു. ഇത് മധുവിന്റെ കാര്യത്തിലെങ്കിലും സംഭവിക്കാതിരിക്കട്ടെ.

കേരളത്തിലെ ആഫ്രിക്ക (കെ. പാനൂരിനോട് കടപ്പാട്)

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on February 25, 2018 4:52 pm