X

അടിപ്പാവാടയുടുത്ത പെണ്ണുങ്ങള്‍ പമ്പയില്‍ കുളിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നത് നിര്‍ഭാഗ്യവശാല്‍ വയലാര്‍ രാമവര്‍മയുടെ മകനാണ്

ഇല്ലാതായൊരു കെട്ടകാലത്തിന്റെ തിരിച്ചു പിടിക്കലിനു ശ്രമിക്കുന്നവരുടെ സദസിലെ ആസ്ഥാന കവിയാകാന്‍ ശ്രമിക്കുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്ത ഒന്നുണ്ട്, വയലാര്‍ രാമവര്‍മ എന്ന പേര്!

ശബരിമലയിലും കല്ല്
ശക്തീശ്വരത്തിലും കല്ല്
തിരുപ്പതി മലയിലും
ഗുരുവായൂരിലും
തൃച്ചമ്പലത്തും കല്ല്
കല്ലിനെ തൊഴുന്നുവരേ
നിങ്ങള്‍ കല്‍പ്പണിക്കാരേ മറക്കരുതേ….

പ്രമുഖ ഗാനരചയിതാവായ ശരത് ചന്ദ്ര വര്‍മയോടാണ്; മുകളിലെ ഗാനം ആരെഴുതിയതാണെന്ന് അറിയുമോ? മലയാളികള്‍ക്ക് അദ്ദേഹം അനശ്വരനായ വയലാര്‍ ആണ്. താങ്കള്‍ക്ക് സ്വന്തം പിതാവും. അതേ, സാക്ഷാല്‍ വയലാര്‍ രാമവര്‍മ! ആ പിതാവിന്റെ അനുഗ്രഹം എന്നാണല്ലോ മദ്യനിര്‍മാണശാലയിലെ ജോലിയില്‍ നിന്നും സിനിമ ഗാനരചനയിലേക്ക് എത്തി പേരെടുത്ത് നില്‍ക്കുമ്പോള്‍ നിങ്ങള്‍ വിനയാന്വീതനായി പറയുന്നത്. പാട്ടെഴുത്തില്‍ അച്ഛന്റെ കഴിവിന്റെ ഒരംശം നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നത് സത്യം. പക്ഷേ, ആ മനുഷ്യന്റെ ചിന്തകളുടെയും ആശയങ്ങളുടെ, കാഴ്ച്ചപ്പാടുകളുടെ ഒരു തരിപോലും മകനായ നിങ്ങളെ സ്പര്‍ശിച്ചിട്ടില്ലെന്നത് അതിലും പരമായ സത്യം. മുമ്പ് പലതവണ ഇക്കാര്യം സ്വയം വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും ഒരിക്കല്‍ കൂടി ആ കുറവ് നിങ്ങളില്‍ ശരിക്കും ഉണ്ടെന്ന് ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ഫെയസ്ബുക്ക് പോസ്റ്റുകളിലൂടെ.

വയലാര്‍ സ്ത്രീകളെ കുറിച്ച് പ്രണയാതുരമായും കാമാതുരമായും മാത്രമല്ല എഴുതിയിട്ടുള്ളത്. പെണ്ണിന്റെ കരുത്തിനെക്കുറിച്ചും സ്ഥൈര്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ചും കവിക്ക് കാഴ്ച്ചപ്പാടുകളുണ്ടായിരുന്നു, അവ അദ്ദേഹം ശിലയില്‍ കോറിയിട്ടെന്നപോലെ എഴുതിയിട്ടുമുണ്ട്. സ്ത്രീയും ഭക്തിയും വയലാര്‍ എങ്ങനെയൊക്കെ വരച്ചിട്ടുണ്ടെന്ന് ഇനിയെങ്കിലും മകനെന്ന നിലയില്‍ വേണ്ട, ഒരു ഗാനരചയിതാവ് എന്ന പേര് പേറുന്നതുകൊണ്ടെങ്കിലും അന്വേഷിക്കാനും മനസിലാക്കാനും ശരത് ചന്ദ്രവര്‍മ തയ്യാറാകണം. ഇല്ലെങ്കില്‍ പെണ്ണിനെ കുറിച്ച് ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്നൊരുവന്റെ നിലവാരമേ നിങ്ങള്‍ക്ക് ഉള്ളെന്ന് ആരോ ആ പോസ്റ്റിന് അടിയില്‍ കമന്റ് ചെയ്തിരിക്കുന്നത് പലരാലും ആവര്‍ത്തിക്കപ്പെടും.

ശബരിമലയില്‍ വരുന്ന സ്ത്രീകളെല്ലാം ഗര്‍ഭിണികളാകുമെന്നും കൂട്ട ബലാത്സംഗത്തിനിരകളാകുമെന്നൊക്കെ വിളിച്ചു പറയുന്നവര്‍ക്കൊപ്പം തന്നെയാണ് ശരത് ചന്ദ്രവര്‍മ, താങ്കളുടെയും സ്ഥാനം. പെണ്ണ് ശബരിമലയില്‍ എത്തുന്നത് കാമകേളികള്‍ക്ക് ആണെന്ന നിങ്ങളുടെ മൂന്നാംകിട ബോധം എത്ര ആപത്കരമാണ്. പെണ്ണുടലിനെ ആ മഹാകവി വര്‍ണിച്ചതൊക്കെയും സൗന്ദര്യാത്മകമായിരുന്നു, പക്ഷേ മകന്റെ വരികള്‍ക്ക് കക്കൂസ് ചുമരിലെ അശ്ലീല സാഹിത്യത്തിന്റെ നിലവാരം പോലും ഇല്ല…’മരിച്ച ദൈവത്തിന്‍ സ്മാരക ശിലയില്‍ മാലയിട്ടാല്‍ വരം തരുമോ’ എന്നു ചോദിച്ചവനാണ് വയലാര്‍. അതും സമൂഹം ഇന്നത്തേതിനേക്കാള്‍ ഇടുങ്ങിച്ചിന്തിച്ചിരുന്ന കാലത്ത്. ശരീരപരമായ സവിശേഷതകള്‍ അവകാശങ്ങളെ ഹനിക്കാനുള്ള മാര്‍ഗമാക്കരുതെന്ന് രാജ്യത്തിന്റെ പരമോന്നത നീതിപീഠം തന്നെ വ്യക്തമാക്കുമ്പോഴും പെണ്ണ് ശരീരത്തില്‍ കാമം മാത്രം കാണുന്നവന്റെ മനോദൗര്‍ബല്യത്തില്‍ നിന്നും വിടുതല്‍ നേടാന്‍ ഒരു ‘കവി’യായിട്ടും ശരത്ചന്ദ്ര വര്‍മയ്ക്ക് കഴിയുന്നില്ലെന്നത് ദുഃഖകരം തന്നെ.

അടുത്ത സീസണില്‍ പമ്പ എങ്ങനെയായിരിക്കുമെന്ന് വയലാറിന്റെ പിന്‍ഗാമി മുന്‍കൂട്ടി കണ്ടതിന്റെ ചിത്രമാണിത്. അടിപ്പാവാടയുടുത്ത് പെണ്ണുങ്ങള്‍ പമ്പയില്‍ കുളിക്കുന്നത് കാണാന്‍ വെമ്പുന്ന ഉളുപ്പിലായ്മയ്ക്ക് നിലപാട്, അഭിപ്രായം എന്നൊക്കെ ന്യായം പറയുമ്പോള്‍ കൂടുതല്‍ അരഞ്ഞുതേഞ്ഞപ്പെട്ടു പോവുകയാണ് സ്വന്തം വ്യക്തിത്വമെന്ന് മനസിലാക്കണം. ഇല്ലാതായൊരു കെട്ടകാലത്തിന്റെ തിരിച്ചു പിടിക്കലിനു ശ്രമിക്കുന്നവരുടെ സദസിലെ ആസ്ഥാന കവിയാകാന്‍ ശ്രമിക്കുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്ത ഒന്നുണ്ട്, വയലാര്‍ രാമവര്‍മ എന്ന പേര്!

സത്യം മയക്കുമരുന്നിന്റെ ചിറകില്‍
സ്വര്‍ഗത്തു പറക്കുമീ നാട്ടില്‍-ഇല്ലാത്ത
സ്വര്‍ഗത്തു പറക്കുമീ നാട്ടില്‍
സ്വപ്‌നം മരിക്കുമീ നാട്ടില്‍
സ്വര്‍ഗസ്വരൂപിയാം ശാസ്ത്രം നിര്‍മിക്കും
അഗ്നികുണ്ഡങ്ങള്‍ക്കുള്ളില്‍
മനുഷ്യാ- ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ മുഖംമൂടി…

എന്ന് വയലാര്‍ എഴുതിയത് 1973ല്‍ ആയിരുന്നു. കറുത്ത ചിന്തകളില്‍ നിന്നും പുറത്തു വരാന്‍ തന്റെ സമൂഹത്തോട് ആഹ്വാനം ചെയ്ത കവിക്ക് തന്റെ പിന്‍ഗാമി തന്നെ കറുത്ത ചിന്തകളുടെ പതാകവാഹകനായി തീരുന്നത് കാണേണ്ടി വന്നില്ലെന്നതുമാത്രമാണ് ആശ്വാസം.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കുവച്ചു-മനസ് പങ്കുവച്ചു

എന്ന് വിളിച്ചു പറഞ്ഞൊരുവന്റെ മകനില്‍ പഴയ തമ്പുരാന്‍ സിന്‍ഡ്രോം നിറഞ്ഞു തുളുമ്പുന്നുണ്ടെന്ന് മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നു തന്നെ മനസിലായിരുന്നു.

സുപ്രിം കോടതി വിധി അനുസരിച്ച് അയല്‍പക്കത്തെ ചേച്ചിയേയും കൊണ്ട് ഇത്തവണ ശബരിമലയ്ക്ക് പോകാം എന്നു പറയുന്നത് നിങ്ങള്‍ക്ക് വെറും കുസൃതിയായിരിക്കും, പക്ഷേ, ഒരു ജനാധിപത്യ സംവിധാനത്തിനും ഈ നാട്ടിലെ വ്യക്തിത്വമുള്ള സ്ത്രീകള്‍ക്കും ഒരു വിടന്റെ ജല്പനങ്ങളായാണ് അവ അനുഭവപ്പെടുന്നത്. യേശുദാസിനെ ഗുരുവായൂരില്‍ കയറ്റാന്‍ അമ്പലത്തിനു മുന്നില്‍ സത്യഗ്രഹം ഇരിക്കാന്‍ തീരുമാനിച്ച ഒരാളാണ് വയലാര്‍ രാമവര്‍മ..അദ്ദേഹത്തിന്റെ മകന് സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് അശ്ലീലമായി തോന്നുന്നുവെങ്കില്‍, ഒരഭിമുഖത്തില്‍ ഇതേ ലേഖകനോട് തന്നെ ഞാന്‍ അച്ഛനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയും അതിനുവേണ്ടിയുള്ള റിസര്‍ച്ച് ചെയ്യുകയാണെന്നും പറഞ്ഞിട്ടുള്ളത് ഈയവസരത്തില്‍ ഓര്‍ക്കുമ്പോള്‍ തമാശയായി തോന്നുകയാണ്. ആ അച്ഛനില്‍ നിന്നും പഠിച്ചതാണോ ഇതൊക്കെ? സ്വയം തിരുത്താന്‍ ഇനിയെങ്കിലും ശ്രമിക്കണമെന്ന് പറയുന്നത് നിങ്ങളോടുള്ള സ്‌നേഹം കൊണ്ടല്ല ശരത്, ഒരു വലിയ മനുഷ്യനോടുള്ള സനേഹം കൊണ്ടാണ്.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on September 28, 2018 8:38 pm