X

മനോരമയ്ക്ക് ഈ വാര്‍ത്താ ക്വൊട്ടേഷനുള്ള കൂലി എങ്ങനെയാണ്?

സിപിഎമ്മിനുള്ളില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കയറിക്കൂടിയിട്ടുണ്ട് എന്ന തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട് എന്നൊരു വാര്‍ത്ത കുറച്ച് മുന്‍പേ മനോരമ പ്രസിദ്ധീകരിച്ചിരുന്നു

സോഷ്യല്‍ മീഡിയയും പരമ്പരാഗത ന്യൂസ് മീഡിയകളും തമ്മിലുള്ള പ്രധാനവ്യത്യാസം മറ്റുള്ളവയെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയ്ക്ക് ഒരു എഡിറ്ററില്ല എന്നതാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ യാതൊരു തെളിവുകളുടെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെ എഴുതിയിടുകയും അത് പ്രചരിപ്പിക്കുകയുമൊക്കെ ചെയ്യും. സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ഇടപെടുന്നവര്‍ക്ക് ഇത്തരം വ്യക്തികളെയും അവരുടെ താല്‍പര്യങ്ങളെയും തിരിച്ചറിയാനും അവര്‍ എഴുതി വിടുന്ന കാര്യങ്ങളുടെ വിശ്വസനീയത എത്രയുണ്ടെന്ന് മനസിലാക്കാനും കുറെയൊക്കെ സാധിക്കാറുണ്ട്. അത് നിരന്തരമായ ഇടപെടലുകളിലൂടെ ആര്‍ജിച്ചെടുക്കുന്നതാണ്. സര്‍ക്കാസം എന്താണെന്നും, ഒരു വ്യക്തി ഇടുന്ന പോസ്റ്റുകളില്‍ സര്‍ക്കാസം ഏതാണെന്നും അല്ലാത്തത് ഏതാണെന്നും വേര്‍തിരിച്ചെടുക്കാനും ഇതയാളെ സഹായിക്കും.

പ്രിന്റ്‌ മീഡിയയെ സംബന്ധിച്ചിടത്തോളം വാര്‍ത്തകളുടെ ആധികാരികതയും മറ്റ് വശങ്ങളും വിലയിരുത്തിയ ശേഷം മാത്രമേ ഒരു ലേഖകന്‍ കൊണ്ട് വരുന്ന വാര്‍ത്ത സാധാരണയായി അച്ചടിമഷി പുരളാറുള്ളൂ. പക്ഷെ, സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ഫേസ്ബുക്കിന്‍റെ സ്വാധീനം വർധിച്ചു വരുന്ന ഇന്നത്തെ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ അറിയാനും വാര്‍ത്തകള്‍ സൃഷ്ടിക്കാനും ഫേസ്ബുക്കിനെ പരിധി വിട്ട് ആശ്രയിക്കുന്നുണ്ട്. ഫാക്റ്റ് ചെക്ക് ചെയ്യാതെ ഫേസ്ബുക്കില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ അതേപടി വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കുകയാണ് അത്തരക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം മലയാള മനോരമയില്‍ ജിജോ ജോണ്‍ പുത്തേഴത്ത് ‘അഭിമന്യു വധം: മുഖ്യപ്രതി സൈബര്‍ സഖാവ്’ എന്ന പേരിലെഴുതിയ വാര്‍ത്തയെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. വാര്‍ത്തയില്‍ തന്‍റെ ഭാഷ്യത്തിനെ തന്നെ പരസ്പരം ഖണ്ഡിക്കുന്ന തരത്തിലാണ് ലേഖകന്‍ എഴുതിയിരിക്കുന്നത്. മുഖ്യപ്രതി സൈബര്‍ സഖാവ് എന്ന തലക്കെട്ടിന് മുകളില്‍ തന്നെ ക്യാമ്പസ് ഫ്രണ്ട് നേതാവ്, സിപിഎം അനുകൂലിയായത് അവ്യക്തം എന്നും കൊടുത്തിട്ടുണ്ട്. മുഹമ്മദ്‌ ക്യാമ്പസ് ഫ്രണ്ട് നേതാവ് ആണ് എന്നത് ലേഖകന് അറിയാം എന്നത് ഇതില്‍ നിന്നും വ്യക്തവുമാണ്. പിന്നെ മുഹമ്മദ്‌ എന്തുകൊണ്ട് അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടുവെന്നതാണ് ചോദ്യം. അവിടെയാണ്, സോഷ്യല്‍ മീഡിയ സാക്ഷരതയുടെ പ്രസക്തി. ഫേസ്ബുക്കില്‍ സ്ഥിരമായി ഇടപെടുന്ന ഒരാള്‍ക്ക് മുഹമ്മദിന്‍റെ പോസ്റ്റിന്റെ ഉദ്ദേശം മനസിലാക്കാന്‍ ഒട്ടും പ്രയാസം കാണില്ല, മുഹമ്മദ്‌ ഒരു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണെന്നുള്ള അറിവും, പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ള സ്മൈലികളും മാത്രം മതിയാവും അത് സര്‍ക്കാസ്റ്റിക് ആയിട്ട ഒരു പോസ്റ്റ്‌ ആണെന്ന് മനസിലാവാന്‍. അതുകൊണ്ട് തന്നെ അയാളൊരു സിപിഎം അനുഭാവി ആണോയെന്നുള്ള സംശയം അയാളെ വായിക്കുന്ന ഒരാള്‍ക്കും ഉണ്ടാവാന്‍ വഴിയില്ല. പക്ഷെ, മനോരമ ലേഖകന് അങ്ങനെയൊരു സംശയം ഉണ്ടായി. അതുകൊണ്ട് അയാള്‍ വാര്‍ത്തയും ഉണ്ടാക്കി. വാര്‍ത്തയിലെ പരസ്പരവിരുദ്ധമായ രണ്ട് ആഖ്യാനങ്ങളെ ഖണ്ഡിക്കാന്‍ കാര്യങ്ങള്‍ വ്യക്തമല്ല എന്നൊരു ന്യായീകരണം കൂടെ ചേര്‍ത്തു.

ഈ വാര്‍ത്തയെ രണ്ട് തരത്തില്‍ കാണാം. ഒന്ന്, ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡനറും ആലപ്പുഴ ജില്ലാ സെക്രട്ടറിയും അഭിമന്യു വധത്തിലെ പ്രധാന പ്രതിയുമായ മുഹമ്മദ്‌ പരിഹാസാത്മകമായി ഇട്ട പോസ്റ്റ്‌ മനസിലാക്കുന്നതില്‍ ലേഖകന് പിഴവ് പറ്റി. രണ്ട്, സംഘപരിവാര്‍ സംഘടനകളും പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവരും സിപിഎമ്മിലെ മുസ്ലിം സമുദായത്തില്‍ പെട്ടവരെ ലക്ഷ്യമാക്കി നടത്തുന്ന കൊണ്ടുപിടിച്ച ഒരു ആഖ്യാനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു വാര്‍ത്ത വന്നത്. ആദ്യം സൂചിപ്പിച്ച തെറ്റാണ് പറ്റിയതെങ്കില്‍ കേവലം ഒരു തിരുത്തില്‍ അവസാനിക്കുന്ന പിഴവായിരുന്നു. ‘Publish first, Correct if necessary’ എന്നതാണല്ലോ ഇപ്പോഴത്തെ മീഡിയ സംസ്ക്കാരം.

ഒരു പ്രമുഖ ഓണ്‍ലൈന്‍ മീഡിയ ഉടമ പറഞ്ഞത്, ഞങ്ങള്‍ ആദ്യം വാര്‍ത്ത കൊടുക്കും, പിന്നെ ആ വാര്‍ത്ത തെറ്റാണെന്നും വാര്‍ത്ത കൊടുക്കുമെന്നായിരുന്നു. ഫാക്റ്റ് ചെക്കിംഗ്, വാര്‍ത്ത ക്രോസ് ചെക്ക് ചെയ്യാനുള്ള കാത്തിരിപ്പ് ഒന്നും നവയുഗ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഭാഗമല്ലെന്നും മത്സര ഓട്ടത്തിനിടയില്‍ ആദ്യം ബ്രേക്ക് ചെയ്യുന്നവര്‍ക്ക് കിട്ടുന്ന ക്ലിക്കുകളിലും ഹിറ്റ്സുകളിലുമാണ് തങ്ങളുടെ കണ്ണ് എന്നയാള്‍ പറയാതെ പറയുകയായിരുന്നു. എന്തായാലും, സംഭവിച്ചത് തെറ്റാണെങ്കില്‍ ഒരു തിരുത്ത് കൊടുക്കുകയെന്നത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ധാര്‍മിക ബാധ്യത തന്നെയാണ്. അതിവിടെ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത് പിന്നീട് ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ആവര്‍ത്തിച്ചിരുന്നു എന്നും കാണാവുന്നതാണ്.

ഇവിടെ മനോരമ ലേഖകന്‍ ഉണ്ട്, സൂക്ഷിക്കുക

തുടര്‍ന്ന്, അഭിമന്യുവിന്‍റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം എന്നൊരു ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പി ടി തോമസും സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ ധാരണ എന്നാരോപിച്ച് ബിജെപിയുടെ പി കെ കൃഷ്ണദാസും രംഗത്ത് വന്നിട്ടുണ്ട്. മനോരമ വാര്‍ത്തയെ തുടര്‍ന്നുണ്ടായ ഈ സംഭവങ്ങള്‍ നോക്കുമ്പോള്‍ ഇത്തരം ഒരു വാര്‍ത്ത മനോരമയില്‍ വന്നത് നേരത്തെ പറഞ്ഞ ഒരു ആഖ്യാന പദ്ധതിയുടെ ഭാഗമായാണ് എന്ന് കൃത്യമായും സംശയിക്കാവുന്നതാണ്; അതെന്താണ് എന്നൊന്ന് പരിശോധിക്കാം.

സിപിഎം ന്യൂനപക്ഷപ്രീണനം നടത്തുന്നു, മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്നുള്ള തരത്തിലുള്ള ആരോപണങ്ങള്‍ സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസും ഒരുപോലെ പ്രചരിപ്പിക്കുന്നുണ്ട്. രണ്ട് കൂട്ടരുടെയും കണ്ണ് ഇത്തരമൊരു ആരോപണത്തിലൂടെ ഹിന്ദുസമുദായത്തിനുള്ളില്‍ സൃഷ്ടിക്കാവുന്ന ധ്രുവീകരണത്തിലും അതുവഴി സമാഹരിക്കാവുന്ന വോട്ടുകളിലുമാണ്. ‘മാപ്പിള സഖാവ്’ എന്നൊരു ക്യാറ്റഗറി തന്നെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് സംഘപരിവാര്‍.

സിപിഎമ്മിനുള്ളില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അടക്കമുള്ള തീവ്രവാദി സംഘടനകളിലെ ആളുകള്‍ കയറിക്കൂടിയിട്ടുണ്ട് എന്ന തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട് എന്നൊരു വാര്‍ത്ത കുറച്ച് മുന്‍പേ മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ന്യൂനപക്ഷപ്രീണനത്തിന്‍റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകളോട് മൃദുമനോഭാവമാണ് സിപിഎമ്മിനുള്ളത് എന്ന തരത്തില്‍ വ്യാഖ്യാനിക്കാവുന്ന അനേകം വാര്‍ത്തകള്‍ പല തവണ വന്നിട്ടുണ്ട്. ഇത്തരം വാര്‍ത്തകളും മാപ്പിള സഖാവ് എന്ന സംബോധനയുമെല്ലാം ഉപയോഗിച്ച് സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ മുസ്ലിം സമുദായാംഗങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും പാര്‍ട്ടിയിലും സമൂഹത്തിലും ഒരുതരം അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയെന്ന വലിയ പദ്ധതിയുടെ ഭാഗമായാണ് മലയാള മനോരമയില്‍ ജിജോ ജോണ്‍മാര്‍ സൃഷ്ടിച്ചു വിടുന്ന വാര്‍ത്തകള്‍ വരുന്നത്. ഇത്തരം കള്ളങ്ങളും അതിന്‍റെ ഗീബല്‍സിയന്‍ പ്രചാരണതന്ത്രങ്ങളും സംഘപരിവാര്‍ സംഘടനകള്‍ നടത്തുമ്പോള്‍ മലയാള മനോരമ പോലെയുള്ള പത്രങ്ങള്‍ അതിന് പിന്തുണ നല്‍കിക്കൊണ്ട് വാര്‍ത്തകള്‍ കൊടുത്തിട്ടുള്ള ചരിത്രം നമ്മുടെ മുന്‍പിലുണ്ട്.

മാധ്യമപ്രവര്‍ത്തനം വെറും കച്ചവടമാക്കിയ ആ ഒരു ചരിത്രത്തില്‍ നിന്ന് കൊണ്ടു വേണം, അഭിമന്യുവിന്‍റെ മരണശേഷമുള്ള ഇത്തരം ശ്രമങ്ങളും കാണാന്‍. സംഘപരിവാര്‍, പോപ്പുലര്‍ ഫ്രണ്ട് എന്നിങ്ങനെ ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ എന്ന് പറയാവുന്ന വിധത്തില്‍ പരസ്പരം ആശ്രയിച്ചും സഹായിച്ചും പ്രവര്‍ത്തിക്കുന്ന സംഘടനകളെ തുറന്നു കാട്ടാനുള്ള ശ്രമങ്ങള്‍ പോലും അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പത്രമുത്തശ്ശി നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഇത് ആത്യന്തികമായി സഹായിക്കുന്നത് ആരെയാണെന്ന് മനസിലാക്കാനുള്ള ശേഷി വായനക്കാര്‍ക്കുണ്ട് എന്നും അവരുടെ തിരസ്ക്കരണം വരെ മാത്രമേ ഇത്തരം ശ്രമങ്ങള്‍ക്ക് ആയുസുള്ളൂ എന്നും മനസിലാക്കി മനോരമ ഭാവിയിലെങ്കിലും തെറ്റ് തിരുത്തിയില്ലെങ്കില്‍ അതിന്‍റെ സാമൂഹിക പ്രത്യാഘാതം ഗുരുതരമായിരിക്കും.

ലേഖകന് തെറ്റ് പറ്റി എന്നാണു മനോരമയുടെ നിലപാടെങ്കില്‍ അടിയന്തരമായി ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതില്‍ വരുന്ന വാര്‍ത്തകളെയും വസ്തുതകളെയും തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്നതിനെ കുറിച്ചും തൊഴിലാളികള്‍ക്ക് ഒരു ക്ലാസ് കൊടുക്കാന്‍ മനോരമ തയ്യാറാവണം. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാള്‍ ജേര്‍ണലിസം ക്ലാസ് എടുക്കുന്നയാളാണെന്നാണ് മനസിലാക്കുന്നത്. അങ്ങനെയെങ്കില്‍ അയാൾ പഠിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവിയെപ്പറ്റി, അവര്‍ ഭാവിയില്‍ എഴുതിയേക്കാവുന്ന വാര്‍ത്തകളുടെ ആധികാരികതയെപ്പറ്റി, അതുണ്ടാക്കിയേക്കാവുന്ന സാമൂഹ്യപ്രശ്നങ്ങളെപ്പറ്റി ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്, ആശങ്കപ്പെടേണ്ടതുണ്ട്.

ടോംസിനോട് മനോരമ ചെയ്തത് ചരിത്രം പൊറുക്കില്ല

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

മനോരമയുടെ ‘ചിറ്റമ്മ’ പ്രയോഗം ആ സ്ത്രീവിരുദ്ധ സ്കിറ്റിനേക്കാള്‍ അപഹാസ്യം

 

ശ്യാം ജിത്ത്

ബഹ്‌റിനില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author: