X

മിസ്റ്റര്‍ ചെന്നിത്തല, എത്ര പെട്ടെന്നാണ് നിങ്ങള്‍ വെറുമൊരു രാഷ്ട്രീയ മുതലെടുപ്പുകാരനായി ചുരുങ്ങിയത്

പുര കത്തുമ്പോള്‍ വാഴ വെട്ടിയ ചിലര്‍

പുര കത്തുമ്പോൾ വാഴവെട്ടുന്നതുപോലെ തന്നെയാണ് പ്രളയ ദുരന്തത്തിലേക്ക് വിഷമൊഴുക്കുന്നതും. പ്രളയകാലത്തു സകലമാന വിഷ ജന്തുക്കളും മനുഷ്യനൊപ്പം അഭയത്തിനായി സുരക്ഷിത സ്ഥലങ്ങൾ തേടുമെങ്കിലും അവയെല്ലാം തല്ക്കാലം നിരുപദ്രവ ജീവികളായി വർത്തിക്കുമെന്നാണ് ഇത് സംബന്ധിച്ച ശാസ്ത്ര പഠനങ്ങൾ പറയുന്നത്. പക്ഷെ മനുഷ്യന്റെ കാര്യം അങ്ങനെയല്ലെന്ന് കേരളത്തെ ഏതാണ്ട് പൂർണമായും വിഴുങ്ങിയ ഈ പ്രളയ ദുരിതകാലത്തെ രാഷ്ട്രീയ വിഷം തുപ്പുകാരും മുതലെടുപ്പുകാരും മാത്രമല്ല വർഗീയ വിഷ സഞ്ചിയുടെ സൂക്ഷിപ്പുകാരും നിർലജ്ജം നമ്മെ ബോധ്യപ്പെടുത്തുന്നു.

ഇതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ പി സി സി ഉപാധ്യക്ഷനും പറവൂർ എം എൽ എ യുമായ വി ഡി സതീശന്റെയുമൊക്കെ രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള തൊള്ളതുറക്കലും പ്രളയവേളയിൽ സംസ്ഥാനത്തിന് ഒരു കുഞ്ഞു കൈത്താങ്ങുപോലും നല്കുന്നതിനെക്കുറിച്ചു ചിന്തിക്കാതെ പട്ടാളത്തിന് പൂർണ ചുമതല നൽകിയെല്ലെന്ന ആക്ഷേപവുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും പ്രളയ ബാധിതർക്ക് മുൻപിൽ കോളേജ് കെട്ടിടത്തിന്റെ കവാടം കൊട്ടിയടച്ച എൻ എസ് എസ് മാനേജ്മെന്റും (പിന്നീട് തുറന്നെങ്കിലും) ഓണത്തിനിടയിലെ പൂട്ടുകച്ചവടംപോലെ ദുരിത ബാധിത കേന്ദ്രങ്ങളിൽ മത വർഗീയതക്ക് ആളെക്കൂട്ടാൻ വേണ്ടി എസ ഡി പി ഐ ക്കാർ നടത്തുന്ന കുടില തന്ത്രവുമൊക്കെ.

മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരഭിമാനം ഒന്നുകൊണ്ടു മാത്രമാണ് കേരളത്തിൽ രക്ഷാപ്രവർത്തനം നേരാംവണ്ണം നടത്താൻ സേന തയ്യാറാകാത്തതെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന സത്യത്തിൽ ഇന്ത്യയിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദുരന്ത നിവാരണ സേന എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് നന്നായി മനസ്സിലാക്കിയതിനു ശേഷമാണോ എന്നറിയില്ല. അറിയാത്തതുകൊണ്ടാണെങ്കിൽ പൊറുക്കാം. പക്ഷെ ഇക്കാര്യത്തിൽ അദ്ദേഹം കൃത്യമായ രാഷ്ട്രീയം കളിക്കുന്നുവെന്നു തന്നെവേണം കരുതാൻ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഏറെ കൈയ്യടി നേടിയ ചെന്നിത്തല എത്ര പെട്ടെന്നാണ് വെറുമൊരു രാഷ്ട്രീയ മുതലെടുപ്പുകാരന്റെ റോളിലേക്ക് ചുരുങ്ങിയതെന്നു നോക്കുക.

രക്ഷാപ്രവർത്തനം പൂർണമായും പട്ടാളത്തിന് വിട്ടുകൊടുക്കാൻ മുഖ്യമന്ത്രി തയ്യാറാവാത്തതിനെ കടുത്ത ഭാഷയിൽ വിമർശിച്ച ചെന്നിത്തല അദ്ദേഹത്തിനുകൂടി ഏറെ വിശ്വാസമുള്ള മലയാള മനോരമയുടെ ഡൽഹി ലേഖകൻ എഴുതിയതുകൂടി വായിക്കുന്നത് നന്നായിരിക്കും. ‘സംസ്ഥാനങ്ങൾക്ക് മാത്രം കൈകാര്യം ചെയ്യാനാവാത്ത ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദുരിതാശ്വാസ നടപടികൾ കേന്ദ്ര സേന ഏറ്റെടുക്കുകയല്ല, സംസ്ഥാനത്തിന്റെ നടപടികൾക്ക് പിന്തുണ നൽകുകയാണ് രീതിയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കേന്ദ്ര പ്രതിരോധ സേനയുടെ പ്രതിനിധിയും ഉൾപ്പെട്ടതാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിലുള്ള നിർവാഹക സമിതി. ദുരന്തനിവാരണത്തിനു ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ സഹകരണം നൽകുക കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. കര, നാവിക, വായുസേനകളെയും കേന്ദ്രത്തിനു കീഴിലുള്ള മറ്റു സേനകളെയും വിന്യസിക്കേണ്ടതും കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നിയമം വ്യക്തമാക്കുന്നു…’ ഇങ്ങനെ പോകുന്നു മനോരമ വാർത്ത.

നിയമവും വസ്തുതയും ഇതാണെന്നിരിക്കെ എല്ലാം പട്ടാളത്തെ ഏല്പിച്ചില്ലെന്ന ചെന്നിത്തലയുടെ ആക്ഷേപത്തിനു പിന്നിൽ രാഷ്ട്രീയ വൈരം അല്ലാതെ മറ്റെന്താണുള്ളത്? ചക്കിക്കൊത്ത ചങ്കരൻ എന്ന മട്ടിലായി വി ഡി സതീശന്റെ ആരോപണങ്ങളും. തന്റെ മണ്ഡലത്തിൽ എല്ലാ കാര്യങ്ങളും താൻ ഒറ്റക്കാണ് ചെയ്യുന്നതെന്നും മെഡിക്കല്‍ സാഹായം തേടി ആരോഗ്യ മന്ത്രിയെ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ലെന്നാണ് സതീശന്റെ ആരോപണം. സതീശന്റെ മിസ്സ്ഡ് കാളുകൾ കണ്ടു പലവട്ടം തിരിച്ചുവിളിച്ചിട്ടും സതീശനെ കിട്ടിയില്ലെന്നു ആരോഗ്യമന്ത്രി പറയുന്നു. ആരോഗ്യമന്ത്രിയെ താങ്കൾ മാത്രമല്ല സംഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സഹായം തേടി ഒട്ടേറെപ്പേർ വിൽക്കുന്നുണ്ടാകാമെന്നു സതീശന് അറിയായ്കയല്ല. തന്നെയുമല്ല തിരഞ്ഞെടുക്കപ്പെട്ട ഒരു എം എൽ എ എന്ന നിലയിൽ മുഖ്യമന്ത്രിയെയും ആരോഗ്യമത്രിയെയുമൊക്കെ പോലെ തന്നെ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗം തന്നെയാണ് താങ്കളും എന്ന കാര്യം മറന്നുകൂടാ സതീശൻ സാറേ. രാഷ്ട്രീയം കളിക്കാൻ ഇനിയും അവസരം ലഭിക്കും. ഈ പ്രളയ ദുരിതകാലത്തു തന്നെ അതുവേണമെന്നു ദയവായി ശഠിക്കാതിരിക്കുക.

പ്രളയത്തിൽ മുങ്ങിത്താഴുന്നവരെ സഹായിക്കാൻ ഈ ദിനമത്രയും ഒരൊറ്റ ബി ജെ പി ക്കാരനെയോ ആർ എസ് എഎസ് കാരനെയോ കണ്ടില്ല. സംഘി ബന്ധുക്കളായ ശ്രീരാമ സേനക്കാരോ ഹനുമാൻ സേനക്കാരോ വന്നതുമില്ല. പക്ഷെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കാണാൻ തൊഴുകൈയുമായി ശ്രീധരൻ പിള്ളയും സംഘവും നിൽക്കുന്നത് കണ്ടു. പ്രധാനമന്ത്രി വന്നു പോയതിനു പിന്നാലെ ഇന്നലെ കേരളത്തിലെ രക്ഷാ ദൗത്യം പൂർണമായും പട്ടാളത്തിനു വിട്ടു കൊടുത്തില്ലെന്നാക്ഷേപിച്ചു കോടതിയെ സമീപിക്കും എന്ന ഭീഷണി മുഴക്കാൻ പിള്ളേച്ചൻ മറന്നില്ല.

സംഘികളും കോൺഗ്രസ്സും അവരവരുടെ രാഷ്ട്രീയ തനിനിറം കാണിക്കുന്നതിനിടയിൽ തന്നെയാണ് കഴിഞ്ഞ ദിവസം എൻ എസ് എസ് നേതൃത്വം ദുരിതാശ്വാസ ക്യാംപിനായി തങ്ങളുടെ കോളേജ് അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. എന്തു ധർമമാണാവോ ഇവരെയൊക്കെ നയിക്കുന്നത്? നുഴഞ്ഞുകയറ്റവും മതതീവ്രവാദവും കൈമുതലായുള്ള എസ് ഡി പി ഐയും പുര കത്തുമ്പോൾ വാഴ വെട്ടുന്ന തിരക്കിൽ തന്നെയാണെന്നാണ് ഇന്നലെ കൊട്ടിയൂരിലെ ഒരു ദുരിതാശ്വാസ ക്യാംപിൽ നിന്നുമുള്ള വാർത്ത സൂചിപ്പിക്കുന്നത്. ദുരിതാശ്വാസ ക്യാംപിൽ തങ്ങളുടെ മത തീവ്രവാദ പരിപ്പ് വേവിക്കാടുക്കാനായിരുന്നത്രെ ഇന്നലത്തെ അവരുടെ ശ്രമം.

പ്രളയം പൂർണമായും അടങ്ങിയിട്ടില്ല. പ്രളയം തകർത്തെറിഞ്ഞ കേരളത്തെ പുനർനിർമിക്കാൻ ഇനിയും വർഷങ്ങൾ തന്നെ വേണ്ടി വരും. ആ പുനർ നിര്‍മ്മാണത്തിന് തായ്യാറാവുന്നതിനൊപ്പം ദുരിതം മുതലാക്കുന്നവരെയും പ്രളയത്തിൽ രാഷ്ട്രീയ – മത വിഷം വമിപ്പിക്കുന്നവരെയും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കാനും കേരളത്തിലെ ജങ്ങൾക്കു കഴിയട്ടെ.

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on August 20, 2018 7:49 pm