X

കുമ്പളങ്ങിയിലെ തിരുത മീനുകളുടെ പുരാവൃത്തം അഥവാ തോമസ് മാഷിന്റെ രാഷ്ട്രീയ ജീവിതം

ഗാന്ധി കുടുംബവുമായ് അടുത്ത ബന്ധമുള്ള ടോം വടക്കന്‍റെ ബിജെപി പ്രവേശനവും കെ വി തോമസിന്റെ സീറ്റ് നിഷേധവും കോണ്‍ഗ്രസിന്റെ കിച്ചന്‍ കാബിനറ്റ് രാഷ്ട്രീയം മാറുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അത് രാഹുലിന്റെ സന്ദേശം തന്നെയാണ്.

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർ‌ത്ഥി പട്ടിക പുറത്ത് വന്നതിന് പിറകെ സീറ്റ് ലഭിച്ചവരെക്കാൾ കൂടുതൽ‌ വാർത്താ പ്രാധാന്യം നേടിയ പേരാണ് പ്രൊഫ. കെ വി തോമസിന്റെത്. എറണാകുളത്ത് സിറ്റിങ്ങ് എംപിയായിരുന്ന അദ്ദേഹത്തെ മറികടന്ന് എംഎൽഎയും യുവ നേതാവുമായ ഹൈബി ഈഡനെ പരിഗണിച്ചതോടെയാണ് കെ വി തോമസ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. പാർട്ടി തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം പരസ്യമായി തന്നെ അദ്ദേഹം വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കുറച്ചു മണിക്കൂറുകളെങ്കിലും പ്രക്ഷുബ്ദമാക്കി.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണ് പ്രഖ്യാപനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഞാൻ എന്തു തെറ്റ് ചെയ്തെന്നറിയില്ല. ഏൽപ്പിച്ച ജോലികളെല്ലാം ഭംഗിയായി ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരി എയർപോർട്ട് തുടങ്ങി എല്ലാ വികസന പ്രവർത്തനങ്ങളും വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.” -അദ്ദേഹം പറഞ്ഞു. തന്റെ എംപി ഫണ്ട് വിനിയോഗം ഒരു റെക്കോർഡാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ 1970 മുതൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗവും ഏഴ് തവണ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജനപ്രതിനിധിയാവുകയും, കേന്ദ്രത്തിലും കേരളത്തിലും മന്ത്രിയായ കെ വി തോമസ് പാർട്ടിയോട് പിണങ്ങി ബിജെപിയോട് അടുക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ തന്റെ ബിജെപി പ്രവേശനത്തെ തള്ളി നാളെ സോണിയാ ഗാന്ധിയെ കാണാനൊരുങ്ങുകയാണ് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള കെ വി തോമസ്.

അട്ടിമറികളുടെയും അപ്രതീക്ഷിത നീക്കങ്ങള്‍ നിറഞ്ഞതുമായിരുന്നു കെവി തോമസിന്റെ രാഷ്ട്രീയ ജീവിതം. ലീഡർ കെ കരുണാകരനായിരുന്നു കെ വി തോമസിന്റെ രാഷ്ട്രീയ വഴികാട്ടി. കരുണാകന്റെ ഇടപെടൽ കൊണ്ടുമാത്രമാണ് കെവി തോമസ് എംഎൽഎയും മന്ത്രിയുമായത്. 1984 ലാണ് അദ്യമായി തോമസ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുന്നത്. ലോക്സഭയിലേക്കായിരുന്നു മത്സരം. ഇതുൾപ്പെടെ ആറുതവണ ലോക്സഭയിലേക്ക് മൽസരിക്കുകയും അഞ്ച് തവണ വിജയിക്കുകയും ചെയ്തതു. രണ്ട് തവണ എറണാകുളത്ത് നിന്നു തന്നെ നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സ്ഥാനാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ നിലവിലെ എറണാകുളം എംഎൽഎ ഹൈബി ഈഡൻ തോമസ് മാഷിനെ വെട്ടി ഇത്തവണത്തെ പട്ടികയില്‍ ഇടം നേടിയപ്പോൾ ആവർത്തിച്ചത് ചരിത്രം കൂടിയായിരുന്നു. 2009 ലും സമാനമായിരുന്നു അവസാന നിമിഷ അട്ടിമറി. അന്ന് എന്‍എസ്.യുഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഹൈബി ഈഡനെ എറണാകുളം സീറ്റിലേക്ക് കേരളത്തില്‍ നിന്ന് ഐ ഗ്രൂപ്പ് നിര്‍ദേശിക്കുകയും അംഗീകരിക്കപ്പെടുകയുമായിരുന്നു. ഇത്തവണയും അത് തന്നെ ആവർത്തിച്ചു. 1984 ന് ശേഷം 1989, 91, 96, 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിലായിരുന്നു കെവി തോമസ് മൽസരിച്ചത്. ഇതിൽ 1991ല്‍ കെവി തോമസ് എൽഡിഎഫ് സ്വതന്ത്രനായ സേവ്യർ അറക്കലിനോടായിരുന്നു പരാജയം. ഫ്രഞ്ച് ചാരക്കേസിൽ കുടുങ്ങിയതായിരുന്നു പരാജയത്തിനുള്ള പ്രധാന കാരണം.

കേരളത്തിൽ കോൺഗ്രസ് ഭരണം നടക്കുമ്പോൾ കോൺഗ്രസ് നേതാവ് കെ.വി തോമസ് ഫ്രഞ്ച് ചാരക്കേസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടത് കേസിന് രാഷ്ട്രീയമാനം കൈവരാൻ ഇടയാക്കി. 1995 ഡിസംബർ 19 ന് ഗലാത്തി എന്ന ഫ്രഞ്ച്  കപ്പല്‍  കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സർവേ ആരംഭിച്ച സംഭവമാണ് വിവാദത്തിന് കാരണം. ഗോവയിൽ നിന്നെത്തിയ പായ്ക്കപ്പലിൽ രണ്ട് ഫ്രഞ്ച് പൗരന്മാരും ഗോവൻ സ്വദേശിയായ ക്യാപ്റ്റനുമായിരുന്നു ഉണ്ടായിരുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ കൊച്ചിയിൽ ഫ്രഞ്ച് കപ്പൽ അനധികൃത സർവേ നടത്തി എന്നായിരുന്നു കേസ്. ഫ്രഞ്ചുകാരായ ഫോങ്കോയിസ് ക്ളാവൽ, എലല്ല ഫിലിപ്പ് എന്നിവരും ഗോവൻ സ്വദേശി ക്യാപ്റ്റൻ എഫ്.എം. ഫുർഡെ എന്നുവർ ഒന്നു മുതൽ മുന്നുവരെയുള്ള പ്രതികളും കെ.വി. തോമസ് നാലാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ വിചാരണ വേളയിൽ കെവി തോമസ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.

ഇതിന് പിറകെയാണ് ആന്റണി സര്‍ക്കാരിന്റെ പ്രതിഛായക്ക് വന്‍തിരിച്ചടിയായി വ്യാജ രേഖ ആരോപണം ഉയർന്നു വന്നത്. കെവി തോമസിനെ അധോലോക റാക്കറ്റുമായി ബന്ധപ്പെടുത്താന്‍ ഭരണകക്ഷി എംഎല്‍എ തന്നെയായിരുന്ന ശോഭനാ ജോർജിന്റെ നേതൃത്വത്തില്‍ വ്യാജ രേഖ ചമച്ചു എന്നതായിരുന്നു വിവാദം. മന്ത്രിയെ പുറത്താക്കാന്‍ ഇത്തരമൊരു രേഖ ചമച്ച് മാധ്യമങ്ങള്‍ക്ക് നല്‍കി എന്നായിരുന്നു ആരോപണം.

രണ്ടു മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിനും വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഫലമായിരുന്നു വിവാദം. പൊലീസ് ഭരണത്തെ അതിനിശിതമായി വിമര്‍ശിച്ചു കൊണ്ട് ശോഭന നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന് പ്രതികാരമായി എ ഗ്രൂപ്പ് ആസൂത്രണമായിരുന്നു വ്യാജ രേഖ വിവാദമെന്നും വാർത്തകളുണ്ടായിരുന്നു. സംഭവത്തിൽ കേസിലെ മൂന്നാംപ്രതിയായിരുന്ന ശോഭനാ ജോർജ്ജിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.

ഫ്രഞ്ച് ചാരക്കേസിന് പിറകെ തിരഞ്ഞെടുപ്പു തോറ്റപ്പോൾ ഡിസിസി പ്രസിഡന്റായി കെവി തോമസ്, തൊട്ടുപിറകെ 2001ലും 2006 ലും കേരള നിയമ സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിയമ സഭാംഗമായിരിക്കെ 2009 ൽ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടു. രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രിയായി ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം 2001 മുതൽ 2004 വരെ കേരള നിയമസഭയിൽ എക്സൈസും,ടൂറിസവും, ഫിഷറീസും വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കൂടിയായിരുന്നു. ഉമ്മൻചാണ്ടിയെ രാഷ്ട്രീയ നീക്കങ്ങളിലൂടെ കടത്തിവെട്ടിയായിരുന്നു മന്ത്രി സ്ഥാനത്തേക്കുള്ള കെവി തോമസിന്റെ കടന്ന് വരവ്. ഇതിനിടെ ലീഡർക്ക് ശേഷം എ കെ അന്റണിയുടെ വിശ്വസ്ഥനായും കെവി തോമസ് മാറിയിരുന്നു.

കൊച്ചിക്ക് സമീപമുള്ള ചെറു ഗ്രാമമായ കുമ്പളങ്ങിയാണ് കെ വി തോമസിന്റെ സ്വദേശം. കുമ്പളങ്ങിയുടെ പ്രശസ്തമായ തിരുത മീന്‍‌ നൽകിയാണ് തോമസ് മാഷ് നേതാക്കളുടെ മനം കവർന്നതെന്നാണ് ഡല്‍ഹി കഥകള്‍. ആദ്യം കെ കരുണാകരനെനും പിന്നീട് സോണിയാ ഗാന്ധിക്കും ‘തിരുത മീൻ’ നൽകിയാണ് കെവി തോമസ് അടുപ്പക്കാരനായതെന്നാണ് ഈ കഥകളുടെ സാരം. കേരളത്തിൽ ഉമ്മൻ ചാണ്ടിയെ വെട്ടി മന്ത്രി സ്ഥാനം നേടിയപ്പോൾ പ്രൊഫ പിജെ കുര്യന്റെ മോഹങ്ങൾ തല്ലിക്കൊഴിച്ചായിരുന്നു കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റതെന്നും രാഷ്ട്രീയ കേരളം അടക്കം പറയുന്നു. എന്നാൽ നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷൻ‌ രാഹുൽ ഗാന്ധിയുടെ മനം കവരാൻ തോമസ് മാഷിന്റെ തിരുത മീനിന് കഴിയാത്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയ ഇടനാഴികളില്‍ നിന്നുള്ള രഹസ്യ സംസാരം.

തന്നെ വളർച്ചയിൽ സഹായിച്ച നേതാക്കളെ മറക്കാൻ കെവി തോമസ് തയ്യാറായിരുന്നില്ല. എഴുത്തുകാരൻ എന്ന പേരു കൂടി സ്വന്തമാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ നേതാക്കളെയും നാടിനെയും അനുസ്മരിച്ചുകൊണ്ടുള്ളതായിരുന്നു. എന്റെ ലീഡർ, കുമ്പളങ്ങി വർണ്ണങ്ങൾ, എന്റെ കുമ്പളങ്ങി, എന്റെ കുമ്പളങ്ങിക്കു ശേഷം, അമ്മയും മകനും, സോണിയ പ്രിയങ്കരി, കുമ്പളങ്ങി ഫ്ലാഷ് എന്നിവയായിരുന്നു ഇവ.

ഫ്രഞ്ച് ചാരക്കേസിന് പുറത്തും കെ വി തോമസ് വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. യുപിഎ സർക്കാരിൽ കൃഷിവകുപ്പ് സഹമന്ത്രി ആയിരിക്കെ 2010ൽ നടത്തിയ പരാമർശമായിരുന്നു ഇതിന് കാരണം. ആ വർഷം ഒക്ടോബറിൽ കാസർകോട് വെച്ച് നടന്ന ഒരു സെമിനാറിൽ എൻഡോസൾഫാൻ മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമായിരുന്നു വിവാദത്തിന് ഇടയാക്കിയത്. പരാമർശം കക്ഷിരാഷ്ട്രീയഭേദമന്യെ വലിയ തോതിൽ വിമർശിക്കപ്പെട്ടു.

രാഷ്ട്രീയത്തിൽ കരുത്തരായവർ‌ക്കൊപ്പം എപ്പോഴും ചേർന്നു നിന്ന പാരമ്പര്യമുള്ള കെവി തോമസ് പക്ഷേ ഒന്നിനെയും രൂക്ഷമായി എതിർക്കുന്ന വ്യക്തിയല്ല. കരുണാകരനായാലും ആന്റണിയായാലും പിണറായി വിജയനായാലും നരേന്ദ്രമോദി ആയാലും അതിനു മാറ്റമുണ്ടാവില്ല എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ അവസാന ഉദാഹരണമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തിയുള്ള കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്മെന്റ് സമ്മേളനത്തിലായിരുന്നു പരാമർശം.

തന്റെ തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നായിരുന്നു ആ വിലയിരുത്തൽ. കോൺഗ്രസിന്റെ നേതാക്കളേക്കാൾ ഞാൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. ‘നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിർവഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തിൽ മോദി വിദഗ്ധനാണെന്നുമായിരുന്നു പരാമർശം. സംഭവത്തിൽ അദ്ദേഹത്തോടെ കെപിസിസി വിശദീകരണം തേടുകയും ചെയ്തു.

മോദിയോടുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ് പാര്‍ലമെന്‍റിന്റെ പബ്ളിക് അകൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയര്‍മാനായി കെവി തോമസിനെ തിരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകളുണ്ടാരുന്നു. 2014 ഓഗസ്റ്റ് 20 നായിരുന്നു ചുമതലയേറ്റത്. മതിയായ അംഗങ്ങളില്ലാത്തതിന്റെ പേരിൽ ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കില്ലെന്ന് ബിജെപി നിലപാട് ശക്തമാക്കിയ സമയത്തായിരുന്നു കെവി തോമസിനെ മോദി സർക്കാർ പി‌എസി അധ്യക്ഷ ചുമതല നൽകിയത്. ഇപ്പോൾ പാർട്ടിയിൽ തർക്കം സീറ്റിനെ ചൊല്ലി പിണങ്ങി നിൽക്കുമ്പോഴും ബിജെപിയിലേക്ക് ചുവടുമാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് ബലം പകരുമെന്നതും മോദി സർക്കാറിന്റെ ഈ അനുകുല നിലപാടുകളാണ്.

1946 മെയ് 10 നാണ് കെ‍ ‍ഡി വർക്കി റോസി വർക്കി ദമ്പതികളുടെ മകനായി കെ.വി. തോമസ് എന്ന കുറുപ്പശ്ശേരി വർക്കി തോമസ് ജനിക്കുന്നത്. എറണാകുളം തേവര കോളേജിൽ കെമിസ്ട്രി അധ്യാപകനായി പ്രവർത്തിച്ച ശേഷമായിരുന്നു രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ഷേർളിയാണ് ഭാര്യ, ബിജു, രേഖ, ഡോ. ജോ എന്നിവരാണ് മക്കൾ. കുമ്പളങ്ങിയിലും എറണാകുളത്തും കേന്ദ്രീകരിച്ചായിരുന്നു കെ വി തോമസിന്റെ വിദ്യാഭ്യാസം. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം പഠനകാലത്ത് വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഉൾപ്പെടെ എടുത്തായിരുന്ന ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത്. എറണാകുളം തേവര കോളേജിൽ ഉൾപ്പെടെ 33 വർഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഗം 2001 മെയ് 31 നാണ് തന്റെ അക്കാദമിക ജീവിതം അവസാനിപ്പിക്കുന്നത്.

രാഷ്ട്രീയ രംഗത്ത് അഞ്ച് പതിറ്റാണ് പൂർത്തിയാക്കുമ്പോൾ അധികാരസ്ഥാനങ്ങൾക്ക് പുറമെ കോൺഗ്രസ് വാർഡ് കമ്മിറ്റി ചെയർമാൻ മുതൽ എഐസിസിയുടെ തിരഞ്ഞെടുപ്പ് ചുമതല വരെയും വഹിച്ചിട്ടുണ്ട്. ഐഎൻടിയുസി ജനറൽ സെക്രട്ടറി സ്ഥാനം ഉൾപ്പെടെ സാംസ്കാരിക സാമൂഹി സംഘടനളുടെ ചുമതലക്കാരൻ കൂടിയായിരുന്നു അദ്ദേഹം.

ഗാന്ധി കുടുംബവുമായ് അടുത്ത ബന്ധമുള്ള ടോം വടക്കന്‍റെ ബിജെപി പ്രവേശനവും കെ വി തോമസിന്റെ സീറ്റ് നിഷേധവും കോണ്‍ഗ്രസിന്റെ കിച്ചന്‍ കാബിനറ്റ് രാഷ്ട്രീയം മാറുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അത് രാഹുലിന്റെ സന്ദേശം തന്നെയാണ്.

This post was last modified on March 18, 2019 6:50 am