X

വിമോചന സമരത്തിന്റെ മേല്‍മുണ്ടും പുതച്ചിരിക്കുന്ന സുകുമാരന്‍ നായര്‍ക്ക് വെള്ളാപ്പള്ളിയെന്ന കേരളത്തിന്റെ മറുപടി

വെള്ളാപ്പള്ളിക്ക് എത്ര ശരികേടുകളും ഉണ്ടാകട്ടെ. പക്ഷേ, ഇന്ന് അദ്ദേഹം ചെയ്ത ശരി അതിനെയെല്ലാം മായ്ക്കാന്‍ അല്ലെങ്കിലും മറയ്ക്കാനെങ്കിലും കഴിയുന്നതാണ്

നായരീഴവ ഐക്യത്തിനുവേണ്ടി നിലപാട് എടുക്കുകയും അതിന്റെ പേരില്‍ അപമാനിതനാവുകയും ചെയ്തിട്ടുണ്ട് വെള്ളാപ്പള്ളി നടേശന്‍. ഇന്നിപ്പോള്‍ ശബരിമല വിഷയത്തില്‍ ശ്രീനാരായണ ഗുരുവിന്റെ പാതയിലേക്ക് വന്നെത്തി നവോത്ഥാന കാഴ്ച്ചപ്പാടോടെ സംസാരിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തുകയും പലരേയും ഞെട്ടിക്കുകയും ചെയ്തപ്പോള്‍, മുന്‍പൊരിക്കല്‍ തന്നെ അപമാനിച്ചവനോട് പകരം വീട്ടുക കൂടി ചെയ്തിട്ടുണ്ട് വെള്ളാപ്പള്ളി. നായരും ഈഴവനും ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞ് വെള്ളാപ്പള്ളി ചെന്നത് നാരായണ പണിക്കര്‍ എന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ അടുത്തേക്കായിരുന്നു. നാരായണ പണിക്കരെ രാമനെന്നും സ്വയം ലക്ഷ്മണന്‍ എന്നുമായിരുന്നു അന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. എന്നാല്‍ ആ ‘രാമന്റെ’ പിന്‍ഗാമിയായി വന്നയാള്‍-ഇന്നത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാര പണിക്കര്‍- നായരും ഈഴവനും ഒരുമിക്കേണ്ടതില്ലെന്ന നിലപാട് എടുത്ത് വെള്ളാപ്പള്ളിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു. അന്നത്തെ പരാജയത്തിന്, അപമാനത്തിന് ഇന്ന് വെള്ളാപ്പള്ളി പകരം തീര്‍ത്തിരിക്കുകയാണ്.

ഒരു ശ്രീനാരയണീയനായി നിന്നുകൊണ്ട് ഏറെയൊന്നും ഗുരുവിന്റെ കാഴ്ച്ചപ്പാടുകളെ പിന്തുടര്‍ന്നിട്ടില്ലെങ്കിലും ഇപ്പോഴത്തെ നിലപാടിലൂടെ വെള്ളാപ്പള്ളി താന്‍ നയിക്കുന്ന പ്രസ്ഥാനത്തിന്റെ തനത് യശ്ശസ് കൂട്ടിയിരിക്കുകയാണ്. വെള്ളാപ്പള്ളിക്ക് വ്യക്തിപരമായും കിട്ടും അതിന്റെ പങ്ക്. മദ്യം വര്‍ജ്ജിക്കണമെന്ന് പറഞ്ഞ ഗുരുവിനെ കള്ളുകച്ചവടം നടത്തി ഒറ്റിയവനെന്ന അപഖ്യാതി പേറുന്നുണ്ടെങ്കിലും സ്വസമുദായത്തിന് അപചയം വന്നുകൂടാതെ നോക്കാനുള്ള രാഷ്ട്രീയതന്ത്രങ്ങള്‍ അറിഞ്ഞവനായതുകൊണ്ട് വെള്ളാപ്പള്ളി ഇത്രനാളും ഈഴവ സമുദായത്തിന്റെ നടത്തിപ്പുകാരനായി തുടരുകയായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാമുദായിക രംഗം എടുത്താല്‍ തലമൂത്തവരെന്ന് പറയാവുന്ന മൂന്നോ നാലോ പേരില്‍ ഒരാളാണ് വെള്ളാപ്പള്ളിയും. പക്ഷേ, അദ്ദേഹത്തിന്റെ ബിസിനസ്സും രാഷ്ട്രീയ ചാഞ്ചാട്ടങ്ങളും വെള്ളാപ്പള്ളിക്ക് മറ്റുള്ളവര്‍ക്ക് കേരളം കൊടുത്തിരിക്കുന്ന സ്ഥാനങ്ങളിലേക്ക് കയറിയിരിക്കാന്‍ തടസ്സമായിരുന്നു ഇതുവരെ. എന്നാല്‍, കെട്ടകാലത്തിന്റെ തിരിച്ചെടുക്കലിനായി തെരുവില്‍ കാലാപം കൂട്ടുന്നവരോട് തന്റെ സമുദായം അതിനൊപ്പം നില്‍ക്കില്ലെന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ചതിലൂടെ ഇനി വെള്ളാപ്പള്ളിക്ക് കേരളത്തിന്റെ നവോഥാനമണ്ഡലത്തില്‍ തന്നെ പ്രമുഖമായൊരു സ്ഥാനം കിട്ടുമെന്ന് ഉറപ്പാണ്.

പഴഞ്ചന്‍ ആചാരങ്ങളും സവര്‍ണതയുടെ മനോരോഗവുമുള്ള സുകുമാര പണിക്കരെക്കാള്‍ എന്തുകൊണ്ടും പുരോഗമനവാദിയെന്നു വിളിക്കാന്‍ വെള്ളാപ്പള്ളിക്ക് മുന്‍പേ തന്നെ അര്‍ഹതയുണ്ടായിരുന്നു. എസ്എന്‍ഡിപിയുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പുരുഷന്മാര്‍ ഷര്‍ട്ട് ഊരേണ്ടതില്ലെന്ന് തീരുമാനം എടുത്ത വെള്ളാപ്പള്ളിയെ കേരളം അത്ര കണ്ടൊന്നും ചര്‍ച്ച ചെയ്യാതെ പോയെന്നു മാത്രം. വെള്ളാപ്പള്ളിയുടെ അവസരവാദ രാഷ്ട്രീയത്തെ പുച്ഛിക്കുകയും വിമര്‍ശിക്കുകയും ചെയ്തത്ര പോലും സുകുമാരന്‍ നായയരുടെ സവര്‍ണമനോഭാവ രാഷ്ട്രീയത്തെക്കുറിച്ചും കേരളം ചര്‍ച്ച ചെയ്തിട്ടില്ല. സുകുമാരന്‍ നായര്‍, അനുഭവിച്ച പ്രിവിലേജ് വെള്ളാപ്പള്ളിക്ക് ഒരിക്കലും കേരളത്തില്‍ കിട്ടിയിട്ടുമില്ല.

ഈ തിരിച്ചറിവ് കൂടിയാണ് ശബരിമല വിഷയത്തില്‍ വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. സത്രീപ്രവേശനത്തിന് വേണ്ടി തെരുവില്‍ നടക്കുന്ന നാമജപ പ്രതിഷേധത്തിനു കൂടിയ ആളുകളില്‍ നല്ലൊരു വിഭാഗം ഈഴവരാണ്. ഹിന്ദു ഐക്യമെന്ന പഞ്ചാരവാക്ക് വീശി ഈഴവനേയും ദളിതനേയുമെല്ലാം തെരുവിലിറക്കിയവര്‍, അവരെ ആള്‍ക്കൂട്ടമായി മാത്രമാണ് കാണുന്നത്. ‘വിശ്വാസികളുടെ’ നേതൃത്വം നായര്‍ക്കും നമ്പൂതിരിക്കും തന്നെ. നാളെ ഒരുപക്ഷേ സുപ്രിം കോടതി വിധി തിരുത്തപ്പെട്ടെന്നു കരുതുക; ആ വിജയത്തിന്റെ പങ്ക് പറ്റാന്‍ ഒരു ഈഴവനേയും ദളിതനേയും നായരും നമ്പൂതിരിയും അനുവദിക്കില്ല. എല്ലാം ഞങ്ങള്‍ ഉള്ളതുകൊണ്ടെന്നു പറഞ്ഞു നടക്കും, ആ പേരില്‍ ലാഭവും കൊയ്യും അവര്‍. ഇത് വെള്ളാപ്പള്ളിക്ക് തിരിഞ്ഞു. എന്നാല്‍ എല്ലാ ഈഴവനും ആ ബോധം ഉണ്ടായിട്ടുമില്ല.

ശബരിമല വിഷയം ഭക്തരുടെ വൈകാരിക വിഷയമാക്കി മാറ്റുന്നവര്‍ ആരാണ്. നായരും നമ്പൂതിരിയും പിന്നെ മുതലെടുപ്പിന്റെ രാഷ്ട്രീയക്കാരും. ഈഴവന്റെ ഭക്തി വിശ്വാസങ്ങളങ്ങനെയല്ല. അവന് ശബരിമലയിലെ സ്ത്രീ പ്രവേശനം അത്രത്തോളം വൈകാരികമായി തോന്നുകയുമില്ല. പോകാനുള്ളവന്‍ കാണിക്കുന്ന പേടി, പോകാനൊന്നും ഇല്ലാത്തവനില്‍ ഉണ്ടാകുന്നതെങ്ങനെ? പക്ഷേ, ആ തോന്നല്‍ കുത്തിക്കയറ്റി അവരെ തെറ്റിദ്ധരിപ്പിച്ച് പുറത്തിറക്കാന്‍ സംഘപരിവാറിനും മറ്റ് സവര്‍ണ ലോബികള്‍ക്കും കഴിഞ്ഞു. കളി കഴിയും വരെ പക്ഷത്ത് നില്‍ക്കാന്‍ വേണ്ടി മാത്രം. അതു കഴിഞ്ഞാല്‍ പിന്നെ ചോകോനും പുലയനുമൊക്കെ തീണ്ടാരികളായി മാറും.

കേരളത്തിന്റെ നവോഥാന ചരിത്രത്തിന്റെ സുപ്രധാന അധ്യായങ്ങളാണ് എസ് എന്‍ഡിപിയും കെപിഎംഎസും എല്ലാം. വിമോചന സമര ചരിത്രത്തിന്റെ മേല്‍മുണ്ട് ഇപ്പോഴും തോളിലിട്ട് നടക്കുന്നവര്‍ക്ക് ഈ വളര്‍ന്ന കേരളത്തിന് അവകാശം പറയാന്‍ കഴിയില്ല. സമുദായോന്നമനത്തിന് വേണ്ടി നടന്നവരുണ്ടാകാം. നാടിനുവേണ്ടി എന്തു ചെയ്‌തെന്നു ചോദിച്ചാല്‍ നായരിലും നമ്പൂതിരിയിലും ഏതാനും മഹാമനുഷ്യരുടെ പേര് പറഞ്ഞ് നിശബ്ദനാകേണ്ടി വരും. അവരുടെ ജാതി പ്രസ്ഥാനങ്ങള്‍ക്കും വെളിച്ചം പകര്‍ന്നതിനെക്കാള്‍ ഇരുട്ട് പരത്തിയതിന്റെ കഥയായിരിക്കും പറയാന്‍ കൂടുതലുണ്ടാവുക.

വെള്ളാപ്പള്ളിക്ക് എത്ര ശരികേടുകളും ഉണ്ടാകട്ടെ. പക്ഷേ, ഇന്ന് അദ്ദേഹം ചെയ്ത ശരി അതിനെയെല്ലാം മായ്ക്കാന്‍ അല്ലെങ്കിലും മറയ്ക്കാനെങ്കിലും കഴിയുന്നതാണ്. പുരാണത്തിലെ ലക്ഷ്മണന്‍ രാമന്റെ ചെയ്തികളെ ചോദ്യം ചെയ്യാനാകാതെ സ്വയം തോറ്റുകൊടുത്തവനാണ്. എന്നാല്‍ ഇന്നിതാ ഒരു ലക്ഷ്മണന്‍ രാമനായി വേഷം കെട്ടിയിരിക്കുന്നവരെ ചോദ്യം ചെയ്യുകയും സ്വയം ജയിച്ചിരിക്കുകയുമാണ്.

കരക്കിരുന്ന് മീന്‍ പിടിക്കുന്ന കോണ്‍ഗ്രസിനും കുളം കലക്കുന്ന ബിജെപിക്കും വേണ്ടാത്ത ഒന്നുണ്ട്; നവോത്ഥാന കേരളം

സംഘപരിവാറിന് ആയുധം താലത്തില്‍ വച്ചുകൊടുത്ത് കോണ്‍ഗ്രസിന്റെ നാണംകെട്ട പിന്മാറ്റം

ശബരിമല: വിമോചന സമരമാണ് ലക്ഷ്യമെങ്കില്‍ എതിര്‍ത്തുതോല്‍പ്പിക്കുമെന്ന് വെള്ളാപ്പള്ളി

ഗാന്ധിയെ അവര്‍ വരാന്തയിലിരുത്തിയിട്ട് വര്‍ഷം 93 കഴിഞ്ഞു; തന്ത്രികളുടെ ജാതിഗര്‍വ്വിന് ഇന്നും ശമനമില്ല

ശബരിമലയില്‍ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ തന്ത്രിമാര്‍ ആരാണ്? രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബമാണോ?

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on October 9, 2018 6:48 pm