X

എ.ആർ റഹ്മാൻ ഷോയെ പറ്റി ഒരക്ഷരം മിണ്ടരുത്

ആ ദിവസമുണ്ടായ ദുരനുഭവങ്ങളും വയൽ നികത്തലും ഒക്കെ എഴുതിയിട്ടത് കൂട്ടമായി റിപ്പോര്‍ട്ട് ചെയ്തോ കോപ്പിറൈറ്റ് ലംഘനം ആരോപിച്ചോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യിക്കുകയാണ് ഫ്ളവേഴ്സ് ചാനല്‍ എന്നാണ് ആരോപണം

ഫ്ളവേഴ്സ് ടിവി കൊച്ചിയിൽ എ.ആർ റഹ്മാൻറെ സംഗീത നിശ ഒരുക്കിയത് മെയ് പന്ത്രണ്ടാം തീയതിയാണ്. നഗരം മുഴുവന്‍ മാസങ്ങൾക്ക് മുമ്പേ പരിപാടിയുടെ ഫ്ളക്സുകൾ നിറഞ്ഞിരുന്നു. ഇരുന്നൂറ്റമ്പത് മുതല്‍ അയ്യായിരം രൂപ വരെ വിലയുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. കേരളത്തിൽ ആദ്യമായി നടക്കാന്‍ പോകുന്ന റഹ്മാൻ ഷോക്കായി സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആളുകൾ ഒഴുകിയെത്തിയത്.

ഇത്രയും വലിയൊരു പരിപാടി നടത്താനാകുന്ന മൈതാനങ്ങളും സൗകര്യങ്ങളും കൊച്ചി നഗരത്തിൽ ഉണ്ടായിട്ടും ഇരുമ്പനത്തെ ആ മൈതാനത്തിൽ പരിപാടി വെച്ചത് എന്തിനെന്ന് പലരും ഓർത്തു. പരിപാടിയുടെ മറവിൽ ഏക്കറ് കണക്കിന് പാടശേഖരം നികത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നത് ഇതിനിടെയാണ്. എന്തായാലും പരിപാടി നടന്നില്ല. അന്നേ ദിവസം പെയ്ത മഴയിൽ പുതുതായി നികത്തിയെടുത്ത മൈതാനം ചെളിക്കളമായി. കൊച്ചിയിലെ മുഴുവൻ ട്രാഫിക് ബ്ളോക്കും താണ്ടി റഹ്മാനെ കാണാനെത്തിയവർ മഴയിൽ നിന്ന് രക്ഷപ്പെടാൻ കസേരയെടുത്ത് തലയിൽ വെച്ച് നിന്നു. ഏറെ നേരം ചളിയിൽ മുങ്ങി നിന്നിട്ടും റഹ്മാൻ വന്നില്ല. മണിക്കൂറുകൾക്ക് ശേഷം പരിപാടി റദ്ദാക്കിയതായി ചാനൽ അറിയിപ്പ് കൊടുത്തു.

ആ ദിവസമുണ്ടായ ദുരനുഭവങ്ങളും വയൽ നികത്തലും ഒക്കെ ഫേസ്ബുക്കിൽ എഴുതിയിട്ടവർ അനവധിയാണ്. അത്തരത്തിൽ ഇട്ട പല പോസ്റ്റുകളും കൂട്ടമായി റിപ്പോര്‍ട്ട് ചെയ്തോ കോപ്പിറൈറ്റ് ലംഘനം ആരോപിച്ചോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യിക്കുകയാണ് ഫ്ളവേഴ്സ് ചാനല്‍ എന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന റഹ്മാൻ ഷോയെ കുറിച്ചുള്ള വിമർശനങ്ങളിൽ ഫ്ളവേഴ്സ് ചാനലിന് എന്താണ് കോപ്പിറൈറ്റ് ഉള്ളതെന്ന് ചോദിക്കാം. പക്ഷേ അത്തരം ചോദ്യത്തിനും ഉത്തരത്തിനുമൊക്കെ മുമ്പ് ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ടാകുമെന്ന് മാത്രം.

നീക്കം പുതിയ ഷോയുടെ മൈലേജ് കുറയാതിരിക്കാനോ?

പന്ത്രണ്ടാം തിയ്യതി എ.ആർ റഹ്മാൻ ഷോ നടക്കുന്ന സ്ഥലത്ത് മഴ പെയ്ത് ചെളിക്കുണ്ടായതോടെ പരിപാടി കാണാനെത്തിയവർ അസ്വസ്ഥരായി തുടങ്ങിയിരുന്നു. പരിപാടിക്കായി ഒരുക്കിയ താൽക്കാലിക വേദി തകർന്ന് വീഴുമെന്ന് പേടിച്ചു. നഗരത്തിലെത്തിയ എ.ആർ റഹ്മാൻ പരിപാടി സ്ഥലത്തേക്ക് എത്തിയതുമില്ല. തുടർന്നാണ് ഷോ റദ്ദാക്കിയതായും ടിക്കറ്റിൻറെ പണം അടുത്ത മൂന്ന് ദിവസങ്ങളിലായി തിരിച്ചു ലഭിക്കുമെന്നും ഫ്ളവേഴ്സ് ചാനല്‍ അധികൃതർ അറിയിച്ചത്. കനത്തമഴ പരിപാടിക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകളുൾപ്പെടെ വെള്ളത്തിലാക്കിയ സാഹചര്യത്തിൽ സുരക്ഷാ പ്രശ്നങ്ങളും ഉണ്ടായിരുന്നു. പരിപാടി ഉപേക്ഷിച്ചിട്ടില്ലെന്നും പുതുക്കിയ തിയ്യതി അറിയിക്കുമെന്നാണ് അന്ന് ചാനല്‍ പറഞ്ഞിരുന്നത്.

ഇനി ഈ സംഗീത നിശ നടക്കാന്‍ പോകുന്നത് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻററിലാണ്. ജൂൺ 24, 25 തിയ്യതികളിലാണ് പരിപാടി. ഇതിൻറെ ഭാഗമായാണ് രണ്ടാഴ്ചയോളമായി ഫേസ്ബുക്കിൽ കിടക്കുന്ന വിമർശനങ്ങൾ പലതും ഇപ്പോൾ നീക്കം ചെയ്യിക്കുന്നത് എന്നാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.

കൊച്ചിയില്‍ എആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ നിലം നികത്തല്‍; സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നികത്തല്‍ തുടരുന്നു

സ്വന്തം അനുഭവക്കുറിപ്പിൻറെ കോപ്പിറൈറ്റ് ഫ്ളവേഴ്സിന്.

ഷാജി ടി.യു, സംഗീത നിശ കാണാൻ വന്നത് തൃശ്ശൂർ അഷ്ടമിച്ചിറയിൽ നിന്നാണ്. അന്നേ ദിവസമുണ്ടായ ദുരനുഭവങ്ങൾ പറഞ്ഞ് കൊണ്ട് തന്റെ ഫേസ്ബുക്ക് വോളിൽ അദ്ദേഹം എഴുതിയ കുറിപ്പാണ് നീക്കം ചെയ്യപ്പെട്ടു. ടിക്കറ്റിൻറെ പണം കൊണ്ട് മാത്രം തീർക്കാവുന്ന നഷ്ടമല്ല അന്ന് ആളുകൾക്കുണ്ടായതെന്ന് ഷാജി പറയുന്നു. “ഷോ കാണാൻ വന്നവർ ഉച്ച മുതല്‍ ആ മൈതാനത്ത് തിങ്ങി നിറഞ്ഞിട്ടുണ്ട്. പുറത്തേക്ക് പോകാൻ വഴിയില്ല. മഴമാറി പരിപാടി നടക്കുമെന്ന പ്രതീക്ഷയിലാണ് പലരും നിൽക്കുന്നത്. ആളുകളുടെ കയ്യില്‍ വിലപിടിപ്പുള്ള ഫോണുകളും ഗാഡ്ജറ്റുകളുമൊക്കെയുണ്ട്. അതെല്ലാം നനഞ്ഞു കാണും. വൃദ്ധരും കുഞ്ഞുങ്ങളുമൊക്കെ ഒരു പാട് ബുദ്ധിമുട്ടിയാണ് നിന്നിരുന്നത്. ഇത്രയും മോശം അനുഭവങ്ങളുണ്ടായിട്ടും ഫ്ളവേഴ്സ് ചാനല്‍ പൊതുവായ ഒരറിയിപ്പ് അല്ലാതെ യാതൊരു പ്രതികരണവും ആ വന്നവരോട് നടത്തിയിട്ടില്ല. ഇതൊന്നും ചെയ്യാത്തവരാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യിക്കാൻ വരുന്നത്.

പരിപാടി നടക്കുന്ന ദിവസം മൂന്ന് മണിക്കൂര്‍ എടുത്താണ് നഗരത്തിൽ നിന്ന് ഇരുമ്പനത്ത് എത്തിയത്. മഴ തുടങ്ങിയതോടെ, ചാനലിൻറെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളൊക്കെ ഞാൻ നോക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാകുമോ എന്നറിയാൻ. യാതൊരു വിവരവും ഉണ്ടായില്ല. കോരിച്ചൊരിയുന്ന മഴയത്ത് എട്ട് മണി വരെ നിന്നിട്ടാണ് പരിപാടി റദ്ദാക്കിയതെന്ന് വിളിച്ചു പറയുന്നത്. അതുവരെ യാതൊരു അനക്കവുമില്ല. ഭീകരമായ അനുഭവമായിരുന്നു അവിടെ. അതിൻറെ അമർഷത്തിലാണ് പിറ്റേന്ന് രാവിലെ ഒരു കുറിപ്പെഴുതുന്നത്. ആ സംഭവം അന്നത്തോടെ നമ്മളൊക്കെ വിട്ടതാണ്. ഇപ്പോൾ രണ്ടാഴ്ചയോളമായി.

പുതിയ പരിപാടി അനൗണ്‍സ് ചെയ്തതോടെ പഴയ ചീത്തപ്പേര് മാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. എൻറെ പോസ്റ്റിൽ ഞാനെഴുതിയ കുറിപ്പും ഒരു സുഹൃത്തെടുത്ത ഫോട്ടോയുമാണുള്ളത്. ആ ഫോട്ടോ സുഹൃത്തിൻറെ അനുവാദത്തോടെയാണ് ഇട്ടതും. അതിലെങ്ങനെയാണ് ഇവർക്ക് കോപ്പിറൈറ്റ് അവകാശപ്പെടാനാകുക?”

ഷാജിയുടെ പോസ്റ്റിന് ഫേസ്ബുക്കിൽ ധാരാളം ലൈക്കുകളും നൂറിലധികം പേരുടെ ഷെയറും ഉണ്ടായിരുന്നു. ഇത് തന്നെയാകണം പോസ്റ്റ് നീക്കം ചെയ്യിപ്പിക്കാനുള്ള കാരണം. തങ്ങളുടെ കോപ്പിറൈറ്റ് ലംഘിച്ചെന്നുള്ള ഒരു മൂന്നാം പാർട്ടിയുടെ റിപ്പോർട്ടിങ്ങാണ് പോസ്റ്റ് നീക്കം ചെയ്യാനുള്ള കാരണമെന്ന് ഫേസ്ബുക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ‘ഇൻസൈറ്റ് മീഡിയാ സിറ്റി’ യാണ് പരാതിക്കാരായ കമ്പനി. ഫ്ളവേഴ്സ് ചാനലിൻറെ മാതൃസ്ഥാപനമാണിത്. ഫസൽ@ഫ്ളവേഴ്സ്ടിവി.ഇൻ എന്ന മെയില്‍ ഐഡിയിൽ നിന്നാണ് ഇത് വന്നിട്ടുള്ളത്. ഇത് ആവർത്തിക്കുകയാണെങ്കിൽ തിരിച്ചു കിട്ടാത്ത വിധം അക്കൗണ്ട് ബ്ളോക്ക് ചെയ്യുമെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് നൽകിയിട്ടുണ്ട് എന്ന് ഷാജി പറയുന്നു.

മാധ്യമങ്ങളോടും മിണ്ടരുതെന്ന്

എ.ആർ റഹ്മാൻ ഷോയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തമസ്കരിക്കുന്ന നീക്കമായിരുന്നു മിക്കവാറും മുഖ്യധാരാ മാധ്യമങ്ങളുടേത്. ഉൾപ്പേജിലെ രണ്ട് കോളം വാർത്തയാണ് പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പലരും നൽകിയത്. ഓൺലൈൻ മാധ്യമങ്ങള്‍ തുടർച്ചയായി വാർത്തകൾ നൽകിയിരുന്നു താനും. എന്നാൽ പാടം നികത്തിയതുമായി ബന്ധപ്പെട്ട് ചെയ്ത വീഡിയോകൾ വരെ ഇപ്പോൾ യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്ത് കൊണ്ടിരിക്കുകയാണ്.

‘ഡൂൾ ന്യൂസി’നു വേണ്ടി ഷഫീഖ് താമരശ്ശേരി ചെയ്ത വാർത്തകൾ എ.ആർ റഹ്മാൻ ഷോയുടെ മറവിൽ നടന്ന തൊഴിലാളി ചൂഷണത്തേയും പരിസ്ഥിതി നാശത്തേയും കുറിച്ച് സംസാരിക്കുന്നതായിരുന്നു. കലൂരിലുള്ള തമിഴ് തൊഴിലാളികളെ ഇരുമ്പനത്ത് കൊണ്ടുപോയി ജോലി ചെയ്യിച്ച് കൂലി നൽകാത്തതായിരുന്നു ഒരു വാർത്ത. അടുത്തത് ഷോയുടെ മറവിൽ ഇരുപത്താറ് ഏക്കർ പാടം നികത്തിയതും. യൂട്യൂബിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഈ വീഡിയോകൾ നീക്കം ചെയ്യപ്പെട്ടു. അതിനു ശേഷം ഫേസ്ബുക്കിലെ മറ്റൊരു പേജിൽ പോസ്റ്റ് ചെയ്തെങ്കിലും അവിടെ നിന്നും നീക്കം ചെയ്യപ്പെട്ടു. ഇത് തുടർന്നാൽ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടിന് ബാൻ ലഭിക്കുമെന്ന മുന്നറിയിപ്പും കിട്ടി. ഇൻസൈറ്റ് മീഡിയ സിറ്റിയിലെ ഫസൽ എന്ന മെയില്‍ വിലാസത്തിൽ നിന്നുള്ള റിപ്പോര്‍ട്ടിങ്ങ് പ്രകാരമാണ് ഇവിടെയും നടപടി.

”സ്വന്തമായി ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് ആ വീഡിയോയിൽ ഉണ്ടായിരുന്നത്. കലൂരിൽ നിന്നുമുള്ള തൊഴിലാളികൾ സംസാരിക്കുന്നതും പാടം നികത്തിയതുമൊക്കെ. ശബ്ദം നൽകിയിരിക്കുന്നത് ഞാൻ തന്നെ. എഡിറ്റ് ചെയ്തതും സ്വന്തമായിട്ടാണ്. ഇങ്ങനെ ചെയ്ത ഒരു വാർത്തയിൽ കോപ്പിറൈറ്റിൻറെ എന്ത് പ്രശ്നമാണുള്ളത്. ഒരാളുടെ ബൗദ്ധിക സ്വത്തിനെ സംരക്ഷിക്കാനായാണ് യൂട്യൂബ് പോലുള്ള മാധ്യമങ്ങള്‍ കോപ്പിറൈറ്റ് നിയമങ്ങള്‍ കർശ്ശനമായി പാലിക്കുന്നത്. സ്വാർത്ഥ താൽപര്യങ്ങൾക്കായി ഫ്ലവേഴ്സ് ചാനല്‍ അതിനെ ദുരുപയോഗം ചെയ്തിരിക്കുകയാണ്”, ഷഫീഖ് പറയുന്നു.

‘ഇത്രയും ജനങ്ങളെ ഒരുമിച്ച് കണ്ടം വഴി ഓടിച്ചതിന് ആ നായര്‍ക്ക് ഒരു ഗിന്നസ് റെക്കോര്‍ഡ് കൂടി കൊടുക്കണം ‘

ഇംഗ്ളീഷിൽ എഴുതിയാൽ രക്ഷയുണ്ട്!

തിരക്കഥാകൃത്തും മലയാളം സബ്ടൈറ്റിൽ രചയിതാവുമായ വിവേക് രഞ്ജിത്തിൻെറ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോകൾ നീക്കം ചെയ്തതിനൊപ്പം ഫ്ളവേഴ്സ് ജീവനക്കാരുടെ വക പൊങ്കാലയുമുണ്ട്. 4800 രൂപ ടിക്കറ്റിനായി ചിലവാക്കിയ രഞ്ജിത് ഷോയുടെ നടത്തിപ്പിലുണ്ടായ അപാകതകളെ കുറിച്ച് അന്ന് തന്നെ എഴുതിയിരുന്നു. പാർക്കിങ്ങ് ഇല്ലാത്തതിനെ കുറിച്ചും സംഘാടനം മോശമായതിനെ കുറിച്ചുമൊക്കെ ഇംഗ്ളീഷിലാണ് പോസ്റ്റ് ഇട്ടത്. ഈ പോസ്ററ് നീക്കം ചെയ്തിട്ടില്ല. പക്ഷേ ഇതിന് താഴെയുള്ള ഫോട്ടോകൾ പോയി. മഴയത്ത് ആളുകൾ കസേര തലയിൽ വെച്ചു നിൽക്കുന്ന ഫോട്ടോയ്ക്കും ഫ്ളവേഴ്സിന് കോപ്പിറൈറ്റ്!

ഇതോടൊപ്പം തന്നെ സൺ ടിവി സംഘടിപ്പിച്ച എ.ആർ റഹ്മാൻ ഷോയുടെ ഒരു വീഡിയോയും രഞ്ജിത് പോസ്റ്റ് ചെയ്തിരുന്നു. “കാണുവിൻ ഫ്ളവേഴ്സ് ടിവി” എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്ത ആ വീഡിയോയും കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് രഞ്ജിത് പറയുന്നു. “സൺ ടിവിയുടെ വീഡിയോയിലും ഇൻസൈറ്റ് മീഡിയാ സിറ്റി കോപ്പിറൈറ്റ് അവകാശപ്പെട്ടിരിക്കുന്നു. ഫസൽ എന്ന മെയില്‍ ഐഡി തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രാത്രി വീഡിയോ ബ്ളോക്ക് ചെയ്തതിന് ശേഷം ഫസൽ വന്ന് ആ പോസ്റ്റിന് താഴെ ‘ഇവിടൊന്നും കാണാനില്ലല്ലോ’ എന്ന് കമൻറിട്ടു. അതിനു താഴെയും ഫ്ളവേഴ്സ് ജീവനക്കാരുടെ ചറ പറാ കമൻറാണ്. എൻറെ പ്രൊഫൈലിൽ ഷെയർ ചെയ്ത പോസ്റ്റിൻറെ കാര്യമാണിത്.”

കിളി പോയി എന്ന സിനിമയുടെ തിരക്കഥാകൃത്തായ രഞ്ജിത്തിനെ സിനിമയുടെ പേരിൽ അപഹസിക്കാൻ എത്തുന്നത് ഫ്ളവേഴ്സിലെ ജീവനക്കാരാണ്. “അടുത്ത ദിവസം നടക്കുന്ന പരിപാടി എന്തായിരിക്കും എന്ന് ചോദിച്ച് മറ്റൊരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു. കിളി പോയി എടുത്തവനാണ് ഇങ്ങനെ പറയുന്നത് എന്നൊക്കെയാണ് കമൻറ്. ഒപ്പം സിനിമയ്ക്ക് വന്ന നെഗറ്റീവ് റിവ്യൂ എല്ലാം പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്ര ദിവസം അനങ്ങാതിരുന്ന് പുതിയ ഷോ അനൗണ്‍സ് ചെയ്തപ്പോൾ ഇറങ്ങിയിരിക്കുകയാണ്. അടുത്ത പരിപാടി നന്നായി നടത്താൻ നോക്ക്, എന്നെ വിടൂ എന്ന് പറഞ്ഞിട്ടും പരിഹാസം തുടരുകയാണ്. ഇവരുടെ പ്രൊഫൈൽ എടുത്ത് നോക്കിയാൽ ഫ്ളവേഴ്സ് ചാനലിലെ സ്റ്റാഫാണെന്ന് കാണാം”.

ആരോടൊപ്പമാണ് ഫേസ്ബുക്ക്

ഫേസ്ബുക്കിൻറെ നിയമപ്രകാരം ഒരു വ്യക്തിക്ക് സ്വന്തം ഇൻറലക്ച്വൽ പ്രോപ്പർട്ടി മറ്റൊരാൾ ഉപയോഗിച്ചാൽ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഉടമസ്ഥന് ക്രെഡിറ്റ് വെച്ചാലും സ്വന്തം ഉപകരണങ്ങള്‍ കൊണ്ട് റെക്കോർഡ് ചെയ്തതായാലും ഡിസ്ക്ളൈമർ വെച്ചാലും കോപ്പിറൈറ്റ് ലംഘനം റിപ്പോര്‍ട്ട് ചെയ്താൽ ഫേസ്ബുക്ക് അത് നീക്കം ചെയ്യും. എന്നാൽ ഒറിജിനൽ വർക്കുകളിലേ കോപ്പിറൈറ്റ് ബാധകമാകുകയുള്ളൂ. സ്വന്തമായി ചെയ്തതും സർഗാത്മകമായ സംഭാവന ഉള്ളതുമായ ഒരു എഴുത്തോ വീഡിയോയോ ഓഡിയോയോ ചിത്രമോ ആയിരിക്കണം. ഒരേ ആശയം മറ്റൊരു തരത്തിൽ പ്രകടിപ്പിച്ചാൽ പോലും ഇത് അവകാശപ്പെടാനാകില്ല.

കോപ്പിറൈറ്റ് റിപ്പോര്‍ട്ട് ചെയ്യുമ്പോൾ എന്ത് തരം ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും എവിടെയാണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും കൃത്യമായി അറിയിക്കേണ്ടതുമുണ്ട്.

ഇവിടെ ആണെങ്കിൽ സ്വന്തം ബുദ്ധിയും ചിന്തയും ഭാഷയും ഉപയോഗിച്ച് ചെയ്ത കാര്യങ്ങളിലാണ് ഫളവേഴ്സ് ടിവി കോപ്പിറൈറ്റ് അവകാശം ഉന്നയിക്കുന്നത്. ഫ്ളവേഴ്സ് ചാനല്‍ പ്രസിദ്ധീകരിച്ച വാചകങ്ങളോ ദൃശ്യങ്ങളോ നീക്കം ചെയ്യപ്പെട്ട പോസ്റ്റുകളിൽ ഉണ്ടായിരുന്നില്ലെന്ന് അവ ഇട്ടവർ തന്നെ പറയുന്നുമുണ്ട്.

എ.ആർ റഹ്മാൻ ഷോയെ വിമർശിക്കുന്ന സമയത്ത് അദ്ദേഹത്തിന്റേടതായ ഏതെങ്കിലും ഫോട്ടോയോ വീഡിയോയോ സ്വന്തമായി എടുത്തതല്ലാത്തവ ഉപയോഗിച്ചാൽ ഇത്തരം നീക്കം സാധ്യമാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ വിശദമാക്കുന്നു. അപ്പോഴും ഉടമസ്ഥനാണ് അവകാശം ഉന്നയിക്കാനാകുക.

കേരളത്തിൽ മറ്റ് ചാനലുകളെ അപേക്ഷിച്ച് ഫേസ്ബുക്കുമായി നേരിട്ട് തന്നെ ബന്ധമുള്ള ചാനലാണ് ഫ്ളവേഴ്സ്. ഈ ചാനലിൽ പ്രദർശിപ്പിക്കുന്ന ഉപ്പും മുളകും എന്ന പരമ്പര ഫേസ്ബുക്ക് റേറ്റിങ്ങിൽ രാജ്യത്ത് തന്നെ മുൻപന്തിയിൽ നിൽക്കുന്നതാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരും ഷെയറുകളും ഈ പരിപാടിക്ക് ഫേസ്ബുക്കിലുള്ളത്. ടെലിവിഷനിൽ കാണുന്നവരേക്കാൾ അധികമാണിത്. ഇത് ചാനലിനും ഫേസ്ബുക്കിനും വലിയ വരുമാനം എത്തിക്കുന്ന സംഗതിയാണ്. ഈ സ്വാധീനം പലയിടങ്ങളായി വരുന്ന വിമർശനങ്ങളെ നീക്കം ചെയ്യിക്കാനായി ചാനലിനെ സഹായിക്കും. മാത്രമല്ല ചാനലിന്റെ ലോഗോ പോലുള്ള ചെറിയ സംഗതികളെങ്കിലും അനധികൃതമായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി അവർക്ക് അവകാശം ഉന്നയിക്കാൻ സാധിക്കുന്നതാണ്. ഇത്തരം സാധ്യതകള്‍ ഉപയോഗിച്ചാണ് ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങളെ പൊതുവിടത്തിൽ നിന്ന് ഇല്ലാതാക്കുന്നത്.

ഭീമൻമാരായ കമ്പനികളുടെ ഇംഗിതത്തിന് വഴങ്ങി അഭിപ്രായ സ്വാതന്ത്യം തീരുമാനിക്കപ്പെടുന്നത് ഫേസ്ബുക്ക് പ്ളാറ്റ്ഫോമിൻറെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇതിന് മുമ്പ് ആമി സിനിമയെ കുറിച്ചെഴുതിയ നെഗറ്റീവ് റിവ്യു അണിയറ പ്രവർത്തകർ കോപ്പിറൈറ്റ് ലംഘനം ഉന്നയിച്ച് വ്യാപകമായി നീക്കം ചെയ്യിച്ചിരുന്നു. കർണ്ണാടക നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം തെക്കേ ഇന്ത്യ ബി.ജെ.പി വിമുക്തമാണെന്ന് പറയുന്ന ഒരു ചിത്രീകരണവും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സ് ലംഘിക്കുന്നതായി കാണിച്ച് ഫേസ്ബുക്കിൽ നിന്ന് എടുത്ത് കളയിച്ചു.

ഏതെങ്കിലും തരത്തിൽ സ്വന്തം ഭാഗം പറയാനോ തെളിയിക്കാനോ ഉള്ള സാവകാശം തരാതെയാണ് ഫേസ്ബുക്ക് ഇവയെല്ലാം നീക്കം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അപ്രമാദിത്തമില്ലാത്ത മറ്റ് പ്ളാറ്റ്ഫോമുകളിലേക്ക് ഉപയോക്താക്കൾ മാറണമെന്നാണ് ബ്ളോഗറായ മനോജ് രവീന്ദ്രൻറെ നിലപാട്. ഷാജി ടി.യുവിൻറെ നീക്കം ചെയ്യപ്പെട്ട പോസ്റ്റ് ഫ്ളവേഴ്സിനോടുള്ള വിമര്‍ശനങ്ങളോടൊപ്പം ‘നിരക്ഷരൻ’ എന്ന സ്വന്തം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ് മനോജ്.

പോസ്റ്റിൻറെ പരിഭാഷയും സാഹചര്യവും വെച്ച് ഫേസ്ബുക്ക് അധികൃതർക്ക് പരാതി അയച്ച് കാത്തിരിക്കാനേ നമുക്ക് സാധിക്കൂ. വായിച്ച് മനസ്സിലാക്കി കോപ്പിറൈറ്റ് ലംഘനം ഉണ്ടോ എന്ന് പരിശോധിക്കാവുന്ന സംവിധാനം ഉണ്ടാക്കാനും അവരോട് ആവശ്യപ്പെടാം. എന്തായാലും ഞാൻ ചെയ്യുന്നത് ഫേസ്ബുക്കിൽ എഴുതാതെ എൻറെ വെബ്സൈറ്റിലിടലാണ്. അത് ആർക്കാണ് ഡിലീറ്റ് ചെയ്യിപ്പിക്കാനാകുക. ഇവരിങ്ങനെ നീക്കം ചെയ്യിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ അതേ സാധനം സൈറ്റിലെഴുതിയത് പലയിടത്തായി ലിങ്കുകൾ ഷെയർ ചെയ്ത് വായിക്കപ്പെടുന്നുണ്ട് . തെറ്റായ ആരോപണങ്ങളുടെ പേരിൽ സ്വന്തം വർക്കുകൾ ഇങ്ങനെ നീക്കം ചെയ്യുന്ന നടപടി ആണെങ്കിൽ ആളുകൾ ഈ പ്ളാറ്റ്ഫോം ഉപേക്ഷിച്ച് പോവാന്‍ തുടങ്ങും’‘ മനോജ് അഭിപ്രായപ്പെടുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഫ്ലവേഴ്സ് ചാനല്‍ അധികൃതരുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ലഭ്യമായിട്ടില്ല. അവ ലഭിക്കുന്ന മുറയ്ക്ക് ചേര്‍ക്കുന്നതാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 27, 2018 4:24 pm