X

ലാദനും ഹാഫിസ് സയിദിനുമൊപ്പം തന്‌റെ ഫോട്ടോ വച്ച ബി.ജെ.പിക്കെതിരെ കേജ്രിവാള്‍

അഴിമുഖം പ്രതിനിധി

ഗുജറാത്തില്‍ ഒസാമ ബിന്‍ ലാദന്‍, ഹാഫിസ് സയിദ്, ബുര്‍ഹാന്‍ വാനി എന്നിവര്‍ക്കൊപ്പം തന്‌റ ഫോട്ടോ വച്ച് പോസ്റ്ററുകള്‍ ഇറക്കിയ നടപടിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കേജ്രിവാള്‍ ഗുജറാത്തിലെത്തുന്ന സാഹചര്യത്തിലാണ് ഇത്തരം പോസ്റ്ററുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പാകിസ്ഥാന്‌റെ ഹീറോസ് എന്ന് പറഞ്ഞാണ് പോസ്റ്റര്‍ ഇറക്കിയത്.

പാക് അധീന കാശ്മീരില്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണം യഥാര്‍ത്ഥമാണെന്ന് തെളിയിക്കാനും പാകിസ്ഥാന്‌റെ വായ് അടപ്പിക്കാനും ആക്രമണത്തിന്‌റം വീഡിയോകള്‍ പുറത്തുവിടണമെന്ന് കേജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി ബി.ജെ.പിയും സംഘപരിവാറും രംഗത്തെത്തുകയും ചെയ്തു. വടക്കന്‍ ഗുജറാത്തിലെ ഊഞ്ച അടക്കമുള്ള പ്രദേശങ്ങളില്‍ കേജ്രിവാളിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂറത്തിലും സമാനമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ പോസ്റ്ററുകളും ബാനറുകളും വച്ചത് ബി.ജെ.പി പ്രവര്‍ത്തകരല്ലെന്നും രാജ്യസ്‌നേഹികളായ മറ്റ് ചിലരാണെന്നും പാര്‍ട്ടി വക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു. ഗുജറാത്ത് ഒരു അതിര്‍ത്തി സംസ്ഥാനമാണ്. കേജ്രിവാളിന്‌റെ പ്രസ്താവന ജനങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്‌റെ ആക്രമണത്തെ ചോദ്യം ചെയ്താല്‍ ഗുജറാത്തിലെ ജനങ്ങള്‍ അത് സഹിക്കില്ല – ഭരത് പാണ്ഡെ പറഞ്ഞു.

അതേസമയം തന്‌റെ റാലികളല്ല നടക്കുന്നതെന്നും ഗുജറാത്തിലെ ജനങ്ങളുടെ പരിപാടിക്കായാണ് താന്‍ വന്നിരിക്കുന്നതെന്നും കേജ്രിവാള്‍ പറഞ്ഞു. തന്‌റെ പരിപാടികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അവരുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തുന്നത് – ഇന്നലെ രാത്രി സൂറത്ത് വിമാനത്താവളത്തില്‍ കേജ്രിവാള്‍ പറഞ്ഞു.

ഹാര്‍ദിക് പട്ടേലിന്‌റെ നേതൃത്വത്തില്‍ സംവരണ പ്രക്ഷോഭം ശക്തമായതതിന് ശേഷമുള്ള സാഹചര്യത്തില്‍ പരമ്പരാഗത വോട്ട് ബാങ്കായ പട്ടേല്‍ (പാട്ടീദാര്‍) സമുദായം ബി.ജെ.പിയില്‍ നിന്ന് അകന്നിരുന്നു. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെയാണ് പട്ടേല്‍ സമുദായം പിന്തുണക്കുകയെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ കേജ്രിവാളിന് പരിപാടികളുള്ള ഊഞ്ചയും സൂറത്തും പട്ടേല്‍ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മേഖലകളാണ്. ഹാര്‍ദിക് പട്ടേലിന്‌റെ പിന്തുണ തങ്ങള്‍ക്കുള്ളതായാണ് എ.എ.പി നേതാക്കളുടെ അവകാശവാദം. സംവരണ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ കേസുകളുടെ ഭാഗമായി ഹാര്‍ദികിന് സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ട്. ജൂലായിലാണ് ഉപാധികളോടെ ജാമ്യം നേടിയ ഹാര്‍ദിക് ജയില്‍ മോചിതനായത്. അതേസമയം ഹാര്‍ദികിന്‌റെ അനുയായികള്‍ കേജ്രിവാളിനെ പരിപാടികളില്‍ അനുഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.    

This post was last modified on December 27, 2016 2:23 pm