X

കല്‍ബുര്‍ഗിയെ വധിച്ചത് പ്രൊഫഷണല്‍ കൊലയാളികളെന്ന് പൊലീസ്

അഴിമുഖം പ്രതിനിധി

നരേന്ദ്ര ദബോല്‍ക്കറുടേയും ഗോവിന്ദ് പന്‍സാരയുടേയും കൊലപാതകവുമായി എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് കര്‍ണാടക പൊലീസ് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം മഹാരാഷ്ട്ര സന്ദര്‍ശിക്കും. യുക്തിവാദിയും ഇടതു ചിന്തകനുമായ കല്‍ബുര്‍ഗി വലതുപക്ഷ ഹിന്ദു സംഘടനകളില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടായിരുന്നു. ഞായറാഴ്ച നടന്ന അദ്ദേഹത്തിന്റെ കൊലപാതകം അന്വേഷിക്കാന്‍ നാല് പൊലീസ് സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ധാര്‍വാഡിലെ അദ്ദേഹത്തിന്റെ വീട്ടില്‍ കയറി വെടിവച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തില്‍ കൈത്തഴക്കം വന്നരാണ് കൊലപാതകികള്‍ എന്ന് പൊലീസ് കരുതുന്നു. പ്രൊഫഷണലായിട്ടാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഈ പ്രദേശത്ത് പ്രൊഫഷണല്‍ കൊലപാതകികള്‍ വളരെ അപൂര്‍വമാണെന്ന് പൊലീസ് പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന നരേന്ദ്ര ദബോല്‍ക്കര്‍ പൂനെയില്‍ 2013 ഓഗസ്തില്‍ പ്രഭാത സവാരിക്കിടെ വെടിയേറ്റ് മരിച്ചത്. ടോള്‍ പിരിവിനും മറ്റും എതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന മഹാരാഷ്ട്രയിലെ സിപിഐ നേതാവ് ഗോവിന്ദ പന്‍സാരെ ഈ വര്‍ഷം ഫെബ്രുവരിയിലാണ്‌ കോലാപൂരില്‍ വച്ച് സമാനമായ സാഹചര്യങ്ങളില്‍ വെടിയേറ്റ് മരിച്ചത്. കേസുകളിലെ ഈ സമാന സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് കോലപ്പൂരിലും പൂനെയിലും സന്ദര്‍ശനം നടത്തും.

This post was last modified on December 27, 2016 3:21 pm