X

ഐ എസ് ആര്‍ ഒ ചാരക്കേസും കരുണാകരന്റെ രാജിയുമായി ബന്ധമില്ല: മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

സരിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. സര്‍ക്കാരിന് ഒരു ഭീഷണിയും ഇല്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നതില്‍ വൈകാതെ തീരുമാനമെടുക്കും. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന യുഡിഎഫിന്റെ പരാതിയിലാണ് തീരുമാനമെടുക്കുക.

ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സരിതയെ ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചു. സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ല. സോളാര്‍ കമ്പനിക്ക് ലാഭമൊന്നുമുണ്ടായില്ല. ബെന്നി ബഹനാന്റെ ഓഡിയോയ്ക്ക് പിന്നിലെ സത്യം പുറത്തു കൊണ്ടുവരും. സരിത പറഞ്ഞതില്‍ ശകലമെങ്കിലും സത്യമുണ്ടെങ്കില്‍ പൊതുരംഗത്ത് നില്‍ക്കാന്‍ യോഗ്യതയില്ല. സര്‍ക്കാരിന്റെ ജനപിന്തുണയില്‍ സിപിഐഎമ്മിന് പേടിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സരിതയുടെ ശുപാര്‍ശ പ്രകാരം ബാബുരാജിന്റെ ഭൂമി പോക്കുവരവ് ചെയ്തു കൊടുത്തത് അവകാശപ്പെട്ട സേവനമാണ്. ഏതൊരു പൗരനും അവകാശപ്പെട്ടതാണിത്. ഒരു കഷ്ണം പേപ്പറെങ്കിലും ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇതാണോ കൊണ്ടു വരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ ആരോപണത്തില്‍ മാധ്യമങ്ങള്‍ തെളിവുകള്‍ പുറത്തു വിട്ടിരുന്നു.

ഐ എസ് ആര്‍ ഒ കേസുമായി സോളാര്‍ കേസിനെ താരതമ്യപ്പെടുത്താനാകില്ല. ഐ എസ് ആര്‍ ഒ കേസും കരുണാകരന്റെ രാജിയും തമ്മില്‍ ബന്ധമില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. കരുണാകരന്റെ രാജിയില്‍ പങ്കില്ല. കരുണാകരനെതിരെ താന്‍ ഒരക്ഷരവും പറഞ്ഞിട്ടില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെളിവ് നശിപ്പിച്ചുവെങ്കില്‍ ഐജി ജോസിന് എതിരെ നടപടിയെടുക്കും. സരിത തട്ടിപ്പുകാരിയാണെന്നും അവരാണ് ഇതൊക്കെ പറയുന്നത് എന്നോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ക്ക് നയപ്രസംഗം നടത്താതിരിക്കാന്‍ ആകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ ഇന്ന് രാവിലെ ഗവര്‍ണറെ കണ്ടിരുന്നു.

This post was last modified on December 27, 2016 3:39 pm