X

ഉമ്മന്‍ ചാണ്ടിയെ അടിച്ചിറക്കി സെക്രട്ടേറിയേറ്റില്‍ ചാണകവെള്ളം തളിക്കണം; വി എസ്

അഴിമുഖം പ്രതിനിധി

സോളാര്‍ കമ്മീഷനു മുമ്പാകെ ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കേരളത്തിലെ ജനങ്ങളാകെ തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നു പ്രതിപക്ഷ നേതാവ് അച്യുതാന്ദന്‍. മുഖ്യമന്ത്രി ഈ നാടിന് അപമാനമാണ്. എറണാകുളം ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണനുമായി കുടുംബകാര്യമാണ് ചര്‍ച്ച ചെയ്തത് എന്നാണ് നിയമസഭയില്‍ എനിക്കു മുഖ്യമന്ത്രി മറുപടി നല്‍കിയത്. അതിന്റെ വിശദാംശം വെളിപ്പെടുത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ കുടുംബകാര്യം ഒരു കാരണവശാലും പുറത്തുപറയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ ആണയിട്ടു പറഞ്ഞത്. ഇപ്പോഴാണ് കുടുംബകാര്യത്തിന്റെ യഥാര്‍ത്ഥ ഗുട്ടന്‍സ് ജനങ്ങള്‍ക്ക് മനസ്സിലായത്. സോളാര്‍ കേസില്‍ തന്നെ ബന്ധപ്പെട്ടവരുടെ എല്ലാവരുടെയും പേരുകള്‍ പുറത്തു പറഞ്ഞാല്‍ കേരളം അതു താങ്ങുകയില്ലെന്ന് നേരത്തെ സരിത പറഞ്ഞതിന്റെ പൊരുളും ഇതാണ്.; വി എസ് കുറ്റപ്പെടുത്തി.

കൂട്ടുപ്രതിയായ ബിജു രാധാകൃഷ്ണന്‍ കമ്മീഷനു മുമ്പാകെ വെളിപ്പെടുത്തിയത്, മുഖ്യമന്ത്രിയൊഴികെയുള്ള രണ്ടു മന്ത്രിമാരും സരിതയുമായി നടത്തിയ ലൈംഗികവേഴ്ചയുടെ ദൃശ്യങ്ങളാണ് മുഖ്യമന്ത്രിയെ കാണിച്ചതെന്നാണ്. ഷിബു ബേബി ജോണ്‍, എപി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംഎല്‍എ, പിന്നെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലര്‍ എന്നിവര്‍ സരിതയുമായി ബന്ധപ്പെട്ടെന്നാണ് പുറത്തുവന്നിട്ടുള്ളത്. ബിജു രാധാകൃഷ്ണന്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു. ആ സിഡിയില്‍ മുഖ്യമന്ത്രിയും സരിതയും ചേര്‍ന്നുള്ള ദൃശ്യങ്ങളും ഉണ്ടെന്ന്. ഇതില്‍പ്പരം നാണക്കേട് കേരളത്തിന് സംഭവന ചെയ്യാന്‍ ഒരു മുഖ്യമന്ത്രിക്കും കഴിഞ്ഞിട്ടില്ല. ഒരിക്കലും കഴിയുകയുമില്ല. ദയവുചെയ്ത് കേരളത്തിലെ അമ്മപെങ്ങന്മാരെ ഓര്‍ത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം ഒഴിഞ്ഞുപോകണം. ഉമ്മന്‍ചാണ്ടിയെ അടിച്ചിറക്കി സെക്രട്ടേറിയറ്റ് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കണമെന്നും വി എസ് പറഞ്ഞു. 

സോളാര്‍ ഇടപാടില്‍ അഞ്ചരക്കോടി രൂപ മുഖ്യമന്ത്രിക്കും, യുവതുര്‍ക്കി വിഷ്ണുനാഥിനും ഹൈബി ഈഡനും ആര്യാടന്‍ മുഹമ്മദിനും ഒക്കെ തരാതരം പോലെ ലക്ഷങ്ങളും നല്‍കിയതായും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും അത്യന്തം ഗുരുതരമായ കാര്യമാണ്. ബിജു രാധാകൃഷ്ണന്‍ ഒരു ജയില്‍പ്പുള്ളിയാണ്. അയാളില്‍ നിന്നും ഈ സിഡി കൈക്കലാക്കാന്‍ ഉമ്മന്‍ചാണ്ടി എല്ലാവിധ ഹീനകൃത്യങ്ങളും നടത്തും. അതുകൊണ്ട് ഈ സിഡി അടിയന്തിരമായി പിടിച്ചെടുക്കാന്‍ സോളാര്‍ കമ്മീഷന്‍ തയ്യാറാകണം.

 

This post was last modified on December 27, 2016 3:25 pm