X

ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി കോടതി തള്ളി; ‘നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതി’യെന്ന് വി എസ് ട്വിറ്ററില്‍

അഴിമുഖം പ്രതിനിധി 

തനിക്കെതിരെ വ്യാജ  ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍  നിന്ന് വിഎസിനെ വിലക്കണമെന്ന  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി തള്ളി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസ് നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിവെടുക്കുന്ന സമയത്ത് പരിശോധിക്കാമെന്നും വിഎസിനെ വിലക്കണം എന്ന ആവശ്യം മുഖ്യഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നും കോടതി സൂചിപ്പിച്ചു.

ഇന്നലെ നടന്ന വാദത്തിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെയും അഭിഭാഷകര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം കോടതി ഇടപെട്ടു പരിഹരിച്ചിരുന്നു. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും എതിരെ 136 അഴിമതിക്കേസുകള്‍ നിലവിലുണ്ട് എന്ന് വിഎസ് ആരോപിച്ചിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള 31 കേസുകളുടെ വിവരങ്ങളും വിഎസ് ഹാജരാക്കിയിരുന്നു.

‘ഉമ്മന്‍ ചാണ്ടി എനിക്കെതിരെ നല്കിയ കേസ് ജില്ലാ കോടതി തള്ളി; നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതി’ കോടതിവിധിയോട് പ്രതികരിച്ചുകൊണ്ട് വി എസ് ട്വിറ്ററില്‍ കുറിച്ചു.

 

This post was last modified on December 27, 2016 4:08 pm